
‘‘എന്റെ നെഞ്ചാകെ നീയല്ലേ...
എന്റെ ഉന്മാദം നീയല്ലേ...’’ ഈയൊരു പാട്ടു മാത്രം മതി തന്വി റാം എന്ന അഭിനേത്രിയെ മലയാളികള്‍ ഓര്‍ത്തെടുക്കാന്‍. ചുരുങ്ങിയകാലംകൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് തന്വി എന്ന ശ്രുതി. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും തന്മയത്വമുള്ള അഭിനയശൈലിയിലൂടെയുമാണ് തന്വി തന്റെ സ്ഥാനം മലയാള സിനിമയില്‍ ഉറപ്പിച്ചത്. ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത ‘അമ്പിളി’യിലൂടെ അരങ്ങേറ്റം കുറിച്ച തന്വി, ‘കപ്പേള’ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. നാനി ചിത്രം അന്റെ സുന്ദരനാകിയിലൂടെ തെലുങ്കിലും സാന്നിദ്ധ്യം അറിയിച്ച തന്വി മലയാളത്തില്‍ തല്ലുമാല, കുമാരി, മുകുന്ദനുണ്ണി അസോസിയേറ്റ്സ്, എങ്കിലും ചന്ദ്രികേ, ഖാലി പഴ്സ് ഒഫ് മില്യനേഴ്സ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ നൂറു കോടി ക്ലബ്ബില്‍ ഇടം നേടിയ, കേരളം കണ്ട മഹാപ്രളയത്തിന്റെയും അതിജീവനത്തിന്റെയും കഥ പറയുന്ന 2018 ല്‍ വളരെ ശ്രദ്ധേയമായ, കരുത്തുറ്റ ഒരു കഥാപാത്രമായി തിളങ്ങുകയാണ് തന്വി. തന്വി പുത്തന്‍ വിശേഷങ്ങളും സന്തോഷങ്ങളുമായി മംഗളം ഓണ്‍ലൈനില്‍ ചേരുന്നു...
സിനിമ കമ്മിറ്റ് ചെയ്യുമ്പോൾ ഇത്രയും വലിയ ഒരു വിജയത്തിന്റെ ഭാഗമാകും എന്ന് കരുതിയിരുന്നോ ?
‘2018’ സിനിമയിലേക്ക് എന്നെ ആദ്യം വിളിക്കുന്നത് ആന്റോ ചേട്ടനാണ്. ജൂഡ് വിളിക്കും എന്നാണ് ചേട്ടന് എന്നോട് പറഞ്ഞത്. ജൂഡ് ചേട്ടന് വിളിച്ചിട്ട്, ‘2018 പ്രളയം ബേസ് ചെയ്തിട്ടൊരു സിനിമയാണ്. ടൊവിനോയാണ് നായകന്’ എന്നു പറഞ്ഞു. പ്രളയം നടക്കുന്നതും അതില്‍ നിന്ന് സര്‍വൈവ് ചെയ്യുന്നതുമാണ് എന്ന ബേസ്ലൈന് മാത്രമേ സിനിമയെക്കുറിച്ച് എനിക്കറിയാമായിരുന്നുള്ളൂ. ഇതിന്റെ റൈറ്ററായ അഖില്‍ എന്റെ സുഹൃത്താണ്. അങ്ങനെ ഞാന്‍ സിനിമ കമ്മിറ്റ് ചെയ്തു. 2019 ല്‍ ഒരു പതിനഞ്ച് ദിവസം ഈ സിനിമയ്ക്ക് വേണ്ടി ഷൂട്ട് ചെയ്തിരുന്നു. അന്നത് ചെയ്യുമ്പോള്‍ ആളുകള്‍ക്ക് ഇത് ഇഷ്ടപ്പെടും എന്നൊരു ഉറപ്പുണ്ടായിരുന്നു. പക്ഷേ കോവിഡ് മഹാമാരി വന്ന സമയത്ത് സിനിമയ്ക്ക് ഒരു ബ്രേക്ക് വന്നപ്പോള്‍ ഇത് ഡ്രോപ്പ് ആകുമോ എന്നൊരു പേടി തോന്നി. കാരണം ഈ സിനിമ കൂടുതല്‍ ആളുകളിലേക്ക് എത്തണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ചെറിയൊരു ഭാഗം മാത്രമാണിതില്‍ ഞാന്‍ ചെയ്തത് എന്നിട്ടും ഈ സിനിമ ഉണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിച്ചു. കഴിഞ്ഞ വര്‍ഷം ഈ സിനിമ വീണ്ടും തുടങ്ങി. ഡബ്ബ് ചെയ്യുന്ന സമയത്താണ് ഞാന്‍ സിനിമ മുഴുവനായും കണ്ടത്. അപ്പോള്‍ ആളുകള്‍ക്ക് ഇഷ്ടപ്പെടും എന്ന് ഉറപ്പ് കൂടി. ഇതൊരു വലിയ സിനിമയാകുമെന്ന് മനസ്സില്‍ തോന്നി. ഇത്രയും വലിയ ലെവലിലേക്ക് ഈ സിനിമ ഉയരും എന്നു പക്ഷേ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എന്തായാലും ഒരുപാട് സന്തോഷം.
ഒരു മൾട്ടി സ്റ്റാർ സിനിമ എന്നതിലുപരി ഇതിലേക്ക് ആകർഷിച്ചത് ?
ആന്റോ ജോസഫ് പ്രൊഡക്ഷന്‍സിന്റെ ബാനറിലുള്ള സിനിമ, അതാണ് കൂടുതല്‍ ആകര്‍ഷിച്ചത്. പിന്നെ എന്റെ ആദ്യ സിനിമ ‘അമ്പിളി’ കഴിഞ്ഞയുടനെ എനിക്ക് കിട്ടിയ ഓഫര്‍ ഇതിന്റേതാണ്. ‘അമ്പിളി’യിലേക്ക് വന്ന് പ്രേക്ഷകരുടെ പ്രതികരണം എന്താണ്, സ്വീകരിക്കുമോ ഇല്ലയോ എന്ന ആശങ്കയില്‍ നില്‍ക്കുമ്പോഴാണ് ഈ ഓഫര്‍ വരുന്നത്. ഓഗസ്റ്റില്‍ അമ്പിളി റിലീസായി, ഒക്ടോബറിലാണ് ഇതിന്റെ ഷൂട്ട് ആദ്യം തുടങ്ങിയത്. ടൊവിനോയ്ക്കൊപ്പം നായികവേഷത്തിലെത്തുക എന്നതും സിനിമയില്‍ ത്രൂ ഔട്ട് കഥാപാത്രമായി നില്ക്കുക എന്നതുമൊക്കെ എന്നെ സന്തോഷിപ്പിച്ച കാര്യങ്ങളായിരുന്നു. ആ എക്സൈറ്റ്മെന്റ് തുടക്കം മുതലുണ്ടായിരുന്നു. 2019 ല്‍ ഈ സിനിമ ഷൂട്ട് ചെയ്യുമ്പോള്‍ എനിക്കിതിലും കൂടുതല്‍ സീനുകള്‍ ഉണ്ടായിരുന്നു. പക്ഷേ സിനിമ ഒരുപാട് വലുതായപ്പോള്‍ കുറെ ഭാഗമൊക്കെ എഡിറ്റ് ചെയ്യേണ്ടി വന്നു. എന്റെയും ടൊവിനോയുടെയും കമ്പൈയിന്‍ സീനുകളൊക്കെ കുറെ മാറ്റേണ്ടി വന്നു. എങ്കിലും എന്റെ സീനുകള്‍ക്ക് വളരെയേറെ പ്രാധാന്യമുണ്ട് സിനിമയില്‍. പിന്നെ ജൂഡ് ചേട്ടന്റെ ‘ഓം ശാന്തി ഓശാന’യൊക്കെ എനിക്ക് വളരെയിഷ്ടമുള്ള സിനിമകളാണ്. ഏതു തരത്തില്‍ നോക്കിയാലും ഈ സിനിമയുടെ ഓഫറിനോട് ‘നോ’ പറയേണ്ടതായി ഒന്നും തന്നെ ഇല്ലായിരുന്നു.
സിനിമയുടെ ടാഗ് ലൈൻ തന്നെ എവരി വൺ ഇസ് എ ഹീറോ എന്നാണ്. സിനിമയിൽ ഉടനീളം നിറഞ്ഞു നിൽകുന്ന നായിക വേഷമാണ് തൻവിയുടേത്, ആ ഉത്തരവാദിത്തം ഏറ്റെടുത്തപ്പോൾ ടെൻഷൻ ഉണ്ടായിരുന്നോ ?
എനിക്കു തോന്നുന്നു ടെന്‍ഷനില്ലാതെ ഷൂട്ട് ചെയ്ത ഭാഗത്തിലുള്ള വ്യക്തികളില്‍ ഒരാളായിരുന്നു ഞാനെന്ന്. മിക്ക കഥാപാത്രങ്ങളും മഴയത്തോ, അല്ലെങ്കില്‍ വെള്ളത്തിലിറങ്ങിയോ ഷൂട്ട് ചെയ്തവരാണ്. ഒരു ഫിസിക്കല്‍ എഫര്‍ട്ട് കൂടി കൊടുത്ത് അഭിനയിച്ചവരാണ് അധികവും. അതിനേക്കാളും കഷ്ടപ്പാട് ക്യാമറയ്ക്ക് പിന്നിലുള്ളവര്ക്കുമുണ്ടായിരുന്നു. അതെന്റെ കണ്മുന്നില് ഞാന്‍ കണ്ടിട്ടുണ്ട്, കുറെയധികം കഥകള്‍ കേട്ടിട്ടുമുണ്ട്. അഭിനേതാക്കളേക്കാള്‍ മുമ്പേ അവിടെയെത്തി ആ സെറ്റില്‍ വേണ്ട ഒരുക്കങ്ങളെല്ലാം ചെയ്ത്, ലൈറ്റും ശബ്ദവും ശരിയാക്കി അങ്ങനെ ഓരോ കുഞ്ഞു കാര്യങ്ങള്‍ പോലും സസൂക്ഷ്മം പരിശോധിച്ച് ഉറപ്പാക്കിയത് അണിയറയിലുള്ളവരാണ്. സിനിമയില്‍ ‘എവരിവണ്‍ ഈസ് എ ഹീറോ’ എന്നെഴുതിക്കാണിക്കുന്നത് അതുകൊണ്ടു തന്നെ അത്രമാത്രം റിലേറ്റ് ചെയ്യാന്‍ പറ്റും. പ്രൊഡക്ഷനില്‍ തുടങ്ങി കാസ്റ്റ് ആന്‍ഡ് ക്രൂവിലെ എല്ലാ ആളുകളും ശരിക്കും ഹീറോ തന്നെയാണ്. 2018 ല്‍ പ്രളയം നടക്കുമ്പോള്‍ വിചാരിക്കാത്ത രക്ഷയ്ക്കെത്തിയ പലരും, അതില്‍ നിന്ന് സര്‍വൈവ് ചെയ്ത പലരും... അങ്ങനെ യഥാര്‍ത്ഥ ജീവിതത്തില്‍ ഇതിനെ അഭിമുഖീകരിച്ചവരും, ഈ സിനിമയുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവരും... ഓരോരുത്തരും ഹീറോയാണ്.
പ്രളയം നേരിട്ട് അനുഭവിക്കാതെ സ്ക്രീനിൽ അത് അവതരിപ്പിച്ചപ്പോൾ തോന്നിയത് ?
ബാംഗ്ലൂരായിരുന്നതു കൊണ്ട് കേരളത്തിലെ പ്രളയം ഞാന്‍ വാര്‍ത്തകളില്‍ മാത്രമേ കണ്ടിട്ടുള്ളൂ. എനിക്കതില്‍ നേരിട്ട് അറിയാവുന്നത് ഞങ്ങളൊക്കെ അടങ്ങുന്ന ചില കൂട്ടായ്മകള്‍ ഇവിടെ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടി കുറെ അടിയന്തിര സഹായങ്ങള്‍ ചെയ്തതു മാത്രമാണ്. ഞങ്ങളന്ന് അവിടെ നിന്ന് ആറു ട്രക്കിലധികം സാധനങ്ങള്‍ ഇവിടെയെത്തിച്ചിരുന്നു. മലയാളികള്‍ അല്ലാത്തവര്‍ പോലും അന്ന് സഹായിച്ചു. പിന്നെ സിനിമയെക്കുറിച്ച് പറയാനാണെങ്കില്‍ ഞാന്‍ ചെയ്ത കുറച്ചു സീനുകളില്‍ മാത്രമാണ് പ്രളയത്തിന്റെ എഫക്ട് വന്നത്. ഞാനുള്ള സീനുകളില്‍ ആളുകള്‍ കൂടി നിന്ന് മഴ, പ്രൊപ്പൈലര്, വെള്ളം എന്നിവയൊക്കെയുള്ള സ്വീകന്‍സുകള്‍ ഷൂട്ട് ചെയ്തത് വളരെ കുറച്ചു മാത്രമാണ്. പ്രളയം നടക്കുമ്പോള്‍ നിസ്സഹായരായി, മുന്നിലെന്തെന്ന് അറിയാതെ നിന്ന പലരുടെയും മാനസികാവസ്ഥ എന്തായിരിക്കുമെന്ന് ആ സമയത്ത് ഞാന്‍ ശരിക്കും ആലോചിച്ചിട്ടുണ്ട്. അതിന്റെയൊക്കെ ഒരു ശതമാനത്തിലും താഴെ മാത്രമാണ് സിനിമയില്‍ ഞാന്‍ അഭിനയിക്കുന്ന സീനുകളില്‍ റീക്രിയേറ്റ് ചെയ്തിരിക്കുന്നത്. എനിക്ക് അത്രയും ഫീല്‍ ചെയ്യുന്നുണ്ടെങ്കില്‍ പ്രളയം നേരിട്ടറിഞ്ഞ് അനുഭവിച്ചവര്‍ക്ക് അത് എത്രമാത്രം ഇമോഷണലി ബന്ധപ്പെടുത്താന്‍ കഴിയും. അതാണ് ഈ സിനിമയെ പ്രേക്ഷകര്‍ കൂടുതല്‍ സ്നേഹിക്കാനുള്ള കാരണം.
ഒരു കഥാപാത്രം എന്നതിലുപരി ആ സിനിമയിലൂടെ ജീവിക്കുകയായിരുന്നു എന്ന് ടൊവിനോയും ആസിഫ് അലിയും ഒക്കെ പറയുന്നു. അങ്ങനെ തോന്നിയിട്ടുണ്ടോ ?
എനിക്ക് കൂടുതല്‍ സീനുകള്‍ ഉണ്ടായിരുന്നത് ടൊവിനോയ്ക്ക് ഒപ്പമായിരുന്നു. അതുകൊണ്ട് ടൊവിനോ അതില്‍ എത്രമാത്രം ഉള്‍ക്കൊണ്ടിരുന്നു എന്നെനിക്ക് പറയാന്‍ കഴിയും. ചിലപ്പോള്‍ രാത്രിയില്‍ ഷൂട്ട് ഉണ്ടെങ്കിലും മഴയത്ത് നനഞ്ഞാണെങ്കിലും, വെള്ളത്തിനടിയിലുള്ള സീനുകള്‍ ചെയ്യുമ്പോഴും ടൊവി വളരെ ആത്മാര്ത്ഥമായിട്ടതിനെ സമീപിച്ചിരുന്നു. ബ്രേക്ക് കഴിഞ്ഞ് വിളിക്കുന്ന സമയത്ത് എന്ത് ജോലി ചെയ്യുകയാണെങ്കിലും അതൊക്കെ ഇട്ടെറിഞ്ഞ് ടൊവി ഓടിപ്പോകും. അത്രയ്ക്കും ഡെഡിക്കേറ്റഡായിട്ടാണത് ചെയ്തത്. ഞാനത് സെറ്റില്‍ വച്ച് നേരിട്ട് കണ്ടിട്ടുണ്ട്. ആസിഫിക്കയാണെങ്കിലും 100 ശതമാനം ഈ സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചു. അവര്‍ മാത്രമല്ല, ജൂഡ് ചേട്ടനടക്കം ഈ സിനിമയില്‍ അഭിനയിച്ചവരും ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച കാസ്റ്റ് ആന്‍ഡ് ക്രൂവുമൊക്കെ നൂറിലധികം ദിവസങ്ങള്‍ വെള്ളത്തിലിറങ്ങി ഷൂട്ട് ചെയ്തിട്ടുണ്ട്. സത്യത്തില്‍ എല്ലാവരും ഈ സിനിമയിലൂടെ ജീവിക്കുകയായിരുന്നു.
ചിരി കാരണം കഥാപാത്രം നഷ്ടപെട്ടിട്ടുണ്ട് എന്ന് മുൻപ് പറഞ്ഞിട്ടുണ്ട്. എന്നാൽ ഈ സിനിമയിൽ ക്ലൈമാക്സിൽ അലറി കരച്ചിലോ നിലവിളിയോ ഒന്നുമില്ലാതെ ഒരു നോട്ടത്തിലൂടെ മാത്രം മനസിലെ സങ്കടം മുഴുവൻ പ്രേക്ഷകരിലേക്ക് എത്തിക്കാൻ കഴിഞ്ഞു. ആ സീൻ ചെയ്യുമ്പോൾ എടുത്ത എഫർട്ട് എങ്ങനെയായിരുന്നു ?
ചിരി കാരണം കഥാപാത്രം പോയി എന്നുള്ളത് ഏതോ ഒരു അഭിമുഖത്തില്‍ വെറുതെ ഒരു ഫ്ളോയില്‍ പറഞ്ഞു പോയതാണ്. അത് ഞാന്‍ കാര്യമായി എടുക്കാത്ത ഒരു കാര്യമാണ്. കുറെ സിനിമകളില്‍ ശ്രമിക്കുന്നതിനിടെ ഏതോ ഒരു ഒഡിഷനില്‍ നടന്നു പോയൊരു സംഭവം മാത്രമാണത്. പിന്നെ ഈ സിനിമയില്‍ ഞാനേറെ ഇഷ്ടപ്പെടുന്ന ഒരു സീനാണ് ഇതിന്റെ ക്ലൈമാക്സില്‍ എനിക്കുള്ളത്. വളരെ ടച്ചിംഗായ ഒരു സീനാണത്. വലിയ എഫര്‍ട്ട് ഒന്നും അതിനു വേണ്ടി ചെയ്തില്ല. കാരണം ആ സീന്‍ വിശദീകരിച്ച് ജൂഡ് ചേട്ടന് പറഞ്ഞിരുന്നു. ജൂഡ് ചേട്ടന് പറഞ്ഞത് കണ്ണില്‍ നിന്ന് ഒരു തുള്ളി കണ്ണുനീര് മാത്രം വന്നാല്‍ മതിയെന്നാണ്. ടൊവിയുടെ ഫോട്ടോയിലേക്ക് നോക്കി മനസ്സിലെ നൊമ്പരം മുഴുവന്‍ ഒരു നോട്ടത്തിലൂടെ എക്സ്പ്രെസ് ചെയ്യുന്ന സീന്‍. ഈ സിനിമയിലെ എന്റെ അവസാന ഷോട്ടും അതായിരുന്നു. എന്റെ ഫേവറൈറ്റ് സീന്‍ എന്നു വേണം അതിനെ പറയാന്‍.
സോഷ്യൽ മീഡയയിലൂടെയും 2018 നെതിരെ വിമർശനങ്ങൾ വരുന്നുണ്ടല്ലോ, പ്രളയത്തിൽ ജീവൻ രക്ഷിക്കാൻ ഇറങ്ങിയ പല കഥാപാത്രങ്ങളെയും അതിൽ ഒഴിവാക്കി എന്നൊക്കെ പറഞ്ഞിട്ട്. അതിനെക്കുറിച്ച് ?
ഈ സിനിമ ആദ്യം 21 റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. പിന്നെയത് 28 ആയി, അതിനു ശേഷം അഞ്ചാം തീയതിയായി. അങ്ങനെ ഡേറ്റ് മാറിയ സമയത്ത് പലര്‍ക്കും പ്രൊമോഷനു പങ്കെടുക്കാനുള്ള ബുദ്ധിമുട്ടുകള്‍ വന്നു തുടങ്ങി. പ്ലാന്‍ ചെയ്തത് മാറിപ്പോയത് ഒരു പ്രശ്നമായി. അതല്ലാതെയുള്ള കാര്യങ്ങള്‍ എനിക്കറിയില്ല.
സ്ത്രീ ഒരു പ്രൊഫഷനിലും സുരക്ഷിതയല്ലയെന്ന് അടുത്തിടെ നടന്ന ഡോക്ടറിന്റെ അപ്രതീക്ഷിത
മരണത്തിനു ശേഷം പലരും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. തൻവിയുടെ പേഴ്സണൽ എക്സ്പീരിയൻസ് എങ്ങനെയാണ് ?
വളരെ സങ്കടകരമായി കേട്ട ഒരു വാര്‍ത്തയാണ്. ഈ വാര്‍ത്തയ്ക്കു ശേഷമാണ് ഓരോ പ്രൊഫഷനിലേയും സേഫ്റ്റിയെക്കുറിച്ച് ആളുകള്‍ ചിന്തിച്ചു തുടങ്ങിയത്. ഓരോ തൊഴിലിടങ്ങളിലും എത്രമാത്രം റിസ്കുണ്ട് എന്ന് പലരും ഇതിനു ശേഷം ആശങ്കപ്പെടുന്നു. സുരക്ഷിതത്വം എല്ലാ മേഖലയിലും ആവശ്യമാണ്. കുറച്ചു കൂടി മുന്‍കരുതലുകള്‍ എല്ലായിടത്തും കൊണ്ടുവരേണ്ടതുണ്ട്. എനിക്കങ്ങനെ വ്യക്തിപരമായി അനുഭവം ഉണ്ടായിട്ടില്ല. സിനിമയിലെത്തും മുമ്പ് ഞാന്‍ ബാങ്കിംഗ് മേഖലയിലായിരുന്നു. അവിടെയും മോശമായി അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ല. സിനിമയിലെത്തിയപ്പോഴും എനിക്ക് കംഫര്‍ട്ടായ ടീമിനൊപ്പം മാത്രമേ ഇതുവരെ വര്‍ക്ക് ചെയ്തിട്ടുള്ളൂ. ഇതുവരെ സേഫ് ആണ്. പക്ഷേ ഇങ്ങനെയൊക്കെയുള്ള വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ അടുത്ത നിമിഷം എന്താ സംഭവിക്കുക എന്നത് പ്രവചനാതീതമായിട്ടാണ് തോന്നുന്നത്. ഏതു പ്രൊഫഷനിലായാലും ആ പേടി എല്ലാവര്‍ക്കുമുണ്ട്.
ജോൺ പോൾ ജോർജ്, അഭിനവ് സുന്ദർ നായക്, ജൂഡ് ആന്റണി എന്നീ സംവിധായകരെക്കുറിച്ച് ?
ഇവര്‍ മൂന്നു പേരും തിരക്കഥയെക്കുറിച്ച് കൃത്യമായ ക്ലാരിറ്റിയുള്ള സംവിധായകരാണ്. ജോണ്‍ പോളാണെങ്കില് കഥ പറയുന്ന സമയത്താണെങ്കിലും സിനിമയെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ടായിരുന്നു. ‘ആരാധികേ’ എന്ന പാട്ട് സീനിനെക്കുറിച്ച് പറയുന്നത് അത് കമ്പോസ് ചെയ്യുന്നതിന് മുമ്പാണ്. എന്നിട്ടു പോലും അതിനെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും പറഞ്ഞു തന്നിരുന്നു. സ്വന്തം സിനിമയെക്കുറിച്ച് അത്രയും ക്ലാരിറ്റിയുണ്ടായിരുന്നു ജോണ്‍ പോളിന്.
അഭിയാണെങ്കിലും കോണ്ഫിഡന്സുള്ള സംവിധായകനാണ്. ഒരുപാട് നെഗറ്റീവ് ഇംപാക്ട് വരുന്ന സിനിമയാണെന്ന് അറിഞ്ഞാണ് അഭിയത് ചെയ്തു തുടങ്ങിയത്. ക്ലൈമാക്സിലാണെങ്കിലും മറ്റ് ചില സീനുകളിലാണെങ്കിലും നെഗറ്റീവ് കൂടുന്ന സമയത്ത് അത് മാറ്റാന്‍ അഭിയോട് പലരും പറഞ്ഞതായി എനിക്കറിവുണ്ട്. പക്ഷേ അഭിക്ക് സ്വന്തം സിനിമയെക്കുറിച്ചും അതിന്റെ സബ്ജക്ടിനെക്കുറിച്ചും അത്രയ്ക്കും സ്ട്രോംഗായ ബോധ്യമുണ്ടായിരുന്നു. കോണ്‍ഫിഡന്റായിരുന്നു അഭി.
ജൂഡ് ചേട്ടനും അങ്ങനെ തന്നെ. എന്റെയും ടൊവിയുടെയും ഒരുമിച്ചുള്ള ഒരു ചിത്രം ആ സിനിമയുടെ ആദ്യ ഷൂട്ടിന്റെ സമയത്ത് എടുത്തിരുന്നു. പിന്നെ മാര്‍ച്ചില്‍ ഷൂട്ട് തുടങ്ങാമെന്നു പ്ലാന്‍ ചെയ്തിരുന്നെങ്കിലും കോവിഡ് കാരണം രണ്ടു രണ്ടര വര്‍ഷത്തോളം ആ സിനിമ നീണ്ടു പോയി. ആ ഇടവേളകളില്‍ എന്നോട് പലരും അടുത്ത സിനിമയേതെന്ന് ചോദിച്ചിട്ട്, ഞാനും ടൊവിയും ഒരുമിച്ചുള്ള ഒരു ഫോട്ടോ കണ്ടല്ലോ, അതാണോ അടുത്തത്, അത് ഡ്രോപ്പായോ, ഇത്രയും കാലമായില്ലേ എന്നൊക്കെ പറഞ്ഞിട്ടുണ്ട്. അപ്പോള്‍പ്പിന്നെ സംവിധായകനായ ജൂഡ് ചേട്ടന് ഈ ചോദ്യം എത്രമാത്രം അഭിമുഖീകരിച്ചിട്ടുണ്ടാകും. പക്ഷേ ജൂഡ് ചേട്ടന് ഈ സബ്ജക്ടില്‍ അത്രമാത്രം കോണ്‍ഫിഡന്‍സ് കണ്ടെത്തി. ഇത്രയും വര്‍ഷം ഇതിനു പിന്നാലെ നിന്ന്, ഇത്രയധികം ക്രൂ മെമ്പേഴ്സിനെയും, അഭിനേതാക്കളെയും മാനേജ് ചെയ്ത് മുന്നോട്ടു കൊണ്ടു പോയി. ആ എഫര്‍ട്ട് പറയാതിരിക്കാന്‍ പറ്റില്ല.
ഈ മൂന്നു സംവിധായകര്‍ക്കും അവരുടെ സിനിമയുടെ സബ്ജക്ടിനെപ്പറ്റി അത്രയ്ക്കും കോണ്‍ഫിഡന്‍സും ക്ലാരിറ്റിയുമുണ്ടായിരുന്നു. അതുകൊണ്ടാണവര്‍ മുന്നോട്ടു ചലിച്ചത്, വിജയം നേടിയത്.
മോഡലിംഗിലൂടെ തുടക്കം. അമ്പിളി മുതൽ 2018 വരെ... ഈ യാത്രയെക്കുറിച്ച്?
സന്തോഷമുള്ള യാത്രയാണ് കഴിഞ്ഞു പോയത്. ‘അമ്പിളി’ കഴിഞ്ഞയുടനെ വന്ന സിനിമയാണ് 2018. ഞാന്‍ രണ്ടാമത് ഷൂട്ട് ചെയ്ത സിനിമയാണിത്. പക്ഷേ എന്റെ പത്താമത്തെ സിനിമയായിട്ടാണിത് ഇറങ്ങുന്നത്. ചെയ്ത കഥാപാത്രങ്ങളിലെല്ലാം ഞാന്‍ ഹാപ്പിയാണ്. എന്നെത്തേടി വന്ന തിരക്കഥകളില്‍ എനിക്കിഷ്ടപ്പെട്ട, ഞാന്‍ ഭാഗമാകണമെന്ന് തോന്നിയ സിനിമകളില്‍ മാത്രമാണ് ഞാന്‍ അഭിനയിച്ചിട്ടുള്ളത്. പല തരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു. മുന്നോട്ടുമങ്ങനെ വ്യത്യസ്തയുള്ള കഥാപാത്രങ്ങള്‍ ചെയ്യണമെന്നുണ്ട്. നെഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങള്‍ കിട്ടണമെന്നാരു ആഗ്രഹം ഇപ്പോഴുണ്ട്. തുടക്കമായതു കൊണ്ട് വേരിയേഷനുള്ള കഥാപാത്രങ്ങള്‍ തേടിയെത്തുന്നു എന്നതുമൊരു സന്തോഷം. ഇതുവരെയുള്ള വളര്‍ച്ചയില്‍, ഐ ആം ഹാപ്പി. ഒരു ഭയങ്കര മാജിക്കായി തോന്നിയ സിനിമയാണ് 2018. അതിന്റെ സന്തോഷത്തിലാണിപ്പോള്‍. നല്ല കഥാപാത്രങ്ങള്‍ കിട്ടിയാല്‍ ചെയ്യാം എന്നതാണ് എപ്പോഴുമുള്ള തീരുമാനം.
തൻവി റാം... കേൾക്കുമ്പോൾ ഒരു നോർത്ത് ഇന്ത്യൻ ടച്ചുള്ള പേര്, മനഃപൂർവം അങ്ങനെ സെലക്ട് ചെയ്തത് ആണോ ?
‘അമ്പിളി’യുടെ സംവിധായകനാണ് പേര് മാറ്റാന്‍ പറഞ്ഞത്. ശ്രുതി എന്നുള്ളത് സാധാരണയായി കേള്‍ക്കുന്ന ഒരു പേരാണ്. അതുകൊണ്ടാണത് മാറ്റാന്‍ പറഞ്ഞത്. പേര് മാറ്റാന്‍ അവരെനിക്ക് കുറച്ചു സമയം തന്നിരുന്നു. ഈ സമയത്ത് ഞാന്‍ പഴയ മലയാളം പേരൊക്കെ നോക്കിയിട്ട് ഒന്നും കിട്ടിയില്ല. മനസ്സില്‍ വന്ന പേരിലൊക്കെ താരങ്ങളുമുണ്ട്. അപ്പോഴേക്കും ‘അമ്പിളി’യുടെ പോസ്റ്റര്‍ റിലീസ് ചെയ്യുന്ന സമയമായി. വിഷുവിന്റെ അന്നാണ് ഇറങ്ങിയത്. അതിന്റെ തലേദിവസം അവര്‍ വിളിച്ചിട്ട് സൗബിക്കയുടെയും മറ്റുള്ളവരുടെയും പേര് വച്ചിട്ടുണ്ട്, എന്റെ പേരിന്റെയവിടെ ബ്ലാങ്കാണെന്ന് പറഞ്ഞു. ഇപ്പോഴെങ്കിലും ഒരു പേര് സെലക്ട് ചെയ്ത് തരാമോ എന്ന് ചോദിച്ചു. അങ്ങനെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത് വച്ച പേരുകളില്‍ നിന്ന് തന്വി സെലക്ട് ചെയ്തു. ബാംഗ്ലൂരില്‍ ഈ പേര് സര്‍വ്വസാധാരണമാണെങ്കിലും ഇവിടെ ഈ പേര് അപൂര്‍വ്വമാണ്.
ഭാവി പ്രോജക്ടുകൾ ?
ഒരുപാട് കഥകള്‍ കേള്‍ക്കുന്നുണ്ട്. ഇതുവരെയൊന്നും ഫൈനലൈസ് ചെയ്തിട്ടില്ല.