
ഇന്ത്യയിലെ തന്നെ ഏറ്റവും തിരക്കേറിയ നഗരങ്ങളില്‍ ഒന്നാണ് ബെംഗളൂരു. ഈ നഗരത്തിലൂടെ എളുപ്പത്തില്‍ യാത്ര ചെയ്യുക എന്നുള്ളത് വെറും സ്വപ്നം മാത്രമാണ്. കാരണം അത്രമാത്രം ഗതാഗത കുരുക്കാണ് നഗരത്തില്‍ സൃഷ്ടിക്കപ്പെടുന്നത്. ബ്ലോക്കില്‍ കുടുങ്ങാതെ ലക്ഷ്യസ്ഥാനത്തെത്താന്‍ കഴിയുന്നത് ചില ഭാഗങ്ങളിലൊക്കെ അപൂര്‍വമാണ് എന്നും പറയേണ്ടി വരും. സമയം ന്ഷടത്തോടൊപ്പം നാം ഉദ്ദേശിക്കുന്ന പല കാര്യങ്ങളും അന്നേ ദിവസം വളരെ വൈകി ആയിരിക്കും ചെയ്യേണ്ടിവരുന്നത്. ഇതിന് ഉദാഹരണമാണ് കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ. ഗതാഗത കുരുക്കിനിടയില്‍ ഇരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന ബസ് ഡ്രൈവറുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ ജനശ്രദ്ധ പിടിച്ചുപറ്റുന്നത്.
സായി ചന്ദ് ബയ്യവരപ്പു എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഈ രംഗം പകര്‍ത്തിയിരിക്കുന്നത് സില്‍ക്ക് ബോര്‍ഡ് ജംഗ്ഷനില്‍ നിന്നുമാണ്. നേരത്തെ തന്നെ ഗതാഗതക്കുരുക്കിന് പേര് കേട്ടിരിക്കുന്ന പ്രദേശമാണ് സില്‍ക്ക് ബോര്‍ഡ് ജംഗ്ഷന്. വീഡിയോയില്‍ കാണുന്നത്, ബസ് ഗതാഗതക്കുരുക്കില്‍ പെട്ട് കിടക്കുമ്പോള്‍ ബസ് ഡ്രൈവര്‍ തന്റെ ലഞ്ച് കഴിക്കുന്നതാണ്. അയാള്‍ പാത്രത്തില്‍ കരുതിയിരിക്കുന്ന തന്റെ ഭക്ഷണം മുഴുവനും ഗതാക്കുരുക്കില്‍ പെട്ട് കിടക്കുമ്പോള്‍ കഴിച്ചു തീര്‍ക്കുന്നത് വീഡിയോയില്‍ നിന്ന് വ്യക്തമാണ്.
നിമിഷ നേരങ്ങള്‍കൊണ്ടാണ് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. നിരവധി ആളുകള്‍ വീഡിയോയ്ക്ക് കമന്റിടുകയും വീഡിയോ ഷെയര്‍ ചെയ്യുകയും ചെയ്തു. ബംഗളൂരു നഗരം അഭിമുഖീകരിക്കുന്ന ഗതാഗതക്കുരുക്കിന് ഏറ്റവും മികച്ച ഉദാഹരണം എന്നാണ് മിക്കവാറും ആളുകള്‍ വീഡിയോയെ വിശേഷിപ്പിച്ചത്. ബംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്കിനെ കുറിച്ച് ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യാനും വീഡിയോ കാരണമായിത്തീര്‍ന്നു. ഗതാഗതകുരുക്ക് രൂക്ഷമാകുമ്പോള്‍ ആളുകള്‍ക്ക് സമാധാനത്തോടെ ഇരുന്നൊന്ന് കഴിക്കാന്‍ പോലും സാധിക്കില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.






