
ലോകഫുട്ബോളര്‍ ലിയോണേല്‍ മെസ്സിയുടെ അടുത്ത ക്ലബ്ബ് ഏതാണെന്ന് അറിയാനാണ് ആരാധകരുടെ ആകാംഷ മുഴുവന്‍. പിഎസ്ജി വിടുന്ന താരം യൂറോപ്പിലേക്ക് പോകുമോ സൗദി അറേബ്യന്‍ ലീഗിലേക്ക് പോകുമോ എന്ന് ലോകം മുഴുവനുമുള്ള കായികപ്രേമികള്‍ ഉറ്റു നോക്കുമ്പോള്‍ ഫ്രഞ്ച് ക്ലബ്ബിനൊപ്പമുള്ള തന്റെ അവസാന മത്സരം കളിക്കാനൊരുങ്ങുകയാണ് മെസ്സി.
ഫ്രഞ്ച് ലീഗ് വണ്ണില്‍ കിരീടം നേടിയ പിഎസ്ജി കുപ്പായത്തില്‍ ശനിയാഴ്ചയാണ് മെസ്സിയുടെ അവസാന മത്സരം. ക്ളെര്മോണ്ടിനെതിരേയാണ് ടീമിന്റെ കളി. കഴിഞ്ഞ ഏതാനും മാസമായി ക്ലബ്ബും താരവും തമ്മിലുള്ള ബന്ധം അത്ര സുഖകരമായിട്ടല്ല പോകുന്നത്.
താരം ക്ലബ്ബുമായി കരാര്‍ പുതുക്കുന്നില്ല, ടീം വിടുകയാണ് എന്ന രീതിയിലാണ് വാര്‍ത്തകള്‍. ശനിയാഴ്ചത്തെ മത്സരം താരത്തിന്റെ പിഎസ്ജി യ്ക്കൊപ്പമുള്ള അവസാനത്തെ കളിയായിരിക്കുമെന്ന് പരിശീലകന് ഗാള്‍ട്ടിയറും വ്യക്തമാക്കി.
പാര്‍ക്ക് ഡെസ് പ്രിന്‍സസിലാണ് അവസാന മത്സരത്തിനായി മെസ്സി ഇറങ്ങുന്നത്. സൗദിയുടെ ടൂറിസം ബ്രാന്‍ഡ് അംബാസഡറായ മെസ്സി അടുത്തിടെ കുടുംബത്തോടൊപ്പം സൗദിയില്‍ പോയിരുന്നത് വിവാദമായിരുന്നു.
ക്ലബ്ബിന്റെ അനുവാദം ഇല്ലാതെ പോയ മെസ്സിയെ ക്ലബ്ബ് രണ്ടാഴ്ച നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. നടപടിയ്ക്ക് എതിരേ മെസ്സിയുടെ സഹതാരങ്ങള്‍ പോലും രംഗത്ത് വന്നിരുന്നു. ഇതിന് പിന്നീട് മെസ്സി പരസ്യമായി മാപ്പു പറയുകയും ചെയ്തിരുന്നു.
പിഎസ്ജിയ്ക്ക് വേണ്ടി ഈ സീസണില്‍ മികച്ച പ്രകടനം നടത്തിയ മെസ്സി പിഎസ്ജിയ്ക്ക് വേണ്ടി 74 കളികളില്‍ 32 കളിയിലും സ്കോര്‍ ചെയ്തിരുന്നു. 2021 ല്‍ ബാഴ്സിലോണയില്‍ നിന്നും പിഎസ്ജിയില്‍ എത്തിയ താരത്തിന് ആദ്യ സീസണ് അത്ര മികച്ചതല്ലായിരുന്നു.
രണ്ടാം സീസണില്‍ താരം മികച്ച പ്രകടനം പുറത്തെടുത്തു. അതേസമയം താരത്തിന്റെ അടുത്ത കളി എവിടെയായിരിക്കും എന്നാണ് ആരാധകര്‍ നോക്കുന്നത്. സൗദിയിലെ തന്നെ അല്‍ഹിലാലില്‍ എത്തുമോ തന്റെ പഴയ ടീമായ ബാഴ്സിലോണയിലേക്ക് താരം തിരിച്ചുപോകുമോ എന്ന ആകാംഷയിലാണ് ആരാധകര്‍. ഇതിനൊപ്പം അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗിലെ ഇന്റര്‍മിയാമിയും താരത്തിന് പിന്നാലെയുണ്ട്.





