
മൂന്ന് കിലോമീറ്റര്‍ അകലെയുള്ള സ്കൂളിലേക്ക് പോകാന്‍ സഹോദരിമാരായ വിദ്യാര്‍ത്ഥികള്‍ കണ്ടെത്തിയ മാര്‍ഗമാണ് ഒടുവില്‍ വന്‍ നേട്ടത്തിലേക്ക് അവരെ അടുപ്പിച്ചത്. കോട്ടയം ചെങ്ങളം സ്വദേശികളാണ് നിതയും നിയയും. വീട്ടില്‍ നിന്നും ബസില്‍ സ്കൂളിലേക്ക് പോകണ്ട സാഹചര്യം ഒഴിവാക്കാനാണ് സഹോദരങ്ങളായ ഇരുവരും സൈക്കിള്‍ മാര്‍ഗം തിരഞ്ഞെടുത്തത്. അങ്ങനെ തുടങ്ങിയ സൈക്കിള്ച്ചവിട്ട് ഒടുവില്‍ ദേശീയ സംസ്ഥാന മെഡലുകള്‍ക്ക് അവരെ അര്ഹരാക്കിയിരിക്കുകയാണ്.
ചെങ്ങളം മരുതന പനയിടത്തുശേരിയില് നിത ആന്‍ ഏബ്രഹാമും(17) നിയ ആന്‍ ഏബ്രഹാമും(14) സൈക്ലിങ്ങില്‍ വിജയം കൊയ്ത കഥ തുടങ്ങുന്നത് ഇങ്ങനെയാണ്. മാന്നാനം സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറിയായ പിതാവ് എബി ജേക്കബും അമ്മ ബിന്ദു എബിയും മക്കളെ വളരെ ഏറെ പ്രോത്സാഹിപ്പിച്ചിരുന്നു. തുടര്‍ന്ന് തങ്ങളുടെ വിജയത്തിലേക്ക് ഇവര്‍ കുതിച്ചുയരുകയായിരുന്നു. നിയ കഴിഞ്ഞ വര്‍ഷം ഹരിയാനയില്‍ നടന്ന ദേശീയ മൗണ്ടന്‍ സൈക്ലിങ്ങില്‍ വെങ്കല മെഡല്‍ സ്വന്തമാക്കി. ചേച്ചി നിത സംസ്ഥാന സ്കൂള്‍ ഗെയിംസില്‍ വെങ്കലവും നേടി.






