
മലപ്പുറത്ത് തെരുവുനായയെ ബൈക്കില്‍ കെട്ടി വലിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. പൂക്കോട്ടുമണ്ണ സ്വദേശി അബ്ദുല്‍ കരീം ആണ് അറസ്റ്റിലായത്. സാമൂഹിക മാധ്യമങ്ങളില്‍ നായയെ കെട്ടി വലിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെയാണ് എടക്കര പൊലീസ് നടപടിയെടുത്തത്. തിങ്കളാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇയാള്‍ അതിക്രൂരമായി നായയെ റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. പുലിമുണ്ട സ്വദേശി അനൂപാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. നായയെ കെട്ടിവലിച്ചയാളോട് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ വാഹനം നിര്‍ത്താതെ വേഗത്തില്‍ ഓടിച്ചുപോവുകയായിരുന്നു.






