
ടിപ്പു സുല്‍ത്താന്‍ ഉപയോഗിച്ചിരുന്ന വാള് കഴിഞ്ഞ ദിവസം 140 കോടി രൂപയ്ക്ക് ലേലം ചെയ്തെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ലേല സ്ഥാപനമായ ബോണ്‍ഹാംസ് ആരാണ് വിറ്റതെന്നോ ആരാണ് വാങ്ങിയതെന്നോ വെളിപ്പെടുത്തിയില്ലെങ്കിലും വിറ്റത് കര്‍ണ്ണാടകയിലെ മുന്‍ മദ്യരാജാവായിരുന്ന വിജയ് മല്യയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
വിജയ് മല്യ 2003 സെപ്തംബര്‍ 19 നാണ് ലേലത്തിലൂടെ ടിപ്പു സുല്‍ത്താന്റെ വാള് സ്വന്തമാക്കിയത്. 2004 ഏപ്രില്‍ 7 നാണ്, അന്നത്തെ ജനതാ പാര്‍ട്ടി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് കൂടിയായ വിജയ് മല്യ, 'ഇന്ത്യയുടെ ഒരു മകന് ഇന്ത്യയുടെ മറ്റൊരു മഹാനായ പുത്രന്റെ മോഷ്ടിച്ച നിധി തിരികെ കൊണ്ടുവന്നു' എന്ന പരസ്യവാചകത്തോടെ ഇന്ത്യയില്‍ ടിപ്പു സുല്‍ത്താന്റെ വാള് അവതരിപ്പിച്ചത്. എന്നാല്‍ പിന്നീടാണ് കഴിഞ്ഞ ദിവസം, ഉദ്ദേശിച്ചതിനേക്കാള്‍ ഏഴിരട്ടി വിലയ്ക്ക് ടിപ്പു സുല്‍ത്താന്റെ വാള് ലേലം ചെയ്തെന്ന വാര്‍ത്ത, വില്‍പ്പന സംഘടിപ്പിച്ച ലേല സ്ഥാപനമായ ബോണ്‍ഹാംസ് പുറത്ത് വിട്ടത്. ലേലത്തില്‍ രണ്ട് പേര് ഫോണിലൂടെയും ഒരാള്‍ നേരിട്ടും പങ്കെടുത്തെന്നും ഏറെ ചൂടേറിയ മത്സരമായിരുന്നെന്നും ബോണ്‍ഹാംസ് ഇസ്ലാമിക് ആന്‍ഡ് ഇന്ത്യന്‍ ആര്‍ട്ട് മേധാവി നിമ സാഗര്‍ച്ചി പറഞ്ഞു.
ടിപ്പുവിന്റെ വാള് ഏതാണ്ട് 204 വര്‍ഷത്തോളം സൂക്ഷിച്ചിരുന്നത് മൂന്ന് വര്‍ഷത്തോളം ടിപ്പുവിന്റെ യുദ്ധത്തടവുകാരനും പിന്നീട് വിട്ടയക്കപ്പെട്ടയാളുമായ ബ്രിട്ടീഷ് മേജര്‍ ജനറല്‍ ഡേവിഡ് ബെയര്‍ഡിന്റെ കുടുംബമായിരുന്നു . പിന്നീട് ലേലത്തില്‍ വച്ച് ഈ വാള് വിജയ് മല്യ ഏറ്റെടുത്തു. മൈസൂര്‍ കടുവയുടെ വാള് മൈസൂരിലേക്ക് തിരിച്ചെത്തിയത് ഇന്ത്യയില്‍ വലിയ വാര്‍ത്തയായി. അന്ന് ബോണ്‍ഹാംസ് പുറത്ത് വിട്ട വാളിന്റെ ചിത്രവും ഇപ്പോള്‍ പുറത്ത് വിട്ട വാളിന്റെ ചിത്രവും ഒന്നാണെന്നും അതിനാല്‍ വിജയ് മല്യയുടെ കൈയിലുണ്ടായിരുന്ന വാളാണ് ഇപ്പോള്‍ ലേലത്തില്‍ വിറ്റതെന്നും ചരിത്രകാരന് നിധിന് ഒലിക്കര അവകാശപ്പെടുന്നു.






