ബാലസോര്‍: ഈ മാസം രണ്ടിന് ഒഡീഷയിലെ ബാലസോറില്‍ ദുരന്തമുണ്ടായ റെയില്‍വേ പാളത്തിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിച്ചു. അപകടം നടന്ന് 51 മണിക്കൂറിനുള്ളിലാണ് ഗതാഗതം സാധാരണ നിലയിലായത്. ചരക്കുവണ്ടി കടത്തിവിട്ടുകൊണ്ടായിരുന്നു പരീക്ഷണ ഓട്ടം. പാളം ശരിയായ നിലയിലാണെന്ന് ബോധ്യപ്പെട്ടതോടെ വന്ദേ ഭാരത് എക്സ്പ്രസ് ഇതുവഴി കടന്നുപോയി.
അതിനിടെ, ഒഡീഷയിലെ ബര്ഘട്ടില് കുമ്മായം കയറ്റിപ്പോയ ചരക്കുവണ്ടി പാളംതെറ്റി. ഒരു സിമന്റ് കമ്പനിയിലേക്ക് പോയതായിരുന്നു ചരക്കുവണ്ടി. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്‍ജിനും വാഗണുകളും ട്രെയിന്‍ ട്രാക്കും കമ്പനി തന്നെ നേരെയാക്കി. സംഭവവുമായി റെയില്‍വേക്ക് ബന്ധമില്ലെന്ന അധികൃതര്‍ അറിയിച്ചു.
അതിനിടെ, ഞായറാഴ്ച തമിഴ്നാട്ടില്‍ വന്‍ ദുരന്തം ഒഴിവായി. കൊല്ലം- ചെന്നൈ എഗ്മോര്‍ എസ്പ്രസ് ട്രെയിന്റെ ബോഗിയില്‍ ടയറുകള്‍ക്കു മുകളിലായി വിള്ളല്‍ കണ്ടെത്തി. എസ്-3 കോച്ചിലായിരുന്നു വിള്ളില്‍. ചെങ്കോട്ട റെയില്‍വേ സ്റ്റേഷനില്‍ 3.36 ഓടെ ട്രെയിന്‍ എത്തിയപ്പോഴാണ് വിള്ളല്‍ കണ്ടെത്തിയത്. ബോഗി മാറ്റിയ ശേഷമാണ് പിന്നീട് സര്‍വീസ് തുടര്‍ന്നത്.






