
മണ്ണാര്‍ക്കാട്: റവന്യൂ അദാലത്തിനിടെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായ പാലക്കയം വില്ലേജ് അസിസ്റ്റന്റ് സരേഷ് കുമാറിന്റെ താമസ സ്ഥലത്തുനിന്നും കണ്ടെത്തിയത് ഒരു കോടിലിലേറെ രൂപ. വീട് പണിയാനും സഹോദരിക്ക് കൂടുതല്‍ പണം നല്‍കാനുമാണ് കൈക്കൂലി വാങ്ങിയതെന്നാണ് സുരേഷ് കുമാര്‍ വിജിലന്‍സിനോട് പറഞ്ഞൂ. എന്നാല്‍ ചെയ്യുന്നത് തെറ്റല്ലേ എന്ന ചോദ്യത്തിന് മൗനമായിരുന്നു മറുപടി.
ലൊക്കേഷന്‍ സ്കെച്ച്, ലൊക്കേഷന്‍ പ്ലാന്‍ എന്നിവയ്ക്ക് എത്തുമ്പോള്‍ വില്ലേജ് അസിസ്റ്റന്റ് ആയ സുരേഷ് കുമാര്‍ പണം വാങ്ങുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. വനഭൂമിയോട് ചേര്‍ന്നുള്ള പ്രദേശമായതിനാല്‍ സര്‍വെ നമ്പര്‍ സാമ്യമായിരിക്കും. അത് തിരിച്ചുനല്‍കുന്നതിന് വലിയ കാലതാമസം നേരിടും. ബാങ്ക് ലോണും മറ്റും ആവശ്യമായി വരുന്ന കര്‍ഷകര്‍ സുമരഷ് കുമാര്‍ ചോദിക്കുന്ന പണം നല്‍കുകയാണ് പതിവ്.
മറ്റാരോടും സഹകരണമില്ലാത്ത ഉദ്യോഗസ്ഥനാണ്. എത്ര പണം കിട്ടിയാലും ആര്‍ത്തി തീരാത്തയാള്. എന്തെങ്കിലും പൈസ കിട്ടിയാലെ സേവനം ചെയ്തുകൊടുക്കൂ. കൈക്കൂലി വാങ്ങുന്ന കാര്യം സ്പെഷ്യല്‍ ബ്രാഞ്ചിനെ അറിയിക്കുകയും അവര്‍ താക്കീത് നല്‍കുകയും ചെയ്തിരുന്നു. പാലക്കയത്ത വരുന്നതിനു മുന്‍പ് മണ്ണാര്‍ക്കാടും അട്ടപ്പാടിയിലും ജോലി ചെയ്തിരുന്നുവെന്നൂം നാട്ടുകാര്‍ പറയുന്നു.
അവിവാഹിതന് ആയതിനാല്‍ ശമ്പളം അധികം ചെലവഴിക്കേണ്ടി വന്നില്ലെന്നും പറഞ്ഞു. അതേസമയം തന്റെ കൈക്കൂലി വിവരം പുറത്തറിയാതിരിക്കാന്‍ ലളിതജീവിതമാണ് നയിച്ചിരുന്നത്. സ്വന്തമായി സ്വന്തമായി കാറോ ഇരുചക്രവാഹനമോ ഇല്ല. 2500 രൂപ വാടകയുള്ള വാടകമുറിയിലായിരുന്നു താമസിച്ചിരുന്നത്.
അതേസമയം കൈക്കൂലിയായി എന്തും ഇയാള്‍ സ്വീകരിച്ചിരുന്നു. കുടംപുളിയും തേനും റെഡിമെയ്ഡ് ഷര്‍ട്ടും വരെ ഇയാളുടെ വീട്ടില്‍ നിന്നും കണ്ടെത്തി. കഴിഞ്ഞ മൂന്ന് വര്‍ഷമായി പാലക്കയം വില്ലേജാഫീസില്‍ ജോലി ചെയ്തു വരികയായിരുന്ന സുരേഷ്കുമാര്‍ വിവിധ സേവനങ്ങള്‍ക്കായി വരുന്നവരോട് പരസ്യമായി കൈക്കൂലി ചോദിക്കുകയും ചെയ്തിരുന്നു. മലയോര പ്രദേശം ആയതിനാല്‍ ഭൂമിയുമായി ബന്ധപ്പെട്ട രേഖകള്‍ സംബന്ധിച്ച അനേകം അപേക്ഷകര്‍ ഉള്ള സ്ഥലമാണ് പാലക്കയം. ഇവിടെ വരുന്നവരെ പരമാവധി നടത്തിച്ച ശേഷം കൈക്കൂലി പരസ്യമായി ചോദിക്കുന്നതായിരുന്നു രീതി. എന്തു ചെയ്താലും കൈക്കൂലിയ്ക്ക് സാധ്യതയുണ്ടോ എന്ന തെരയും.
ഇടപാടുകാരോട് കാണണമെന്ന് പറയും. കാണുമ്പോള്‍ ക്കൈകൂലി കൊടുക്കണമെന്ന് പറയുകയും വാങ്ങിക്കഴിയുമ്പോള്‍ കാര്യം നടത്തിക്കൊടുക്കുകയും ചെയ്യും. മുമ്പ് രാഷ്ട്രീയക്കാര്‍ ഉള്‍പ്പെട്ട കമ്മറ്റിയില്‍ ഇയാള്‍ക്കെതിരേ പേരെടുത്ത് പരസ്യമായി ആക്ഷേപം ഉയര്‍ത്തിയിട്ടുള്ളതായി നാട്ടുകാര്‍ പറയുന്നു. വസ്തുവിന്റെ ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങുമ്പോഴാണ് പിടിയിലായത്.
മഞ്ചേരി സ്വദേശി പാലക്കയം വില്ലേജില്‍ ഉള്‍പ്പെട്ട തന്റെ 45 സെന്റ് സ്ഥലത്തിന്റെ ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് എംഇഎസ് കോളേജിന്റെ മുന്‍വശം പാര്‍ക്ക് ചെയ്തിരുന്ന സുരേഷ് കുമാറിന്റെ കാറില്‍ വച്ച് 2500 കൈക്കൂലി വാങ്ങവേ വിജിലന്‍സ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു. ആറ് മാസം മുമ്പും ഇയാള്‍ ഇതേ അപേക്ഷകനില്‍ നിന്നും 10,000 രൂപയും പൊസഷന്‍ സര്‍ട്ടിഫിക്കേറ്റിനായി അഞ്ച് മാസം മുമ്പ് 9,000 രൂപയും വാങ്ങിയിരുന്നതായും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.
സുരേഷ്കുമാറിനെ ഇന്ന് തൃശൂരിലെ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. കൈക്കൂലി ക്കേസില്‍ വിജിലന്‍സിന്റെ പിടിയിലായതിന് പിന്നാലെ ഇയാളുടെ മണ്ണാര്‍കാട്ടെ താമസസ്ഥലം പരിശോധിച്ചപ്പോള്‍ ഞെട്ടിയത് വിജിലന്‍സ് ഉദ്യോഗസ്ഥരായിരുന്നു. പ്ലാസ്റ്റിക് കവറില്‍ കെട്ടിയ നിലയില്‍ 35 ലക്ഷം രൂപ. 45 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം, സേവിംഗ്സ് ബാങ്ക് അക്കൗണ്ടില്‍ 25 ലക്ഷം എന്നിവയുടെ രേഖകളും വീട്ടില്‍ നിന്നും കണ്ടെത്തി. ഇതിന് പുറമേ പത്തിന്റെയും അഞ്ചിന്റെയും 17 കിലോയോളം വരുന്ന നാണയങ്ങളും ഉണ്ടായിരുന്നു. ശമ്പള അക്കൗണ്ടില്‍ നിന്നും പണം പോലും എടുത്തിരുന്നില്ല.






