
റിലീസിന് മുന്‍പേ വിവാദമായി മാറിയതാണ് സുദീപ്തോ സെൻ സംവിധാനം ‘ദ കേരള സ്റ്റോറി’. ഐഎസിന്റെ ഭീകരവാദ പ്രവര്‍ത്തനങ്ങളെ ചിത്രീകരിക്കുന്നതാണ് സിനിമ. കേരളത്തിലെ മതപരിവര്‍ത്തനം ആരോപിച്ചിരിക്കുകയാണ് ചിത്രത്തില്‍. ഇതിനെതിരെയാണ് രൂക്ഷ വിമര്‍ശനം നിറയുന്നത്. എന്നാല്‍ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്ക്കിടിയിലും ബോളിവുഡിലെ വലിയ വിജയങ്ങളിലൊന്നായി 200 കോടിയ്ക്ക് മുകളിലാണ് ചിത്രം സ്വന്തമാക്കി. ഇപ്പോഴിതാ ഫിലിം എഡിറ്റര്‍ ബീനാ പോള്‍ കേരള സ്റ്റോറിയ്ക്കെതിരെ രംഗത്തു വന്നിരിക്കുകയാണ്. ഒരു സിനിമാറ്റിക് മൂല്യവുമില്ലാത്ത വസ്തുതാ വിരുദ്ധമായ സിനിമയാണ് കേരള സ്റ്റോറി എന്നാണ് ബീനാ പോള്‍ പറയുന്നത്.
‘‘ഈ ചിത്രത്തിന് അനാവശ്യമായി ഇത്രയും മൈലേജ് ലഭിച്ചതില്‍ ഞാൻ അസ്വസ്ഥയാണ്. ആരും ഇതിനെക്കുറിച്ച് സംസാരിക്കാതെ ഇരുന്നാല്‍ മതിയായിരുന്നു. എങ്കില്‍, ഈ സിനിമയ്ക്ക് സ്വാഭാവികമായ മരണം സംഭവിക്കുമായിരുന്നു. ഇന്നത്തെ സാഹചര്യത്തില്‍ ആര്‍ക്കും വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പറയാൻ കഴിയും, അവര്‍ സംരക്ഷിക്കപ്പെടുകയും ചെയ്യും. വസ്തുതകള്‍ തെറ്റായി ചിത്രീകരിച്ചതിനാലാണ് സംവിധായകന് ചിത്രത്തിന്റെ ട്രെയിലര്‍ മാറ്റേണ്ടിവന്നത്. വസ്തുതാപരമായി തെറ്റായ ഒരു സിനിമ തലക്കെട്ടുകളില്‍ ഇടംപിടിക്കുന്നതും ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം നടത്തുന്നതും കാണുമ്പോള്‍ എനിക്ക് സങ്കടം തോന്നുന്നു. ഞാന്‍ സിനിമ കണ്ടിട്ടില്ല. എന്നാല്‍ ഞാന്‍ കേട്ടത് വച്ച്, ഈ സിനിമ വസ്തുതാപരമായി തെറ്റാണ്. ചിത്രത്തിന് ഒരു തരത്തിലുള്ള സിനിമാറ്റിക് മൂല്യവും ഇല്ല. കേരളത്തെപ്പറ്റി ചില ആളുകളുടെ ആഗ്രഹം ഊട്ടിയുറപ്പിക്കുക മാത്രമാണ് കേരള സ്റ്റോറി...’’ എന്നാണ് ബീന പോള്‍ പറയുന്നത്.
ബീന പോളിന്റെ പ്രതികരണത്തിനു താഴെ വിമര്‍ശിച്ചും അനുകൂലിച്ചും പലരും കമന്റുകളിടുന്നുണ്ട്. സിനിമ കണ്ടിട്ട് അഭിപ്രായം പറയുന്നതല്ലേ നല്ലത് എന്നതടക്കമാണ് കമന്റുകള്‍.






