
മരിച്ചിട്ട് രണ്ടര പതിറ്റാണ്ട് പിന്നിട്ടെങ്കിലും മലയാള സിനിമാലോകത്ത് എന്നും ചര്‍ച്ചയാകുന്നതാണ് സില്‍ക്ക് സ്മിതയുടെ കരിയറും വ്യക്തിജീവിതവും. മാദക താരമായി ഒരു കാലത്ത് അറിയപ്പെട്ട സില്‍ക് സ്മിതയുടെ ജീവിതം അത്രകണ്ട് സുഖകരമായിരുന്നില്ല. പല കയ്പേറിയ അനുഭവങ്ങളുമുണ്ടായ സില്‍ക്കിന്റെ ജീവിതത്തിലും മരണത്തിലും ദുരൂഹതകളേറെയാണ്. തന്റെ കുടുംബത്തെക്കുറിച്ച് സ്മിത എവിടെയും തുറന്നു പറഞ്ഞിട്ടില്ല. ആന്ധ്രാപ്രദേശില്‍ ജനിച്ച സ്മിതയെ ചെറിയ പ്രായത്തില്‍ വീട്ടുകാര്‍ വിവാഹം കഴിപ്പിച്ചു. എന്നാല്‍ ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും മോശം പെരുമാറ്റം മൂലം ഈ ബന്ധം ഉപേക്ഷിച്ച് സ്മിത സിനിമാ സ്വപ്നവുമായി നാട് വിട്ടു. മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ സഹായിയായി കരിയര്‍ തുടങ്ങിയ സ്മിത പിന്നീട് സില്‍ക് സ്മിതയെന്ന താരമായി വളര്‍ന്നു. ഇത് മാത്രമേ നടിയുടെ തുടക്കകാലത്തെക്കുറിച്ച് സിനിമാ ലോകത്തിന് അറിയൂ. തന്റെ വ്യക്തിപരമായ കാര്യങ്ങള്‍ മരണം വരെയും നടി എവിടെയും സംസാരിച്ചിട്ടില്ല. സ്മിതയുടെ മരണസമയത്ത് പോലും കുടുംബത്തെക്കുറിച്ച് ഒരു വിവരവും പുറത്ത് വന്നതുമില്ല. ഇപ്പോഴിതാ ഇന്ത്യാഗ്ലിറ്റ്സ് തമിഴിന് നല്കിയ അഭിമുഖത്തില്‍ സില്‍ക് സ്മിതയെക്കുറിച്ച് സംസാരിക്കുകയാണ് നടിയുടെ ഒപ്പം നിരവധി സിനിമകള്‍ ചെയ്ത ഡിസ്കോ ശാന്തി. സില്‍ക് സ്മിത കരിയറില്‍ തിളങ്ങി നില്‍ക്കവെയാണ് ഐറ്റം ഡാൻസുകളിലൂടെ ഡിസ്കോ ശാന്തിയും ശ്രദ്ധ നേടുന്നത്. എല്ലാവരും കരുതുന്നത് പോലെ സില്‍ക് സ്മിത ദേഷ്യക്കാരിയായിരുന്നില്ലെന്ന് ഡിസ്കോ ശാന്തി പറയുന്നു.
തന്നോട് നിരവധി തവണ അവരുടെ ഭര്‍ത്താവിനെക്കുറിച്ചും മകനെയും മകളെയും കുറിച്ചും സംസാരിച്ചിട്ടുണ്ടെന്ന് ഡിസ്കോ ശാന്തി വെളിപ്പെടുത്തി. സില്‍ക്കിന് ഭര്‍ത്താവും മക്കളുമുണ്ടായിരുന്നോയെന്ന് അഭിമുഖത്തില്‍ ചോദ്യം വന്നപ്പോള്‍ സില്‍ക്കിന്റെ പങ്കാളിയായിരുന്ന ഡോക്ടര്‍ രാധാകൃഷ്ണനെക്കുറിച്ചും അദ്ദേഹത്തിന്റെ ആദ്യ ബന്ധത്തിലെ മക്കളെക്കുറിച്ചുമാണ് താൻ പറഞ്ഞതെന്ന് ഇവര്‍ വ്യക്തമാക്കി.
‘‘സാധാരണ ഗ്രാമത്തില്‍ നിന്ന് വന്ന പെണ്‍കുട്ടിയാണ് സില്‍ക്. വളരെ ചെറിയ പ്രായത്തിലല്ല സിനിമയിലേക്ക് വന്നത്. ഇരുപത് കഴിഞ്ഞിട്ടുണ്ട്. പക്ഷെ അവള് ആദ്യ സിനിമയ്ക്ക് ശേഷം തന്റെ സ്റ്റെെലില്‍ ഒരുപാട് മാറ്റം വരുത്തി. അവള് അഹങ്കാരിയാണെന്ന് പലരും പറയും. പക്ഷെ പാവമായിരുന്നു. ചെറിയ കുട്ടികളെ പോലെ. സില്‍ക് സ്മിത നിര്‍മ്മിച്ച മൂന്ന് സിനിമകളില്‍ ഞാൻ അഭിനയിച്ചിട്ടുണ്ട്. എന്നോട് വളരെ നന്നായി പെരുമാറി. എല്ലാ കാര്യങ്ങളും തുറന്ന് പറയാൻ സില്‍ക് മടിച്ചിട്ടില്ല...’’ ഡിസ്കോ ശാന്തി പറയുന്നു.
1996 ലാണ് സില്‍ക് സ്മിത ആത്മഹത്യ ചെയ്തത്. ഇതിന് കാരണമെന്തെന്ന് ഇന്നും വ്യക്തമല്ല. സിനിമാ രംഗത്ത് നിന്ന് സാമ്പത്തിക നഷ്ടം വന്നതാണ് നടിയെ ബാധിച്ചതെന്നും അടുപ്പക്കാര്‍ ചതിച്ചതാണ് കാരണമെന്നും അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. താരത്തിന്റെ ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തെങ്കിലും ഇത് ആത്മഹത്യയുടെ കാരണം കണ്ടെത്താൻ പൊലീസിന് ഉപകരിച്ചില്ല.
സില്‍ക് സ്മിതയെക്കുറിച്ച് പഴയകാല നടി അനുരാധ പറഞ്ഞ വാക്കുകളും നേരത്തെ ചര്‍ച്ചയായിരുന്നു. ‘‘ഒരു അത്യാവശ്യ കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് സില്‍ക് തന്നെ വീട്ടിലേക്ക് വിളിച്ചു. രാത്രിയായതിനാല്‍ രാവിലെ എത്താമെന്ന് താൻ പറഞ്ഞ് ഫോണ്‍ വെച്ചു. എന്നാല്‍ രാവിലെ സില്‍ക് സ്മിത മരിച്ചെന്ന വാര്‍ത്തയാണ് താൻ കേട്ടത്. സില്‍ക് സ്മിത തന്നോട് പറയാനിരുന്നതെന്ന് എന്താണെന്ന് അറിയാത്തതില്‍ ദുഃഖമുണ്ട്...’’ അനുരാധ അന്ന് പറഞ്ഞു.






