
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംഘര്‍ഷങ്ങള്‍ തുടരുന്ന മണിപ്പൂരില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനം നടത്തും. മൂന്ന് ദിവസം ഇവിടെ തങ്ങി സമാധാന ശ്രമങ്ങള്‍ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസം മണിപ്പൂരിലുണ്ടായ സംഘര്‍ഷത്തില്‍ സൈന്യവും അര്‍ദ്ധ സൈനിക വിഭാഗവും രംഗത്തിറങ്ങിയിട്ടും പൂര്‍ണമായി അവസാനിച്ചിരുന്നില്ല. സ്ഥിതിഗതി ശാന്തമാകുന്നുവെന്ന് കരുതിയപ്പോഴാണ് വീണ്ടും അക്രമം ഉണ്ടായത്.
ന്യൂ ചെക്കോണില്‍ കഴിഞ്ഞ ദിവസം മുന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചത് മേഖലയില്‍ വീണ്ടും കലാപസമാനമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതിന് മറുപടിയായി മറുവിഭാഗം ആളൊഴിഞ്ഞ വീടുകള്‍ക്കും പള്ളിക്കും തീയിട്ടു. അക്രമികള്‍ ബിഷ്ണുപൂര്‍ ജില്ലയിലെ മൊയ്റാങ്ങില്‍ വര്‍ക് ഷോപ്പിനും തീയിടുകയുണ്ടായി.
ഇതിനിടെ മണിപ്പൂരില്‍ അക്രമത്തില്‍ പങ്കെടുത്തുവെന്ന് സംശയിക്കുന്ന മൂന്ന് പേര് സൈന്യത്തിന്റെ പരിശോധനയില്‍ പിടിയിലായിരുന്നു. ആയുധങ്ങളും സ്ഫോടകവസ്തുക്കളുമായാണ് മൂന്ന് പേരെയും പിടികൂടിയത്. ഇംഫാലിലടക്കം കര്‍ഫ്യൂവും ഇന്റര്‍നെറ്റ് നിയന്ത്രണവും തുടരുകയാണ്.






