
ബംഗലുരു: പാര്‍ട്ടി തനിക്ക് അമ്മയെപോലെയാണെന്നും ഒരിക്കലും പിന്നില്‍ നിന്നും കുത്തില്ലെന്നും കര്‍ണാടകാ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍. തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ ശേഷം മുഖ്യമന്ത്രി ആരാകണമെന്ന് സിദ്ധരാമയ്യയുമായി വലിയ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരിക്കെയാണ് ശിവകുമാറിന്റെ ഈ രീതിയിലുള്ള പ്രതികരണം. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ചര്‍ച്ച ചെയ്യാന്‍ സോണിയാഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്കായി ഡല്‍ഹിയിലേക്ക് പോയിരിക്കുകയാണ് ശിവകുമാര്‍.
പാര്‍ട്ടിയുടെ തീരുമാനം എന്തു തന്നെയായാലും അതിന്റെ പേരില്‍ ബ്ളാക്ക്മെയില്‍ ചെയ്യാനോ പിന്നില്‍ നിന്നും കുത്താനോ ഒരുക്കമല്ലെന്ന് പറഞ്ഞു. 135 അംഗങ്ങളുള്ള ഒരുമയുള്ള വീടാണ് തനിക്ക് കോണ്‍ഗ്രസെന്നും പാര്‍ട്ടിയെ അമ്മയെപ്പോലെയാണ് കാണുന്നതെന്നും എന്‍ഐഎ യ്ക്ക് നല്കിയ അഭിമുഖത്തില്‍ ഡി.കെ. പറഞ്ഞു. പാര്ട്ടിയില്ലെങ്കില് നേതാക്കള്‍ വട്ടപ്പൂജ്യമാണെന്നും താന്‍ യോഗ്യനാണെന്ന് തോന്നുന്നെങ്കില്‍ പാര്‍ട്ടി അധിക ചുമതല നല്കട്ടെയെന്നും പറഞ്ഞു.
ഇന്നലെ ഡല്‍ഹിയിലേക്ക് പോകാതിരുന്നത് ആരോഗ്യപ്രശ്നത്തെ തുടര്‍ന്നാണ്. പാര്‍ട്ടിയില്‍ ആരേയും ഭിന്നിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല. ആരൊക്കെ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഒന്നിലും ആശങ്കയില്ലെന്നും പറഞ്ഞു. ഒന്നിലും ഇപ്പോള്‍ ആശങ്കയില്ലെന്നും ബി.പി. ഇപ്പോള്‍ നോര്‍മ്മലാണെന്നും ശിവകുമാര്‍ പറഞ്ഞു. ഹൈക്കമാന്റുമായുള്ള ശിവകുമാറിന്റെ ചര്‍ച്ച ഉച്ചയ്ക്ക് ശേഷമായിരിക്കും നടക്കുക.
കര്‍ണാടകയിലെ 224 അംഗ നിയമസഭയില്‍ 135 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയത്. തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിദ്ധരാമയ്യയെയാണ് കോണ്‍ഗ്രസ് പരിഗണിക്കുന്നത്. പ്രായവും പ്രവര്‍ത്തി പരിചയവുമെല്ലാം മുന്നില്‍ക്കണ്ടാണ് തീരുമാനം. എന്നാല്‍ പാര്‍ട്ടിയുടെ വിജയത്തില്‍ ശിവകുമാറിന്റെ പ്രവര്‍ത്തനവും കണക്കാക്കി വേണം തീരുമാനം എടുക്കാന്‍ എന്നതാണ് ഡല്‍ഹിയില്‍ ഹൈക്കമാന്റിന് മുന്നിലുള്ള വെല്ലുവിളി. പാര്‍ട്ടിയിലെ 80 ലധികം എംഎല്‍എമാരുടെ പിന്തുണ സിദ്ധരാമയ്യയ്ക്കാണ്.






