
സമുദ്ര തീരത്തും ഉള്ക്കടലിലുമെല്ലാം വിനോദത്തിനെത്തുന്നവര്‍ ഏത് നിമിഷവും ജാഗ്രതരായിരിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കാറുണ്ട്. മനുഷ്യനെ ആക്രമിക്കുകയും കൊന്നു തിന്നുകയും ചെയ്യുന്ന ഭീകരജീവികളുടെ താവളം കൂടിയാണ് കടലുകള്‍. ഇവയുടെ ആക്രമണവും ചലനവും ഏത് സമയത്താണ് ഉണ്ടാകുന്നതെന്ന് കണ്ടെത്താന്‍ വളരെ പ്രയാസമാണ്. അങ്ങനെയെങ്കില്‍ രണ്ട് പേര്‍ക്ക് മാത്രം ഇരിക്കാവുന്ന ഒരു തോണിക്കു ചുറ്റും തിമിംഗലങ്ങള്‍ നീന്തിതുടിച്ചാല് എന്തായിരിക്കും അവസ്ഥ? അത്തരമൊരു നിമിഷത്തിലൂടെ കടന്നുപോകുന്ന രണ്ട് പേരുടെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്
അര്‍ജന്റീനയിലെ പ്യൂര്‍ട്ടോ മാഡ്രിനില്‍ ഒരു പാഡില്‍ ബോട്ടിംഗ് നടത്തുകയായിരുന്ന രണ്ടു പേരുടെ സമീപത്തേക്കാണ് രണ്ടോ അതില്‍ കൂടുതലോ തിമിംഗലങ്ങള്‍ എത്തിയത്. നിസ്സഹായരാണെങ്കിലും ഇരുവരും തങ്ങളുടെ അവ്സഥയോര്ത്ത് പുഞ്ചിരിക്കുകയാണ്. ആദ്യത്തെ തിമിംഗലം തങ്ങളുടെ വള്ളത്തിന് തൊട്ട് പുറകിലെത്തിയെന്ന് മനസിലാക്കിയപ്പോള്‍ വള്ളം തുഴയുന്നയാളുടെ മുഖം കാണേണ്ടതായിരുന്നു. മുഖത്തെ രക്തപ്രസാദം കുറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ചിരി മായുന്നില്ല. കൂടെയുള്ള സ്ത്രീ സംസാരിക്കുന്നുണ്ടെങ്കിലും അദ്ദേഹം ദയനീയമായി ചിരിക്കുക മാത്രമാണ് ചെയ്യുന്നത്. ആദ്യത്തെ തിമിംഗലത്തെ കാണുന്നതോടെ അദ്ദേഹം തന്റെ തുഴ തോണിയിലേക്ക് എടുത്ത് വയ്ക്കുന്നു. ഒടുവില്‍ തിമിംഗലങ്ങള്‍ കുറച്ച് ഒന്നകന്നെന്ന് മനസിലായപ്പോഴാണ് അദ്ദേഹം വീണ്ടും തുഴയാനാരംഭിക്കുന്നത്. പക്ഷേ. ആ തുഴച്ചിലിന് നേരത്തെതിനേക്കാള്‍ വേഗം കൂടുതലായിരുന്നു. കാരണം തിമിംഗലങ്ങളുടെ അധികാര പരിതിയിലുള്ള സ്ഥലത്ത് ഇനിയും ചെലവഴിച്ചാല്‍ ആക്രമണം നേരിടുമെന്ന് അവര്‍ക്ക് പൂര്‍ണ്ണ ബോധ്യമുണ്ടായി കാണണം.
തീരത്ത് നിന്ന് അധികം ദൂരമല്ലാത്ത സ്ഥലത്താണ് അവര്‍ തോണിയുമായി തുഴഞ്ഞു നീങ്ങുന്നത്. എങ്കിലും അപ്രതീക്ഷിതമായിരുന്നു തിമിംഗലങ്ങളുടെ വരവ്. ഈ മാന്ത്രിക നിമിഷം അനുഭവിക്കുമ്പോള്‍ നിങ്ങള്‍ എന്തുചെയ്യുമെന്ന് ചോദിച്ച് കൊണ്ടാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോ നിരവധി പേരെ ആകര്‍ഷിച്ചു. ഈ വീഡിയോ കാണുമ്പോള്‍ ഞാന്‍ പൂര്‍ണ്ണമായും കിടക്കയില്‍ സുരക്ഷിതനാണെന്ന് ഒരാള്‍ കുറിച്ചു. ഞാന്‍ ഭ്രാന്തമായി ഭയപ്പെടും, എന്നാല്‍ അതേ സമയം അതിനെ തൊടാനും ആഗ്രഹിക്കുന്നു. എന്തുകൊണ്ട് ചെയ്തില്ല എന്നാണ് ചിലര്‍ ചോദിക്കുന്നത്. തിമിംഗലങ്ങള്‍ ഇരുവരെയും ആക്രമിക്കാതെ തിരികെ പോയതാണ് പലരെയും അതിശയിപ്പിച്ചത്.






