
ലഖ്നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ ജാതി പ്രീണന നടപടിയുമായി അഖിലേഷ് യാദവ് സര്‍ക്കാര്‍. ഒബിസി വിഭാഗത്തില്‍പെട്ട 17 പിന്നാക്ക വിഭാഗങ്ങളെ പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.
ഈ മാസം എട്ടിന് പതിനഞ്ച് ജാതി വിഭാഗങ്ങളെ കൂടി കേന്ദ്ര ഒബിസി പട്ടികയില്‍ പുതുതായി ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കിയിരുന്നു. മറ്റു സംസ്ഥാനങ്ങളിലടക്കം 28 വിഭാഗങ്ങളാണ് പുതുതായി ഒബിസി പട്ടികയില്‍ കയറിപ്പറ്റിയത്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടു തന്നെയായിരുന്നു കേന്ദ്രത്തിന്റെ നീക്കവും. ജാതി സമവാക്യങ്ങള്‍ക്ക് എന്നും മുന്‍തൂക്കമുള്ള യു.പിയില്‍ ഇത്തരം പ്രീണനങ്ങള്‍ പതിവാണ്.
പിന്നാക്ക വിഭാഗങ്ങള്‍ക്കെതിരെ അക്രമം പതിവായപ്പോള്‍ ഒബിസികള്ക്കെതിരായ അക്രമം തടയുന്ന നിയമം കൊണ്ടുവരണമെന്ന് യു.പി.പിന്നാക്ക കമ്മീഷന് സര്‍ക്കാരിന് ശിപാര്‍ശ നല്‍കിയിരുന്നു.






