
കൊച്ചി: തമിഴ്നാട്ടിലെ ജെല്ലിക്കെട്ടിനു സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് അനുമതി നല്‍കിയോടെ കേരളത്തിലെ കാളപ്പൂട്ടിനും കാളയോട്ടത്തിനും ഇനി വിലക്കില്ല. ഇവ നിയമപരമായി തടയാനും കഴിയില്ല.
മഹാരാഷ്ട്രയിലെയും കര്‍ണാടകയിലേയും കാളയോട്ട മത്സരങ്ങള്‍ക്കു അനുമതി നല്‍കുന്നതിനെതിരായ ഹര്‍ജികള്‍ ഉള്‍പ്പെടെ എല്ലാ ഹര്‍ജികളും ഒന്നിച്ചു ഭരണഘടനാ ബെഞ്ച് തള്ളിയതോടെയാണിത്. രാജ്യത്തെ സമാന കേസുകളെല്ലാം സുപ്രീം കോടതി വിളിപ്പിച്ചിരുന്നു. കേരളത്തിലെ വിവിധ കോടതികളില്‍ കാളയോട്ടത്തിനെതിരായ ഹര്‍ജികളും ഇതിലുള്‍പ്പെടും.
തമിഴ്നാട്ടിലെ ജെല്ലിക്കെട്ടും കേരളത്തിലെ കാളപ്പൂട്ടും (മരമടി) സമാന സ്വഭാവമുള്ളതല്ലെന്നും അതിനാല്‍, നിരോധനം ആവശ്യമില്ലെന്നും കേരളസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
കേരളത്തിന്റെ കാര്‍ഷിക സംസ്കൃതിയുടെ ഭാഗമാണെന്നും കാള വന്യമൃഗമല്ലെന്നും ജെല്ലിക്കെട്ടുമായി കാളയോട്ടത്തിനു ബന്ധമില്ലെന്നും മൃഗസംരക്ഷണ ബോര്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍,കേരളത്തിലെ കാളയോട്ടം ജെല്ലിക്കെട്ട് തന്നെയാണെന്നും മരമടി മൃഗപീഡനമാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. തുടര്‍ന്നാണു സുപ്രീം കോടതി വനംവകുപ്പിനോടു വിശദമായ റിപ്പോര്‍ട്ടു തേടിയത്.
കേരളത്തില്‍ നെല്‍കൃഷിയുമായി ബന്ധപ്പെട്ട സാംസ്കാരികോത്സവമാണെന്നു കേരളം ചൂണ്ടിക്കാട്ടി. പോത്തോട്ടം, കാളപ്പൂട്ട് എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. കാളകള്‍ വന്യമൃഗമല്ല, വളര്‍ത്തുമൃഗമാണ്. അതില്‍ മൃഗപീഡനമില്ല. വിവിധ പ്രദേശങ്ങളില്‍നിന്നെത്തുന്ന കാളകള്‍ ഇതില്‍ പങ്കെടുക്കുന്നു. വിളവിറക്കുന്ന പാടങ്ങളാണു വേദി. അതിവിദഗ്ദ്ധരായ കാളക്കാരാണു കാളകളെ നിയന്ത്രിക്കുന്നത്. അതിനാല്‍, അപകടമില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍, മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമം 1960 നിയമം കേന്ദ്ര നിയമമായതിനാല്‍ ഭേദഗതി വരുത്താന്‍ സംസ്ഥാനങ്ങള്‍ക്കു കഴിയില്ലെന്നും ജെല്ലിക്കെട്ടില്‍ പരുക്കോ മരണമോ ഉണ്ടായാല്‍ ആരും ഉത്തരവദിയല്ലെന്ന ഭേദഗതി ഭരണഘടനാവിരുദ്ധമാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.
കേരളത്തില്‍ എറണാകുളം കാക്കൂര്‍, പത്തനംതിട്ടയിലെ ആനന്ദപ്പള്ളി, പാലക്കാടിലെ കോട്ടായി, ചിതലി എന്നിവിടങ്ങളിലാണു പ്രധാനമായും കാളയോട്ടം നടക്കുന്നത്. മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലും മലപ്പുറം ജില്ലയിലെ പയ്യനാടും വര്‍ഷങ്ങളായി കാളപൂട്ട് മത്സരം നടക്കുന്നു.






