
ന്യൂഡല്‍ഹി: കര്‍ണാടകാ തെരഞ്ഞെടുപ്പിന് പിന്നാലെ ബിജെപിയെ കടന്നാക്രമിച്ചുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാരിന്റെ 2000 രൂപയുടെ നോട്ട് പിന്‍വലിക്കാനുള്ള തീരുമാനത്തെയും ശരിക്കും ട്രോളുകയാണ്. 2016 നവംബറിലെ ദുരന്തം വീണ്ടും വേട്ടയാടാനെത്തുന്നു എന്ന രീതിയിലാണ് പരിഹാസം. തീരുമാനം ട്വിറ്ററില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആഘോഷമാക്കി. '2016 നവംബര്‍ 8 ന്റെ പ്രേതം' എന്നായിരുന്നു പലരും കുറിച്ചത്.
തീരുമാനത്തിന്റെ ലക്ഷ്യത്തിന് പിന്നിലെന്താണെന്ന് കേന്ദ്രം വിശദീകരിക്കണമെന്നും 'ചിപ് ക്ഷാമം' ആണെന്ന് പറയരുതെന്ന് കോണ്‍ഗ്രസ് വക്താവ് പവന് ഖേര വിമര്‍ശിച്ചു. 2000 രൂപ നോട്ടിന്റെ പ്രിന്റിങ് നിര്‍ത്തിയപ്പോള്‍ പഴയ വാഗ്ദാനങ്ങള്‍ക്ക് എന്തുപറ്റിയെന്നു കൂടി കേന്ദ്രം പറയണമെന്നും ഖേര ആവശ്യപ്പെട്ടു. നോട്ടുനിരോധനത്തിന്റെ ദുരന്തത്തില്‍ നിന്നും രാജ്യം ഇപ്പോഴും കരകയറിയിട്ടില്ല. അന്ന് 2000 രൂപ നോട്ടിന്റെ ഗുണഗണങ്ങള്‍ സംബന്ധിച്ച് സുദീര്‍ഘമായ ക്ലാസ്സെടുത്തയാളാണ് പ്രധാനമന്ത്രിയെന്നും പറഞ്ഞു.
സ്വയം പ്രഖ്യാപിത വിശ്വഗുരു എന്നാണ് നരേന്ദ്രമോഡിയെ മുന്‍ കേന്ദ്രമന്ത്രി ജയറാം രമേശ് പരിഹസിച്ചത്. കൊട്ടിഘോഷിച്ച 2000 നോട്ട് നിര്‍ത്തി. ആദ്യം പ്രവര്‍ത്തിക്കുകയും പിന്നെ ചിന്തിക്കുകയും ചെയ്യുന്നതാണ് പ്രധാനമന്ത്രിയുടെ രീതിയെന്നും ജയറാം രമേശ് ട്വിറ്ററില്‍ കുറിച്ചു.
മണ്ടന്‍ തീരുമാനമെന്ന് അന്നു തന്നെ ഞങ്ങള്‍ പറഞ്ഞതാണ്. ഇപ്പോള്‍ അത് ശരിയാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു എന്നാണ് പി. ചിദംബരം കുറിച്ചത്. 2016 നവംബറില്‍ 500,1000 രൂപാ നോട്ടുകള്‍ നിരോധിക്കാനുള്ള മണ്ടന്‍ തീരുമാനത്തിനുള്ള ബാന്‍ഡ് എയ്ഡായിരുന്നു 2000 രൂപാ നോട്ട് ഇറക്കലെന്നും പി.ചിദംബരം പറഞ്ഞു. 500 ന്റെ നോട്ട് വീണ്ടും ഇറക്കാന്‍ നിര്‍ബ്ബന്ധിതമാകുകയും ചെയ്തു. ഇനി 1000 രൂപ നോട്ടുമായി നരേന്ദ്രമോഡി സര്‍ക്കാരും ആര്‍ബിഐയും തിരിച്ചുവന്നാലും അത്ഭുതമില്ലെന്നും കുറിച്ചു.






