
ബിജ്നോര്‍: ഉത്തര്‍പ്രദേശിലെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ വിജയിച്ച സ്ഥാനാര്‍ത്ഥികളില്‍ മരണപ്പെട്ട സ്ത്രീയും. അംറോഹയിലെ ഹസന്‍പൂരില്‍ നാട്ടുകാരുടെ പ്രിയപ്പെട്ട അയിഷാ ബി എന്ന 25 കാരിയെയാണ് മരണപ്പെട്ടിട്ടും പ്രദേശവാസികള്‍ തെരഞ്ഞെടുത്തത്. ഇവിടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന അഷിയാ ബീ വോട്ടെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പാണ് മരണമടഞ്ഞത്.
ശ്വാസകോശത്തിലും വയറ്റിലും ഉണ്ടായ അണുബാധയെ തുടര്‍ന്ന് ഏപ്രില്‍ 20 ന് ആരോഗ്യം പെട്ടെന്ന് മോശമായി ഇവര്‍ ആശുപത്രിയില്‍ വെച്ച് മരണമടയുകയായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ ആഷിയ ജയിക്കുകയും ചെയ്തു. സൗഹൃദങ്ങള്‍ പെട്ടെന്ന് നേടിയെടുക്കാന്‍ ആഷിയയ്ക്ക് ഒരു പ്രത്യേക കഴിവുണ്ടെന്നും അവരെ പിന്തുണയ്ക്കാമെന്ന് ആരെങ്കിലും വാക്കുകൊടുത്താല്‍ അവര്‍ അത് പാലിക്കുമെന്നും പ്രദേശവാസികള്‍ പറയുന്നു.
ഹസന്പൂര് നഗര്പാലികയില് 30 വാര്‍ഡുകളിലേക്കായിരുന്നു മത്സരം. ഹസന്പൂര് മുനിസിപ്പാലിറ്റിയിലെ 17 ാം വാര്‍ഡില്‍ സ്വതന്ത്രയായിട്ടായിരുന്നു ആഷിയ മത്സരിച്ചത്. ഏപ്രില്‍ 16 ന് നടന്ന തെരഞ്ഞെടുപ്പില്‍ ഇവര്‍ 2000 വോട്ടുകളാണ് നേടിയത്. നഗരത്തില്‍ പാല്‍ക്കച്ചവടം നടത്തുന്ന മുണ്ടാജീബ് അഹമ്മദ് കഴിഞ്ഞ വര്‍ഷമായിരുന്നു ആഷിയയെ വിവാഹം കഴിച്ചത്.
രാഷ്ട്രീയ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച് മുന്‍പരിചയം തീരെയില്ലാത്ത ആഷിയ ശാന്തവും മര്യാദയും നിറഞ്ഞ പെരുമാറ്റത്തിലൂടെയാണ് ആള്‍ക്കാരുടെ സ്നേഹം പിടിച്ചുപറ്റിയത്. 17 ാം വാര്‍ഡ് വനിതാ സംവരണ വാര്‍ഡായിരുന്നു. ഹസന്‍പൂരിലെ ജനങ്ങള്‍ക്ക് സന്തോഷം കൊണ്ടുവരണമെന്നതായിരുന്നു അയിഷാ ബി എന്ന 25 കാരിയുടെ ആഗ്രഹം. എന്നാല്‍ പെട്ടെന്ന് കയറി വന്ന മരണം രാഷ്ട്രീയത്തിലൂടെ ജനസേവനം നടത്താനുള്ള ഇവരുടെ മോഹം പൂര്‍ത്തീകരിക്കപ്പെട്ടില്ല.
ജനങ്ങളോടുള്ള അവരുടെ സമീപനം എക്കാലവും ഓര്‍മ്മപ്പെടാന്‍ വേണ്ടിയാണ് തങ്ങളെല്ലാം അവര്‍ക്ക് വോട്ടു ചെയ്തതെന്നും അത് അവര്‍ക്കുള്ള ആദരവ് കൂടിയാണെന്നും വോട്ടര്‍മാര്‍ പറയുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെയായിരുന്നു ആഷിയ മരണത്തിന് കീഴടങ്ങിയത്. മെയ് 4 നായിരുന്നു ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്. ഇവിടെ വീണ്ടും തെരഞ്ഞെടുപ്പ് നടക്കും.






