
തനിക്ക് ലോട്ടറിയിലൂടെ ലഭിച്ച തുക മുഴുവനും സാമൂഹിക സേവനത്തിന് ഉപയോഗിച്ച് ഒരു അമേരിക്കന്‍ സ്വദേശി. ആഫ്രിക്കന്‍-അമേരിക്കന്‍ വംശജനായ സൗലെമാന് സനയാണ് ലോട്ടറിയടിച്ച് ലഭിച്ച 50 ലക്ഷത്തിലധികം രൂപ ഗ്രാമത്തിലെ കുട്ടികള്‍ക്ക് സ്കൂള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നുവെന്ന് പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
ഇദ്ദേഹത്തിന് 100,000 ഡോളര്‍, അഥവാ ഏകദേശം 82.7 ലക്ഷം രൂപയാണ് ലോട്ടറി അടിച്ചത്. തന്റെ ഗ്രാമത്തിലെ കുട്ടികള്‍ നല്ലൊരു സ്കൂള്‍ ഇല്ലാത്തതിനാല്‍ ഏറെ ബുദ്ധിമുട്ടുകയാണെന്നും അതിനാല്‍ തനിക്ക് അപ്രതീക്ഷിതമായി ലഭിച്ച ഈ മഹാഭാഗ്യം അവരുടെ കൂടി സന്തോഷത്തിനായി വിനിയോഗിക്കുകയാണെന്നുമാണ് സൗലെമാന് മാധ്യമങ്ങളോട് പറഞ്ഞത്. സൗലെമാന് സന എന്‍സി എജ്യുക്കേഷന്‍ ലോട്ടറിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവെച്ചത്.
ന്യൂബേണ്‍ നിവാസിയാണ് ഇദ്ദേഹം. ഇയാളുടെ സ്വദേശം മാലിയാണ് അതിനാല്‍ തന്നെ സൗലെമാന് മാലിയിലെ തന്റെ ഗ്രാമത്തിലാണ് സ്കൂള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് പഠിക്കാന്‍ മികച്ച സൗകര്യം ഒരുക്കുക മാത്രമാണ് തന്റെ ലക്ഷ്യമെന്നും ഇപ്പോള്‍ അവര്‍ക്ക് പഠിക്കാന്‍ നല്ലൊരു കെട്ടിടമോ മേശയോ പോലും ഇല്ലെന്നും അതിന് പരിഹാരം കാണാനാണ് താന്‍ ഈ ലോട്ടറി എടുത്തതെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ അനുഗ്രഹിക്കപ്പെട്ടവരായതുകൊണ്ടാണ് തനിക്ക് ലോട്ടറി അടിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നികുതി തുക പിടിച്ചശേഷം ഏകദേശം 71,259 ഡോളര്‍ (58.94 ലക്ഷം രൂപ) ആണ് സനയ്ക്ക് ലഭിച്ചത്.






