
കൊച്ചി: കൊച്ചി പുറംകടലില്‍ മയക്കുമരുന്നുമായി പിടികൂടിയ കപ്പലില്‍ ആധുനിക തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും ഉണ്ടായിരുന്നതായി നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ (എന്‍.സി.ബി.). എന്നാല്‍, കള്ളക്കടത്തുകാര്‍ കപ്പല്‍ മുക്കിയതോടെ അവ പിടിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ല.
ആത്മരക്ഷയ്ക്കായാണു തോക്കുകള്‍ സൂക്ഷിക്കുന്നതെന്നും കള്ളക്കടത്തിനല്ലെന്നുമാണു പിടിയിലായ പാക് സ്വദേശി സുെബെറിന്റെ മൊഴി. എല്‍.ടി.ടി.ഇ. തീവ്രവാദികള്‍ക്കു വേണ്ടിയാണു തോക്കുകള്‍ എന്നാണു നിഗമനം. മയക്കുമരുന്നിനൊപ്പം തോക്കും ദേശവിരുദ്ധ ഗ്രൂപ്പുകള്‍ വാങ്ങുന്നു.
ശ്രീലങ്കയും ഇന്ത്യന്‍സമുദ്രത്തിലെ ചെറുദ്വീപുകളും കേന്ദ്രീകരിച്ചു എല്‍.ടി.ടി.ഇ. അനുഭാവികള്‍ വന്‍തോതില്‍ ആയുധങ്ങള്‍ ശേഖരിക്കുന്നുണ്ട്. മധ്യേഷ്യയിലെ ഐ.എസ്. പോലുള്ള തീവ്രവാദികള്‍ വഴിയാണു കള്ളത്തോക്കുകള്‍ ലഭിക്കുന്നത്. എ.കെ. 47 പോലുള്ള തോക്കുകള്‍ മൂന്നുമാസം കടലില്കിടന്നാലും കേടുപാടു സംഭവിക്കില്ലെന്നാണു എന്‍.സി.ബി. വൃത്തങ്ങള്‍ പറയുന്നത്. കപ്പല്‍ മുക്കിയാലും പിന്നീടു വീണ്ടെടുക്കാന്‍ കഴിയും.
എല്‍.ടി.ടി.ഇയ്ക്കു ഇന്ത്യ ഉള്‍പ്പെടെയുള്ള തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ നിരവധി സ്ലീപ്പീംഗ് സെല്ലുകളുണ്ട്. മനുഷ്യവാസമില്ലാത്ത ദ്വീപുകളിലും തുരുത്തുകളിലുമാണു അവര്‍ ആയുധങ്ങള്‍ ഒളിപ്പിക്കുന്നത്. മയക്കുമരുന്ന് വ്യാപാരത്തോടൊപ്പം അനധികൃത തോക്ക് വ്യാപാരവും വ്യാപകമാകുന്നതു സുരക്ഷാ ഏജന്‍സികളെ കുഴയ്ക്കുന്നുണ്ട്. പിസ്റ്റല്‍ മുതല്‍ അത്യാധുനിക യന്ത്രത്തോക്കുകള്‍ ഉള്‍പ്പെടെ കടത്തുന്നു.
അധോലോക സംഘങ്ങള്‍ക്കു പുറമേ അനധികൃത ആയുധ നിര്‍മ്മാണ ശാലകളും തീവ്രാവദ ഗ്രൂപ്പുകളുമാണു ഇവ വാങ്ങുന്നത്. ഇന്ത്യയില്‍ അടുത്തിടെ നിരോധിക്കപ്പെട്ട സംഘടനയില്‍ പെട്ടവരില്‍ നിന്നു ഇത്തരം ആധുനിക പ്രഹരശേഷിയുള്ള തോക്കുകള്‍ എന്‍.ഐ.എ. പിടികൂടിയിരുന്നു.
2021 ല്‍ ലക്ഷദ്വീപിനു സമീപം പുറംകടലില്‍ മത്സ്യബന്ധന ബോട്ടില്‍ നിന്നു അഞ്ച് എ.കെ. 47 തോക്കുകള്‍ 300 കിലോ ഹെറോയിനൊപ്പം പിടികൂടിയ കേസ് എന്‍.ഐ.എ. അന്വേഷിച്ചുവരികയാണ്. കള്ളക്കടത്തു തോക്ക് കുറഞ്ഞ വിലയില്‍ വാങ്ങി രൂപമാറ്റം വരുത്തിയാണു ഇവര്‍ വില്‍ക്കുന്നത്.
ആയുധക്കടത്ത്- ലഹരി സംഘത്തെ ഒതുക്കാന്‍ ഓപ്പറേഷന് സമുദ്ര എന്നപേരില്‍ നേവിയും കോസ്റ്റ് ഗാര്‍ഡും കസ്റ്റംസും പരിശോധന ഊര്‍ജിതമാക്കിയിട്ടും പുറങ്കടല്‍ വഴിയുള്ള കള്ളക്കടത്ത് വ്യാപകമാണ്.
അതേസമയം, മുക്കിയ കപ്പലില്‍ നിന്നു ആയുധങ്ങളും മയക്കുമരുന്നും ഉണ്ടെങ്കില്‍ അവ വീണ്ടെടുക്കാന്‍ നടത്തിയ ശ്രമം വിജയിച്ചിട്ടില്ല. 1600 മീറ്റര്‍ ആഴമുള്ള ഭാഗത്താണു കപ്പല്‍ മുങ്ങിയത്. എന്നാല്‍, ജി.പി.എസ്. വഴി ട്രാക്ക് ചെയ്തു കള്ളക്കടത്തുകാര്‍ക്കു ഇവ പിന്നീട് വീണ്ടെടുക്കാന്‍ കഴിയും.കപ്പലില്‍ ഉണ്ടായിരുന്ന ഒരാളൊഴികെ മറ്റുള്ളവര്‍ സ്പീഡ് ബോട്ടില്‍ രക്ഷപ്പെട്ടുവെന്നാണു പറയുന്നതെങ്കിലും അതിനുള്ള സാധ്യത കുറവാണെന്നും പറയുന്നു.
ഇറാനിലെ മക്രാന്‍ തുറമുഖത്തു നിന്ന്, 25,000 കോടി രൂപ വിലവരുന്ന 2500 കിലോഗ്രാം രാസലഹരി മരുന്നുമായി പുറപ്പെട്ട പാക് ഉരു ഇന്ത്യന്‍ സമുദ്രമേഖലയില്‍ പ്രവേശിച്ചതോടെ നാവിക സേനയുടെ നിരീക്ഷണത്തിലായിരുന്നു. ഇറാനിലെ ചാബഹാര്‍ തുറമുഖത്തു നിന്നാണു കപ്പല്‍ പുറപ്പെട്ടത്. കടലില്‍ മുങ്ങിയാലും വെള്ളം കയറാത്ത കണ്ടെയ്നറുകളിലാണു രാസലഹരി അടക്കം ചെയ്തിരുന്നത്.






