തിരുവനന്തപുരം: കെ.വി തോമസിന് ഒരു ലക്ഷം രൂപ മാസം ഓണറേറിയം നല്‍കാനുള്ള മന്ത്രിസഭാ തീരുമാനത്തെ എതിര്‍ത്ത് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരന്. വേണ്ടപ്പെട്ടവരുടെ വിശ്രമജീവിതം സന്തോഷകരമാക്കാന്‍ ജനങ്ങളെ പിഴിഞ്ഞ് പണം ധൂര്‍ത്തടിക്കുകയാണ് പിണറായി വിജയന്. ഡല്‍ഹിയില്‍ കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായ കെ.വി.തോമസിന് ശമ്പളത്തിനും അലവന്‍സുകള്‍ക്കും പകരം പ്രതിമാസം ഒരുലക്ഷം ഓണറേറിയം അനുവദിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. കേന്ദ്രസര്‍ക്കാരിനോട് സംസ്ഥാനത്തിന്റെ ആവശ്യം കത്തിടപാടുകളിലൂടെ ബോധ്യപ്പെടുത്താന്‍ അനവധി ഐഎഎസ് ഉദ്യോഗസ്ഥരുണ്ട്. അവരെ ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്നും വി.മുരളീധരന് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. വൈദ്യുതി, വെള്ളം എല്ലാത്തിലും നികുതി ചുമത്തി ജനങ്ങളെ പിഴിഞ്ഞാണ് ഈ വക ധൂര്‍ത്തെന്നും കേന്ദ്രമന്ത്രി പ്രതികരിച്ചു.
ജനങ്ങളെ കബളിപ്പിച്ചാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. പാവങ്ങളെ കുരുതിക്കൊടുത്താണ് പിണറായി വിജയനെറ ഭരണം. തിരുവന്തപുരത്ത് തീ പിടുത്തം അണക്കുന്നതിനിടെ ഫയര്‍ഫോഴ്സ് ജീവനക്കാരന് മരിച്ച സംഭവത്തിലും അനാസ്ഥ പുറത്തുവന്നു. കെട്ടിടത്തിന് ഫയര്‍ഫോഴ്സ് അനുമതി ഉണ്ടായിരുന്നില്ല എന്ന് മേധാവി തന്നെ പറഞ്ഞു. ആദ്യ തീപിടുത്തം തീവെട്ടിക്കൊള്ളയുടെ രേഖകള്‍ നശിപ്പിക്കാനായിരുന്നു എന്ന ആരോപണം ഇപ്പോഴും നിലവിലുണ്ട്. കേരളത്തിലെ ജനങ്ങള്‍ക്ക് അബദ്ധം പറ്റിയതാണെന്നും അത് അവര്‍ തിരുത്തുന്ന കാലം ദൂരത്തല്ലെന്നും വി.മുരളീധരന് കൂട്ടിച്ചേര്‍ത്തു.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് പ്രതിപക്ഷം സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവാദങ്ങളല്ല ആവശ്യമെന്നും ചെങ്കോല്‍ അധികാരത്തിനപ്പുറം നീതിനിര്‍വഹണത്തിന്റെ പ്രതീകമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.






