
പാരമ്പര്യ ചടങ്ങുകള്‍ പ്രകാരം കല്‍ക്കത്തയില്‍ സ്വവര്‍ഗാനുരാഗികളായ യുവതികള്‍ വിവാഹിതരായി. മൗസുമി ദത്തയും മൗമിത മജുംദറുമാണ് പരമ്പരാഗതമായ ബംഗാളി ആചാരങ്ങള്‍ പാലിച്ച് വിവാഹിതരായത്. തിങ്കളാഴ്ച ആയിരുന്നു ഇവരുടെ വിവാഹം. പ്രണയത്തില്‍ ലിംഗഭേദങ്ങള്‍ക്ക് സ്ഥാനമില്ല എന്നാണ് ഇരുവരുടേയും അഭിപ്രായം.
കല്‍ക്കത്തയില്‍ വിവാഹിതരാവുന്ന മൂന്നാമത്തെ ജോഡി സ്വവര്‍ഗാനുരാഗികളാണ് ഇവര്‍. കൊല്‍ക്കത്തയിലെ ബാഗിയാറ്റി നിവാസിയാണ് മൗസുമി. തന്റെ പങ്കാളിയുടെ കുടുംബം അവരെ സ്വീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുമെന്നും മൗസുമി പ്രതീക്ഷിക്കുന്നു.
'സ്നേഹമാണ് എല്ലാത്തിനെയും കീഴടക്കുന്നത്. എല്ലാം കൊണ്ടും നമുക്ക് ഇഷ്ടപ്പെടാനാവുന്ന വ്യക്തികളെ കണ്ടെത്തുക, അവരുമായി ഹൃദയബന്ധം സ്ഥാപിക്കുക, അത് നിലനിര്‍ത്തുക എന്നതാണ് പ്രധാനം എന്നാണ് മൗസുമിയും, മൗമിതയും പറയുന്നത്. കല്‍ക്കത്തയിലാണ് രണ്ടുപേരും ഇപ്പോള്‍ കഴിയുന്നത്. സ്നേഹമുണ്ടെങ്കില്‍ പിന്നെ അവിടെ വിവേചനം ഉണ്ടാകില്ല. സമൂഹം എന്ത് പറയുന്നു എന്നതിലല്ല. തങ്ങള്‍ക്ക് ഇത് സന്തോഷം തരുന്നുണ്ടോ, അങ്ങനെ സന്തോഷത്തിനുവേണ്ടി ആരുടെ കൂടെയായിരിക്കണം ജീവിക്കുന്നത് എന്നത് തങ്ങളുടെ തീരുമാനം ആയിരിക്കണം എന്നും കൂട്ടി ചേര്‍ത്തു.
രാത്രിയില്‍ വിവാഹം ചെയ്ത ശേഷം അത് രഹസ്യമായി പുറത്തറിയാതെ സൂക്ഷിക്കാനായിരുന്നു ആദ്യം ഇവരുടെ തീരുമാനം. എന്നാല്‍ പിന്നീട് എന്‍ജിബിടിക്യു കമ്മ്യൂണിറ്റിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇരുവരും വിവാഹവാര്‍ത്ത പരസ്യമാക്കുകയായിരുന്നു. സ്വവര്‍ഗാനുരാഗ വിവാഹത്തിന് നിയമപരമായ അംഗീകാരം ഇതുവരെ ലഭിച്ചിട്ടില്ല. അംഗീകാരം കിട്ടാന്‍ വേണ്ടി കാത്തിരിക്കുകയാണ് അനേകം സ്വവര്‍ഗാനുരാഗികളെ പോലെ ഇപ്പോള്‍ മൗസുമിയും മൗമിതയും.






