
ഗസിയാബാദ്: ഉറങ്ങിക്കിടന്നപ്പോള്‍ കാലുംകയ്യും കെട്ടിയിട്ട് ഭര്‍ത്താവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍. ഗസിയാബാദില്‍ നടന്ന സംഭവത്തില്‍ പതിവായി മദ്യപിച്ചെത്തി വഴക്കുണ്ടാക്കുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നതിനെ തുടര്‍ന്നായിരുന്നു കൊല നടത്തിയതെന്നാണ് യുവതി പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഞായറാഴ്ച രാത്രി വഴക്കിനെ തുടര്‍ന്നായിരുന്നു കൊലപാതകം.
പതിവായി മദ്യപിച്ച് എത്തുകയും ഭാര്യയെ ഉപദ്രവിക്കുകയും ചെയ്തിരുന്ന ബോബി എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ മോണിക്കയാണ് അറസ്റ്റിലായിരിക്കുന്നത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. പതിവുപോലെ മദ്യപിച്ചെത്തിയ ബോബി ഭാര്യയുമായി വഴക്കുണ്ടാക്കുകയും അവരെ ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തു. അതിന് ശേഷം ഇയാള്‍ കിടന്നുറങ്ങുമ്പോള്‍ ഭാര്യ തന്റെ ദുപ്പട്ട കൊണ്ട് ഇയാളുടെ കാലും കയ്യും കട്ടിലില്‍ പിടിച്ചു കെട്ടുകയും അതിന് ശേഷം കഴുത്തുഞെരിക്കുകയുമായിരുന്നു.
ജലാലാബാദ് ഗ്രാമത്തിലെ കൂലിപ്പണിക്കാരനാണ് ബോബി. അര്‍ദ്ധരാത്രിയോടെ ഒരാള്‍ കട്ടിലില്‍ മരിച്ചു കിടക്കുന്നെന്ന് അയല്‍വാസികള്‍ വിളിച്ചുപറഞ്ഞത് അനുസരിച്ച് പോലീസ് സ്ഥലത്തെത്തുകയും കഴുത്തിലും മറ്റും കണ്ടെത്തിയ അടയാളങ്ങള്‍ വെച്ച് കൊലപാതകമാണെന്ന് സംശയം ഉയര്‍ത്തുകയും ആയിരുന്നു. ബോബിയുടെ ഭാര്യയേയും കുട്ടികളെയും അവിടെയെങ്ങും കണ്ടെത്താനും കഴിഞ്ഞില്ല.
ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പമാണ് ബോബി കഴിഞ്ഞിരുന്നതെങ്കിലും സംഭവം നടക്കുമ്പോള്‍ കുട്ടികള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. സഹോദരനൊപ്പം പോയിരുന്നു. ഭാര്യയെ കാണാതായതിനെ തുടര്‍ന്ന് ഇവരുടെ ഫോണിലേക്ക് പോലീസ് വിളിച്ചപ്പോള്‍ കോളുകള്‍ എടുത്തിരുന്നില്ല. ഇതാണ് സംഭവത്തില്‍ മോണിക്കയെ പോലീസ് ആദ്യം തന്നെ സംശയിക്കാന്‍ കാരണമായത്. തുടര്‍ന്ന് മോണിക്കയെ പിടികൂടാന്‍ പോലീസ് പ്രത്യേക സംഘത്തെ സജ്ജമാക്കുകയും അവര്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു.
പിന്നീട് വീട്ടിലേക്ക് തിരിച്ചെത്തിയ മോണിക്കയെ പോലീസ് ചോദ്യം ചെയ്തു. ആദ്യം തനിക്കൊന്നും അറിയില്ലെന്ന നിലപാട് എടുത്ത മോണിക്ക പിന്നീട് കുറ്റം സമ്മതിച്ചു. 14 വര്‍ഷം മുമ്പാണ് ബോബിയും മോണിക്കയും വിവാഹിതരായത്. അന്നു മുതല്‍ ബോബി മദ്യപിച്ച് എത്തി മോണിക്കയെ ഉപദ്രവിക്കുമായിരുന്നു. സഹികെട്ടാണ് താന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്ന് ഇവര്‍ പറഞ്ഞു.






