
റോം: മിലാന് നഗരത്തിലെ ചിരവൈരികള്‍ തമ്മില്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ എ.സി.മിലാനെ തോല്‍പ്പിച്ച് ഇന്റര്‍നാഷണല്‍ യുവേഫാ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ കടന്നു. ഇരുവരും തമ്മില്‍ നടന്ന രണ്ടാം പാദ സെമിയില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഇന്റര്‍മിലാന്റെ വിജയം. ഈ ടീമുകള്‍ തമ്മില്‍ നടന്ന ആദ്യപാദ സെമിയില്‍ 2-0 ന് ഇന്റര്‍ എ.സി.യെ തോല്‍പ്പിച്ചിരുന്നു.
അര്‍ജന്റീനയുടെ ലോകകപ്പ് ഹീറോ ലാ മാര്ട്ടീനസായിരുന്നു കളിയിലെ സ്കോറര്‍. 74 ാം മിനിറ്റില്‍ ലൂക്കാക്കു നല്കിയ പന്ത് നായകന് കൂടിയായിരുന്ന മാര്‍ട്ടീനസ് വലയിലാക്കി. 2010 ല്‍ കിരീടം നേടിയ ശേഷം ആദ്യമായിട്ടാണ് ഇന്റര്മിലാന് ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ കടക്കുന്നത്. ഇന്ന് നടക്കുന്ന മാഞ്ചസ്റ്റര്‍സിറ്റി - റയല്‍ മാഡ്രിഡ് മത്സരത്തിലെ ജേതാക്കളെ ഫൈനലില്‍ നേരിടും. ജൂണ്‍ 10 ന് ഇസ്താംബൂളിലാണ് ഫൈനല്‍ പോരാട്ടം നടക്കുക.
അതേസമയം ഈ സീസണില്‍ തങ്ങളുടെ അയല്‍ക്കാര്‍ക്കെതിരേ ഇന്റര്‍ നേടുന്ന നാലാം വിജയമായിരുന്നു ഇത്. നേരത്തേ ഇറ്റാലിയന്‍ സീരി എ യില്‍ നടന്ന രണ്ടു പാദ ലീഗ് മത്സരങ്ങളിലും ഇന്റര്‍ എ.സി. മിലാനെ പരാജയപ്പെടുത്തിയിരുന്നു. ആദ്യപാദത്തില്‍ ഇല്ലായിരുന്ന ഡയസിനെയും ലിയാവോയെയും ഇത്തവണ എ.സി. മിലാന് പരിശീലകന് ആദ്യ ഇലവണില്‍ തന്നെ ഉള്‍പ്പെടുത്തിയിരുന്നു. ചാംപ്യന്‍സ് ലീഗില്‍ 20 വര്‍ഷത്തിനിടയില്‍ നടക്കുന്ന ആദ്യ മിലാന് ഡര്‍ബി ആയിരുന്നു ഇത്.






