
കത്രീന കെയ്ഫും വിക്കി കൗശാലും തമ്മിലുള്ള വിവാഹം ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ഇവരുടെ വിശേഷങ്ങളറിയാന്‍ എപ്പോഴും പ്രേക്ഷകര്‍ക്ക് ആകാംക്ഷയാണ്. വിവാഹത്തിന് ശേഷം ഇൻസ്റ്റഗ്രാമില്‍ ഇരുവരും ഒരുമിച്ചുള്ള നിരവധി ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. വിക്കിയുടെ പിറന്നാള്‍ ദിനത്തില്‍ കത്രീന മനോഹരമായ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ ഇരുവരുടേയും ജീവിതത്തിലെ ചില രസകരമായ കാര്യങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് വിക്കി.
‘‘പറാത്ത കഴിക്കാൻ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാന്‍. പറാത്ത പാൻ കേക്കിനെ വിവാഹം ചെയ്തതു പോലെയായിരുന്നു ഞങ്ങളുടെ വിവാഹം. എനിക്ക് പറാത്ത ഇഷ്ടമുള്ളതുപോലെ അവള് പാൻ കേക്കിനെ സ്നേഹിക്കുന്നു. അവള്‍ക്ക് പറാത്തയും ഇഷ്ടമാണ്. പ്രത്യേകിച്ച് എന്റെ അമ്മ ഉണ്ടാക്കുന്നത്.
എല്ലാ ആഴ്ച്ചയും കത്രീന വീട്ടില്‍ നടത്തുന്ന മീറ്റിങ് വളരെ രസകരമായ അനുഭവമാണ്. അവള് മുഴുവൻ ജീവനക്കാരേയും വിളിച്ച് ബജറ്റ് ചര്‍ച്ച ചെയ്യും. പണം എങ്ങനെയെല്ലാം ചെലവഴിക്കുന്നു, എങ്ങനെയെല്ലാം ചെലവുകള്‍ വരുന്നു എന്ന കാര്യമെല്ലാം അവര്‍ ചര്‍ച്ച ചെയ്യും. അത് വലിയൊരു കാര്യമാണ്. ആ ചര്‍ച്ച ഞാൻ എപ്പോഴും ആസ്വദിക്കാറുണ്ട്. ആ സമയത്ത് ഞാൻ അതിലൊന്നും ഇടപെടാതെ കാണിയെപ്പോലെ കണ്ടുകൊണ്ടിരിക്കും.
കത്രീന കൈഫിനെ ഒരു മികച്ച അഭിനേത്രിയായിട്ടാണ് ഞാന്‍ വിലയിരുത്തുന്നത്. സ്വന്തമായി കഠിനധ്വാനം ചെയ്താണ് അവര്‍ ഇപ്പോഴത്തെ നിലയില്‍ എത്തിയത്. മികച്ച ഒരു നര്‍ത്തകി കൂടിയാണ് കത്രീന. എന്റെ ഒരു ഡാൻസ് റിഹേഴ്സലിന്റെ വീഡിയോ കത്രീനയെ കാണിച്ചപ്പോഴാണ് അത് മനസിലായത്. അതില്‍ 36,000 തെറ്റുകളാണ് കത്രീന കണ്ടെത്തിയത്...’’ ഒരു ചെറു ചിരിയോടെ വിക്കി കൂട്ടിച്ചേര്‍ത്തു.
വിക്കിയും കത്രീനയും തങ്ങളുടെ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത രാജസ്ഥാനിൽ നടന്ന വിവാഹ ചടങ്ങിലാണ് 2021 ഡിസംബറില്‍ ഇവര്‍ വിവാഹിതരായത്. അവരുടെ രാജകീയ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഇപ്പോഴും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.






