
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലെ എക്കാലത്തെയും ഏറ്റവും മികച്ച നായകന്. 42 ാം വയസ്സിലും ക്രിക്കറ്റ് കളങ്ങളില്‍ മിന്നിത്തിളങ്ങുന്ന എംഎസ് ധോണിയെക്കുറിച്ച് പറയുമ്പോള്‍ ആദ്യം ആരാധകരുടെ മനസ്സില്‍ വരിക ഇതായിരിക്കും. ഐപിഎല്‍ അവസാനിച്ച സീസണിലും കപ്പടിച്ച ധോണിയും അദ്ദേഹത്തിന്റെ ചെന്നൈ സൂപ്പര്‍കിംഗ്സും ഐപിഎല്ലില്‍ അഞ്ചു തവണയാണ് കപ്പുയര്‍ത്തിയത്. എന്നാല്‍ കളിക്കളത്തിന് പുറത്ത് ഒന്നാന്തരം ബിസിനസ് കാരന് കൂടിയായ ധോണിയ്ക്ക് ആയിരംകോടിയില്‍ അധികമാണ് ആസ്തിയെന്നാണ് കണക്കുകള്‍ പറയുന്നത്.
ഹോട്ടല്‍ വ്യവസായത്തില്‍ തുടങ്ങി സ്പോര്‍ട്സിലും സിനിമയിലും വിദ്യാഭ്യാസമേഖലയിലും വരെ ധോണി പണമിറക്കിയിട്ടുണ്ട്. ഇന്ത്യയിലും പുറത്തുമായി അനേകം ആരാധകരുള്ള മഹേന്ദ്ര സിംഗ് ധോണി കൈ വെച്ച മേഖലകളിലെല്ലാം വന്‍ വിജയമാണ് നേടിക്കൊണ്ടിരിക്കുന്നത്.
ക്രിക്കറ്റിന് പുറത്തും വന്‍ നേട്ടം
ക്രിക്കറ്റ് കളത്തില്‍ നിന്നു തന്നെ വന്‍ നേട്ടമുണ്ടാക്കുന്ന ധോണി ക്രിക്കറ്റിന് പുറത്തും പണമിറക്കിയിട്ടുണ്ട്. സ്വന്തം ഐപിഎല്‍ ടീമായ സിഎസ്കെയില്‍ നിന്നും വര്‍ഷം തോറും താരം നേടുന്നത് 12 കോടി രൂപയാണ്. ഖട്ടാബുക്ക്, കാര്‍സ് 24, ഷാകാ ഹാരി, ഗരുഡ എയര്‍സ്പേസ് എന്നിങ്ങനെ അനേകം ബിസിനസ് സംരംഭങ്ങളിലും ധോണി പണമെറിഞ്ഞിട്ടുണ്ട്. ഫിറ്റ്നസ് ലൈഫ് സ്റ്റൈല്‍ ബ്രാന്‍ഡായ സെവനിലെ ഏറ്റവും വലിയ ഓഹരിയുടമയുമാണ്. ധോണിയുടെ സമ്പത്തില്‍ ഒരു നല്ല ഭാഗം പരസ്യത്തില്‍ നിന്നും കിട്ടുന്നുണ്ട്.
സ്പോര്‍ട്സ് മാനേജ്മെന്റ് കമ്പനി
സ്പോര്‍ട്സ് മാനേജ്മെന്റ് കമ്പനിയായ റിതിയില്‍ താരത്തിന് നിക്ഷേപമുണ്ട്. അനേകം ഇതിഹാസ കായിക താരങ്ങളുടെ മാനേജ്മെന്റ് വര്‍ക്കുകള്‍ റിതി കൈകാര്യം ചെയ്യുന്നുണ്ട്. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ മൂന് നായകന് ഫാഫ് ഡ്യുപ്ളെസി, ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ്മ, ഇന്ത്യയുടെ ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍കുമാര്‍ എന്നിവരെല്ലാം റിതിയുടെ ഇടപാടുകാരാണ്.
ധോണിയുടെ വസ്ത്ര ചെരുപ്പ് ബ്രാന്‍ഡുകള്‍
2016 ല്‍ ധോണി സെവന് എന്ന പേരില്‍ വസ്ത്ര, പാദരക്ഷ ബിസിനസില്‍ ഇറങ്ങിയിരുന്നു. ഈ കമ്പനിയുടെ പൂര്‍ണ്ണമായ ഉടമസ്ഥത ധോണിയ്ക്കാണ്. ചെരുപ്പ് ബിസിനസിന് പുറമേ ഭക്ഷണ, പാനീയ ബിസിനസിലും താരത്തിന് മുതല്‍മുടക്കുണ്ട്. സെവന് ഇന്‍ ബ്രൂവ്സ് എന്ന ബീവറേജസ് സ്റ്റാര്‍ട്ട് അപ്പും കോപ്റ്റര്‍ സെവന് എന്ന ചോക്ക്ലേറ്റ് ബ്രാന്റും ധോണിയുടെ പേരിലുള്ളതാണ്. തന്റെ ഹെലികോപ്റ്റര്‍ ഷോട്ടില്‍ നിന്നുമാണ് ധോണി ഈ ബ്രാന്റിന്റെ പേര് വന്നതും.
ധോണിയുടെ ഫിറ്റ്നസ് കമ്പനി
ക്രിക്കറ്റിലെ ഏറ്റവും കായികക്ഷമതയുള്ള താരങ്ങളില്‍ ഒരാളായിട്ടാണ് ധോണിയെ കണക്കാക്കുന്നത്. ഫിറ്റ്നസിനെ താരം പ്രമോട്ട് ചെയ്യുന്നതിന് ഇതൊരു കാരണവുമാണ്. ധോണി സ്പോര്‍ട്സ്ഫിറ്റ് എന്ന പേരില്‍ 200 ഫിറ്റ്നസ് ചെയിനുകളാണ് രാജ്യത്തുടനീളം ഈ കമ്പനിയ്ക്കുള്ളത്.
ധോണിയുടെ സ്വന്തം ഫുട്ബോള്‍, ഹോക്കി ടീമുകള്‍
ക്രിക്കറ്റിന് പുറമേ ഫുട്ബോളിലും ആക്ടീവായി പങ്കെടുക്കുന്ന താരമാണ് ധോണി. ക്രിക്കറ്റിന് മുമ്പ് സ്കൂളിലെ ഫുട്ബോള്‍ ടീമിന്റെ ഗോള്‍കീപ്പറായിരുന്ന ധോണിയെന്ന് അറിയാത്തവര്‍ ചുരുക്കമാണ്. ക്രിക്റ്റിനപ്പുറത്ത് ഫുട്ബോളിലും ഹോക്കിയിലും താരം പണമിറക്കിയിട്ടുണ്ട്. ഐപിഎല്ലിലെ ചെന്നൈ സൂപ്പര്‍കിംഗ്സ് പോലെ ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്ബോളില്‍ ചെന്നൈയിന് എഫ്സിയില്‍ ധോണി പണമിറക്കിയിട്ടുണ്ട്. ഹോക്കി ടീമായ റാഞ്ചി റേയ്സിന്റെ സഹ ഉടമകൂടിയാണ് ധോണി.
ധോണിയുടെ അന്താരാഷ്ട്ര സ്കൂള്‍
ബംഗലുരുവില്‍ ധോണി ഒരു സ്കൂളും ആരംഭിച്ചിട്ടുണ്ട്. എംഎസ് ധോനി ഗ്ളോബല്‍ സ്കൂള്‍ ഇംഗ്ളീഷ് മീഡിയം എന്ന സ്കൂള്‍ വഴി സോഫ്റ്റ്വേര്‍ വമ്പനായ മൈക്രോസോഫ്റ്റുമായും ധോണി കൈ കോര്‍ത്തിട്ടുണ്ട്. സിലബസ് അനുസരിച്ചുള്ള പ്രോഗ്രാമുകള്‍ ഇവരാണ് പഠിപ്പിക്കുന്നത്.
സിനിമയിലും കൈവെച്ച് ധോണി
സിനിമാ വ്യവസായത്തിലൂം അരക്കൈ നോക്കിയിട്ടുണ്ട്. ധോണിയുടെ ധോണി എന്റര്ടെയ്ന്മെന്റ് തമിഴില്‍ ഇതിനകം സിനിമാ നിര്‍മ്മാണം തുടങ്ങിയിട്ടുമുണ്ട്. ലെറ്റ്സ് ഗെറ്റ് മാര്യേജ് എന്ന സിനിമയുമായിട്ടാണ് ധോണി സിനിമാരംഗത്ത് ഇറങ്ങിയത്. സിനിമയുടെ പോസ്റ്റര്‍ അടുത്തിടെയാണ് പുറത്തുവിട്ടത്.
ഡ്രോണ്‍ കമ്പനിയിലും കൈകടത്തി
ഗരുഡാ എയര്‍സ്പേസ് എന്ന കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡറാണ് ധോണി. ഡ്രോണുകള്‍ നിര്‍മ്മിക്കുന്നതില്‍ പ്രശസ്തരായ കമ്പനിയില്‍ പക്ഷേ താരം പണനിക്ഷേപം നടത്തിയിട്ടുണ്ടോ എന്ന് വ്യക്തമല്ല.
ഹോട്ടല്‍ വ്യവസായത്തിലും കൈ വെച്ചു
റാഞ്ചിയിലെ മഹി റെസിഡന്‍സി ഹോട്ടല്‍ ധോണിയുടേതാണ്. അതേസമയം ഇതെയാരു ഹോട്ടല്‍ ചെയിനല്ല. ധോണിയുടെ ഉടമസ്ഥതയിലുള്ള ഏക ഹോട്ടലും ഇതാണ്.


