
മലയാളത്തിന്റെ പ്രിയ താരം ദിവ്യ ഉണ്ണിയുടെ സഹോദരി എന്ന നിലയിലും അഭിനേത്രിയെന്ന നിലയിലും സുപരിചിതയാണ് വിദ്യ ഉണ്ണി. ചുരുക്കം ചില സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും താരത്തെ സിനിമാപ്രേക്ഷകര്‍ക്ക് വളരെയിഷ്ടമാണ്. ചാനല്‍ പരിപാടികളിലൂടെയും സിനിമകളിലൂടെയുമൊക്കെയായി തിളങ്ങിയ വിദ്യ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടെയായിരുന്നു സിനിമയോട് ബൈ പറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എല്ലാ വിശേഷങ്ങളും അതിലൂടെ പങ്കുവയ്ക്കാറുണ്ട്. വിവാഹവിശേഷങ്ങളും അതിന്റെ പ്രത്യേകതയുള്ള ചടങ്ങുകളുമൊക്കെ താരം പങ്കിട്ടപ്പോള്‍ അതൊക്കെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തങ്ങളുടെ ആദ്യ കണ്മണിയ്ക്കായി കാത്തിരിക്കുകയാണ് വിദ്യയും ഭര്‍ത്താവ് വെങ്കിടേഷും. സീമന്തത്തിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലായി വിദ്യ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ഗര്‍ഭാവസ്ഥയില്‍ വെയിറ്റ് ട്രെയിനിങ് ചെയ്യുന്ന വിദ്യ ഉണ്ണിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ‘ആരോഗ്യമുള്ള ഒരമ്മയ്ക്കേ ആരോഗ്യമുള്ള കുഞ്ഞിനു ജന്മം നല്കാന് കഴിയൂ’ എന്ന കുറിപ്പോടെയാണ് വിദ്യ വര്‍ക്ക് ഔട്ട് വീഡിയോ പങ്കുവച്ചത്. ‘‘എന്റെ വീഡിയോ ആരും അന്ധമായി അനുകരിക്കരുതെന്നും സ്വന്തം ശരീരത്തിന് ആവശ്യമുള്ള വ്യായാമ മുറകള്‍ മാത്രമേ ചെയ്യാന്‍ പാടുള്ളൂ. ഗര്‍ഭിണികള്‍ ഗര്‍ഭകാലത്ത് ആക്ടീവ് ആയിരിക്കണം. പക്ഷേ അത് ഡോക്ടറോടു ചോദിച്ചതിനു ശേഷമേ ചെയ്യാവൂ എന്ന സന്ദേശം പകരാനാണ് ഞാന്‍ ശ്രമിക്കുന്നത്...’’ വീഡിയോയ്ക്കൊപ്പം വിദ്യ ഉണ്ണി കുറിച്ചു.
‘ഞാന്‍ 6 മാസം ഗര്‍ഭിണിയാണ്. ഗര്‍ഭാവസ്ഥയില്‍ വെയിറ്റ് ട്രെയിനിങ് ചെയ്യുന്നതിനെക്കുറിച്ച് ആരോഗ്യരംഗത്തുള്ളവര്‍ക്ക് പോലും പല അഭിപ്രായമാണ്. ചിലര്‍ ഗര്‍ഭാവസ്ഥയില്‍ ഇത്തരം കഠിനമായ എക്സര്‍സൈസ് ചെയ്യാന്‍ പാടില്ല എന്നാണു പറയാറ്. പക്ഷേ ചില ഡോക്ടര്‍മാര്‍ പറയുന്നത് ഗര്‍ഭാവസ്ഥയില്‍ സ്ട്രെങ്ത് ട്രെയിനിങ് നല്ലതാണ് എന്നാണ്. എനിക്കു മനസ്സിലായ കാര്യം ഗര്‍ഭിണിയാകുന്നതിനു മുന്‍പ് നമ്മള് ചെയ്തിരുന്നതെല്ലാം ഗര്‍ഭാവസ്ഥയിലും ചെയ്യാം. ഞാന്‍ രണ്ടു വര്‍ഷത്തില്‍ കൂടുതലായി ഇടയ്ക്കിടെ സ്ട്രെങ്ത് ട്രെയിനിങ് ചെയ്യുന്നുണ്ട്. കഴിഞ്ഞ ഒരുവര്‍ഷം ആയി തുടര്‍ച്ചയായി ചെയ്യുന്നു. ഒരു 12 ആഴ്ച ചാലഞ്ച് വര്‍ക്ക്ഔട്ട് ചെയ്തു തീര്‍ന്നപ്പോഴാണ് ഞാന്‍ ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. അതേസമയം, എന്നും ജിമ്മില്‍ പോയി വെയ്റ്റ് എടുക്കുകയല്ല ചെയ്യുന്നതെന്നും കഴിഞ്ഞ ജനുവരി മുതലുള്ള എന്റെ പോസ്റ്റുകളെല്ലാം ഗര്‍ഭിണിയായതിനു ശേഷമുള്ളതാണ്. ഈ അവസ്ഥയിലും എനിക്ക് ഇഷ്ടമുള്ളതൊക്കെ ചെയ്യാന്‍ കഴിയുന്നു എന്നുള്ളതില്‍ സന്തോഷമുണ്ട്...’ വിദ്യ ഉണ്ണി പറയുന്നു. 2019 ലാണ് വിദ്യ വിവാഹിതയായത്. ചെന്നൈ സ്വദേശിയായ സഞ്ജയ് വെങ്കടേശ്വരനാണ് ഭര്‍ത്താവ്. താരം എഞ്ചിനിയറിങ്ങ് വിദ്യാര്‍ത്ഥിയായിരിക്കെയാണ് ‘ഡോക്ടര്‍ ലവ്’ എന്ന ചിത്രത്തിലൂടെ വിദ്യ അഭിനയത്തിലേക്കെത്തുന്നത്. ആ വര്‍ഷം മികച്ച പുതുമുഖ നടിക്കുള്ള അവാര്‍ഡ് വിദ്യയ്ക്ക് ലഭിച്ചു. പക്ഷേ അഭിനയത്തില്‍ വിദ്യ അത്ര സജീവമല്ലായിരുന്നു. ഡാന്‍സര്‍ കൂടിയായ വിദ്യ സഹോദരി ദിവ്യ ഉണ്ണിയ്ക്കൊപ്പം നിരവധി സ്റ്റേജ് പ്രോഗ്രാമുകളില്‍ വിദ്യ സജീവമായി. ‘ത്രിജി തേര്‍ഡ് ജനറേഷന്’ എന്നൊരു ചിത്രത്തിലും വിദ്യ അഭിനയിച്ചു. പിന്നീട് ചില ടെലിവിഷന്‍ ഷോകളുടെ അവതാരകയായും വിദ്യ ഉണ്ണി വന്നിരുന്നു.
വീഡിയോയ്ക്ക് താഴെ ഉപദേശരൂപേണയും പിന്തുണച്ചും ചിലര്‍ കമന്റുകളിടുന്നുണ്ട്. ‘ഗർഭിണിയായിരിക്കുമ്പോൾ ദയവായി ഭാരം ഉയർത്തരുത്. ഇത് നല്ലതല്ല’, ‘ഗുഡ് എഫര്‍ട്ട്’ എന്നതടക്കമാണ് കമന്റുകള്‍.






