
മലയാളികളുടെ മനസ്സില്‍ കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ തിളങ്ങി നില്ക്കുന്ന താരമാണ് സുരേഷ് ഗോപി. കഴിഞ്ഞ ദിവസങ്ങളില്‍ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ആ വാര്‍ത്തകള്‍ തെറ്റാണെന്ന് സുരേഷ് ഗോപി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ്. ‘‘ഞാന്‍ ആശുപത്രിയിലാണെന്ന വാര്‍ത്തകള്‍ തെറ്റാണ്. ദൈവാനുഗ്രഹത്താല്‍ ഞാന്‍ പൂര്‍ണ്ണ ആരോഗ്യവാനാണ്. ആലുവ യുസി കോളേജില്‍ ഗരുഡന് സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് ഇപ്പോള്‍. എനിക്ക് ലഭിച്ച ആശംസകള്‍ക്കും ആശങ്കാ സന്ദേശങ്ങള്‍ക്കും നന്ദി...’’ എന്നാണ് ലൊക്കേഷന്‍ ചിത്രമുള്‍പ്പടെ താരം പങ്കിട്ടത്. ആലുവ യുസി കോളേജില്‍ നിലവില്‍ ‘ഗരുഡന്’ എന്ന സിനിമയുടെ ഷൂട്ടിംഗിലാണ് സുരേഷ് ഗോപി ഇപ്പോള്‍.
അനവധി ആരാധകരും പോസ്റ്റിനു താഴെ വിവരം അറിഞ്ഞതില്‍ സന്തോഷം അറിയിച്ചിട്ടുണ്ട്. ഒരു നായയ്ക്കൊപ്പം ഇരിക്കുന്ന ചിത്രമാണ് സുരേഷ് ഗോപി പങ്കുവച്ചത്. അതു പ്രഭാകരനാണോ എന്നാണ് ആരാധകരുടെ ചോദ്യം. ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തില്‍ സുരേഷ് ഗോപിയുടെ വളര്‍ത്തു നായയെ വിളിക്കുന്ന പേരാണ് പ്രഭാകരൻ.
സുരേഷ് ഗോപിക്കൊപ്പം ബിജു മേനോനും കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമാണ് ഗരുഡന്. നവാഗതനായ അരുണ്‍ വര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ലീഗല്‍ ത്രില്ലര്‍ എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാകും ഗരുഡന്. നിയമത്തിന്റെ തലനാരിഴ കീറി മുറിക്കുന്ന ചിത്രം പ്രേക്ഷകര്‍ക്ക് ഏറെ പുതുമയും, ആകാംക്ഷയും നല്‍കുന്നതായിരിക്കും. നടി അഭിരാമിയും ചിത്രത്തില്‍ മുഖ്യ കഥാപാത്രമായി എത്തും. സിദ്ദീഖ്, ദിലീഷ് പോത്തൻ, ജഗദീഷ്, മേജര്‍ രവി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.







Comments