
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ അധ്യയന വര്‍ഷം ഏപ്രില്‍ ആറു വരെ നീട്ടാനുള്ള തീരുമാനത്തില്‍നിന്നു വിദ്യാഭ്യാസ വകുപ്പ് പിന്മാറി. മാര്‍ച്ച് 31നു ക്ലാസുകള്‍ അവസാനിച്ച് ഏപ്രില്‍ ഒന്നിനു തന്നെ മധ്യവേനല്‍ അവധി ആരംഭിക്കും. അധ്യാപക സംഘടനകളുടെ എതിര്‍പ്പിനെത്തുടര്‍ന്നാണു പിന്മാറ്റം.
2023-24 അക്കാദമിക് വര്‍ഷത്തെ അധ്യയന ദിനങ്ങള്‍ 205 ആയി നിജപ്പെടുത്തി. സ്കൂള്‍ പഠനദിവസങ്ങള്‍ 210 ആക്കുന്നതിന്റെ ഭാഗമായാണ് ഏപ്രില്‍ ആറു വരെ ക്ലാസ് നീട്ടാന്‍ തീരുമാനിച്ചത്. എന്നാല്‍, അധ്യാപക സംഘടനകളുടെ അഭ്യര്‍ഥന മാനിച്ച് 205 പഠനദിവസങ്ങളെന്നു തീരുമാനിക്കുകയായിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനം.
മുഴുവന്‍ ശനിയാഴ്ചകളും അധ്യയന ദിവസങ്ങളാക്കുന്നു എന്ന പ്രചാരണം ശരിയല്ലെന്നും മന്ത്രി അറിയിച്ചു. അധ്യയന വര്‍ഷത്തിലെ ആകെയുള്ള 52 ശനിയാഴ്ചകളില്‍ 13 ശനിയാഴ്ചകള് മാത്രമാണ് പ്രവൃത്തിദിനമായി നിശ്ചയിച്ചിട്ടുള്ളത്. നിലവിലെ നിയമങ്ങളും കോടതി വിധികളും ഒരാഴ്ചയില്‍ അഞ്ചു പ്രവൃത്തിദിനങ്ങള്‍ വേണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അഞ്ച് അധ്യയന ദിനങ്ങള്‍ ലഭിക്കാത്ത ആഴ്ചകളില്‍ ശനിയാഴ്ച പഠന ദിവസമാക്കിയിട്ടുള്ളത്.
2022-23 അക്കാദമിക വര്‍ഷത്തില്‍ 198 അധ്യയന ദിനങ്ങളാണ് വിദ്യാഭ്യാസ കലണ്ടറില്‍ ഉണ്ടായിരുന്നത്. അതിനോടൊപ്പം നാലു ശനിയാഴ്ചകള് കൂടി അധ്യയന ദിനങ്ങളാക്കി. 2023-24 അക്കാദമിക വര്‍ഷത്തില്‍ 192 അധ്യയനദിനങ്ങളും 13 ശനിയാഴ്ചകളും ചേര്‍ന്ന് 205 അധ്യയന ദിനങ്ങളാണ് ഉണ്ടാകുക.
യോഗത്തില്‍ പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ് തുടങ്ങിയവരും പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഒന്നു മുതല്‍ പത്തുവരെയുള്ള ക്ലാസുകള്‍ക്ക് മധ്യവേനല്‍ അവധി ഏപ്രില്‍ 6 മുതല്‍ ആയിരിക്കുമെന്ന് സംസ്ഥാന പ്രവേശനോല്‍ത്സവ വേദിയില്‍ വിദ്യാഭ്യാസമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍, ഏകപക്ഷീയമായ തീരുമാനം അംഗീകരിക്കില്ലെന്നായിരുന്നു അധ്യാപക സംഘടനകളുടെ നിലപാട്.






