
കുടുംബപ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള താരമാണ് ചന്ദ്ര ലക്ഷ്മണ്, മിനിസ്ക്രീന്‍ പ്രേക്ഷരുടെ സ്വന്തം സുജാത. ഒരു സമയത്ത് മലയാള ടെലിവിഷൻ, സിനിമാ മേഖലകളില്‍ നിറസാന്നിധ്യമായിരുന്ന താരം. 2002 ല്‍ പുറത്തിറങ്ങിയ മനസെല്ലാം എന്ന തമിഴ് ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ ചന്ദ്ര സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെയാണ് മലയാള ടെലിവിഷൻ ആസ്വാദകരുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങിയത്. സിനിമകളിലും നിരവധി സീരിയലുകളിലും സജീവമായ, പ്രേക്ഷകര്‍ക്ക് വളരെ സുപരിചിതനായ ടോഷ് ക്രിസ്റ്റിയാണ് ചന്ദ്രയുടെ ഭര്‍ത്താവ്. ഇവര്‍ രണ്ടാളും യുട്യൂബ് ചാനല്‍ വഴിയും നിരന്തരം പ്രേക്ഷകര്‍ക്ക് മുന്നിലെത്താറുണ്ട്. മകൻ അയാന്റെ വിശേഷങ്ങളെല്ലാം താരദമ്പതികള്‍ പ്രേക്ഷകരെ അറിയിക്കുന്നത് ഇവരുടെ യുട്യൂബ് ചാനലിലൂടെയാണ്. ഇപ്പോഴിതാ മകനൊപ്പം ബീച്ചില്‍ എത്തിയിരിക്കുന്ന വീഡിയോയാണ് രണ്ടുപേരും പങ്കിട്ടിരിക്കുന്നത്. ‘ഈ തീരത്ത് ഇത്തിരി നേരം’ എന്ന പേരിലാണ് ഇത്തവണത്തെ വ്ലോഗ്. ബീച്ചിലെത്തുന്നത് മുതല്‍ തിരികെ കയറുന്നത് വരെയുള്ള കാര്യങ്ങള്‍ വ്ലോഗില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. അയാൻ കുട്ടനെ കടല്‍ പരിചയപ്പെടുത്തുന്നതും കാണാം. കുഞ്ഞിനെ എടുത്ത് തിരമാല വരുമ്പോള്‍ ടോഷും ചന്ദ്രയും ഓടി മാറുന്നതും എല്ലാം വളരെ രസകരമായാണ് പകര്‍ത്തിയിരിക്കുന്നത്. ‘കടലമ്മ ചീത്ത’ എന്ന് മണലില്‍ എഴുതി അത് മായ്ക്കുമോയെന്ന് നോക്കാമെന്നു ടോഷ് പറയുന്നുണ്ട്. കുറച്ച് കഴിഞ്ഞ് അത് കാണുന്നില്ലെന്ന് ചന്ദ്ര കാണിച്ചു കൊടുക്കുന്നതും കാണാം. താരങ്ങളുടെ വ്ലോഗിന് മികച്ച അഭിപ്രായമാണ് പ്രേക്ഷകര്‍ അറിയിക്കുന്നത്.
സ്വന്തം സുജാതയുടെ നൂറാമത്തെ എപ്പിസോഡില്‍ വച്ചാണ് ടോഷും ചന്ദ്രയും ആദ്യമായി കണ്ടത്. സൗഹൃദത്തില്‍ നിന്ന് തുടങ്ങിയ പരിചയം പിന്നീട് വിവാഹത്തിലെത്തുകയായിരുന്നു. 2021 ല്‍ ആണ് ചന്ദ്രയും ടോഷും വിവാഹിതരായത്. ചന്ദ്രയുടെ ഗര്‍ഭകാലത്ത് സീരിയലിലെ നായികയും ഗര്‍ഭിണിയായിരുന്നു. അതുകൊണ്ട് തന്നെ അഭിനയത്തില്‍ നിന്ന് താരം മാറി നിന്നിട്ടില്ല. അടുത്തിടെയാണ് സീരിയല്‍ അവസാനിച്ചത്.






