
കഴിഞ്ഞ ആറ് വര്‍ഷക്കാലത്തോളമായി ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ആളുകള്‍ ജീവിക്കുന്ന രാജ്യമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ഫിന്‍ലാന്‍ഡ്. ഫിന്‍ലാന്‍ഡ് കാര്‍ക്ക് ഇത്ര സന്തോഷം എങ്ങനെയുണ്ടാകുന്നു എന്ന രഹസ്യമറിയാന്‍ താല്പര്യമുള്ളവര്ക്കായി ഇപ്പോഴിതാ പുതിയൊരു ടൂറിസം പദ്ധതിയുമായി എത്തിയിരിക്കുകയാണ് വിസിറ്റ് ഫിന്‍ലാന്‍ഡ് ഓര്ഗനൈസേഷന്. ഈ പദ്ധതിയുടെ ഭാഗമായി ഈ മാസം തെരഞ്ഞെടുക്കപ്പെടുന്ന 14 ഭാഗ്യശാലികള്‍ക്കായി ഒരു മാസ്റ്റര്‍ ക്ലാസ് സംഘടിപ്പിക്കപ്പെടുന്നു. ഇതില്‍ പങ്കാളികളാകുന്നവര്‍ക്ക് ആധികാരികമായി ഫിന്‍ലാന്‍ഡിനെ അടുത്തറിയാന്‍ സാധിക്കും.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആഡംബര ഹോട്ടല്‍ മുറികളില്‍ താമസവും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ഗതാഗതവും ഭക്ഷണവും ഉള്‍പ്പെടെയെല്ലാം സൗജന്യമായിരിക്കും. സംഘടിപ്പിക്കപ്പെടുന്ന മാസ്റ്റര്‍ ക്ലാസില്‍ ഓരോ ദിവസവും ആരോഗ്യം, പ്രകൃതി, ഭക്ഷണം, ക്ഷേമം തുടങ്ങിയ പ്രത്യേക വിഷയങ്ങള്‍ അവതരിപ്പിക്കപ്പെടും. ഫിന്ലന്ഡിെന്റ പകുതിയിലേറെയും വനത്താല്‍ മൂടപ്പെട്ടിരിക്കുന്നതിനാല്‍ വനത്തെ അടുത്തറിയുന്ന പരിപാടികളും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രക്രിയക്കിടയില്‍ 190 രാജ്യങ്ങളില്‍ നിന്നുള്ള 1,50,000 അപേക്ഷകളാണ് ലഭിച്ചത്. കുറഞ്ഞ വരുമാന അസമത്വവും കുറഞ്ഞ തോതിലുള്ള അഴിമതിയും ഉയര്‍ന്ന നിലവാരമുള്ള ആരോഗ്യ പരിരക്ഷാ സംവിധാനവുമാണ് ഫിന്‍ലാന്റിനെ മറ്റ് രാജ്യങ്ങളില്‍ നിന്നും വേറിട്ട് നിര്‍ത്തുന്നതെന്നാണ് വേള്‍ഡ് ഹാപ്പിനെസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.






