ചെന്നൈ: ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി തമിഴ്നാടും ബംഗാളും ഒഡീഷയിലേക്ക് മന്ത്രിതല സംഘത്തെ അയച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന് അടങ്ങുന്ന സംഘം ഒഡീഷയിലേക്ക് പുറപ്പെട്ടു. മന്ത്രിമാരുമായ എസ്.എസ് ശിവശങ്കര്‍, അന്‍ബില്‍ മഹേഷ് എന്നിവരും ഉദയനിധിക്കൊപ്പമുണ്ട്.
ഒഡീഷ മുഖ്യമന്ത്രിയുമായി സംസാരിച്ചു. സ്ഥലത്തെത്തിയ ശേഷം കൂടുതല്‍ വിവരങ്ങള്‍ അറിയിക്കാം. അപകടത്തില്‍പെട്ട തമിഴ്നാട് സ്വദേശികള്‍ക്ക് ചികിത്സയ്ക്കുള്ള എല്ലാ സൗകര്യങ്ങളും തമിഴ്നാട്ടിലെ ആശുപത്രികളില്‍ ഒരുക്കിയിട്ടുണ്ട്- ഉദയനിധി അറിയിച്ചു. തമിഴ്നാട്ടില്‍ കരുണാനിധിയുടെ ജന്മദിനാഘോഷങ്ങള് നിര്‍ത്തിവച്ചതായി മുഖ്യമന്ത്രിയും അറിയിച്ചു.
പശ്ചിമ ബംഗാളും മന്ത്രിതല സംഘത്തെ ഒഡീഷയിലേക്ക് അയച്ചിട്ടുണ്ട്. എന്‍ഡിആര്‍എഫ്, ഒഡിആര്‍എഫ്, അഗ്നിശമന സേന, പോലീസ് , പ്രദേശിക സംവിധാനങ്ങള്‍ എല്ലാം രക്ഷാദൗത്യത്തില്‍ പങ്കെടുക്കുന്നുണ്ട്.
അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് രക്തം നല്‍കുന്നതിന് ആയിരക്കണക്കിന് ആളുകളാണ് രക്തദാന യൂണിറ്റുകള്‍ക്കു മുന്നില്‍ തടിച്ചുകൂടിയിരിക്കുന്നത്. ഇന്നലെ രാത്രി മാത്രം 500 യൂണിറ്റ് രക്തം സ്വീകരിച്ചു. 900 യൂണിറ്റ് അധിക സ്റ്റോക് ഉണ്ട്. കൂടുതല്‍ ആളുകള്‍ രക്തം നല്‍കുന്നതിനായി ആശുപത്രികളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.