
കൊച്ചി: ക്ലാസില്‍ കയറാതെ കറങ്ങിനടന്നവര്‍ക്കും പരീക്ഷാഫലം വരുമ്പോള്‍ ‘ഹൈ ക്ലാസ് മാര്‍ക്ക്’ കിട്ടുന്നതിന്റെ ഗുട്ടന്‍സ് എന്താണ്? കുത്തിയിരുന്നു പഠിച്ച് പരീക്ഷയെഴുതിയവരെയും അമ്പരപ്പിക്കുന്ന ആ വിജയരഹസ്യമിതാണ്- സര്‍വകലാശാലകള്‍ കാലങ്ങളായി നല്‍കിവരുന്ന ഗ്രേസ് മാര്‍ക്ക്!
കലാ-കായികമത്സരങ്ങള്‍ക്കു സ്റ്റേജില്‍ കയറണമെന്നോ ഗ്രൗണ്ടില്‍ ഇറങ്ങണമെന്നോ നിര്‍ബന്ധമില്ല. ടീമില്‍ അംഗമായാല്‍ത്തന്നെ 2% മാര്‍ക്ക് ഫ്രീ! പ്രധാനമായും കുട്ടിനേതാക്കള്‍ക്കും അവരുടെ അനുയായികള്ക്കുമൊക്കെയാണ് ഈ ആനുകൂല്യം. തോറ്റവരെ ജയിപ്പിക്കുന്നതും കഷ്ടി ജയിച്ചവരെ ശതമാനക്കണക്കില്‍ മുന്നിലെത്തിക്കുന്നതും ഈ മാര്‍ക്ക് മഹാദാനം തന്നെ.
കലാ, കായികമത്സരവിജയികള്ക്കും എന്‍.എസ്.എസ്, എന്‍.സി.സി. സര്ട്ടിഫിക്കറ്റുള്ളവര്ക്കുമാണു സര്‍വകലാശാലകള്‍ പ്രത്യേകചട്ടപ്രകാരം ഗ്രേസ് മാര്‍ക്ക് അനുവദിക്കുന്നത്. ബിരുദതലത്തില്‍ നാഷണല്‍ സര്‍വീസ് സ്കീം (എന്‍.എസ്.എസ്) സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ആകെ സെമസ്റ്റര്‍ മാര്‍ക്കിന്റെ 2% അധികമായി ലഭിക്കും. ബിരുദത്തിനു രണ്ടും നാലും സെമസ്റ്ററില്‍ വിദ്യാര്‍ഥി താത്പര്യപ്പെടുന്ന പേപ്പറുകര്ക്കാണു ഗ്രേസ് മാര്‍ക്ക്. ബിരുദാനന്തരബിരുദത്തിനെങ്കില് രണ്ടാം സെമസ്റ്ററിനാണ് ഇതനുവദിക്കുക.
എന്‍.സി.സി. എ ഗ്രേഡ് സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ 3% മാര്‍ക്ക് കൂടുതല്‍ കിട്ടും. റിപ്പബ്ലിക്-സ്വാതന്ത്ര്യദിന പരേഡുകളില്‍ പങ്കെടുത്താല്‍ പിന്നെയും 3% കൂടുതല്‍. ഏതെങ്കിലും പേപ്പറിനു തോറ്റാലും പ്രശ്നമില്ല. ഗ്രേസ് മാര്‍ക്കില്‍ ജയിക്കാം. ആ വിഷയത്തിനു ജയിക്കാന്‍ വേണ്ടതിന്റെ ബാക്കി മാര്‍ക്ക് തുല്യമായി മറ്റ് പേപ്പറുകള്‍ക്കു നല്‍കും! ഇന്റര്‍ കോളജ് കായികമത്സരത്തിനുള്ള ടീമില്‍ അംഗമായാല്‍ മാത്രം മതി-2% മാര്‍ക്കാണ്.
കളിച്ചാല്‍ 3%, കളി ജയിച്ചാല്‍ 5%. എം.ജി. സര്‍വകലാശാല ഒരിക്കല്‍ കൊല്‍ക്കത്തയില്‍ നടക്കുന്ന ബേസ് ബോള്‍ മത്സരത്തിനു ടീം തെരഞ്ഞെടുത്തു. കളിക്കാന്‍ പോയില്ലെങ്കിലും ടീമില്‍ എല്ലാവര്ക്കും കൊടുത്തു നോണ്‍ പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റ്. ഒപ്പം 2% ഗ്രേസ് മാര്‍ക്കും.
കോളജ് തലത്തില്‍ ആറും ഏഴുമൊക്കെ സ്ഥാനത്തായാലും സര്‍വകലാശാല സെലക്ഷനില്‍ ടീമില്‍ ഇടംപിടിക്കുന്നവരും ധാരാളം. ഇന്റര്‍ കോളജ്, ഇന്റര്‍ യൂണിവേഴ്സിറ്റി കലോത്സവങ്ങളും ഗ്രേസ് മാര്‍ക്കിന്റെ ചാകരയാണ്. പലരും മത്സരത്തിനു പോകാറില്ല. ടീമില്‍ കയറാനാണു മത്സരം. കലാമത്സരത്തില്‍ ഒന്നാംസ്ഥാനമോ എ ഗ്രേഡോ കിട്ടിയാല്‍ 5% ഗ്രേസ് മാര്‍ക്കുണ്ട്. എ ഗ്രേഡില്ലാതെ രണ്ടാമതെത്തിയാല്‍ മൂന്നുശതമാനവും മൂന്നാംസ്ഥാനത്തെങ്കില് രണ്ടുശതമാനവുമാണു ഗ്രേസ് മാര്‍ക്ക്.
മറ്റൊരു സര്‍വകലാശാല കലോത്സവത്തില്‍ കവിതാപാരായണത്തിനു 200-ലേറെപ്പേര്‍ മത്സരിച്ചതില്‍ അറുപതിലേറെപ്പേര്ക്കും എ ഗ്രേഡ്. എല്ലാവര്ക്കും കിട്ടി 5% മാര്‍ക്ക് ! നൃത്തയിനങ്ങളില്‍ ഇത്തരക്കാര്‍ എത്തിനോക്കില്ല. കാരണം, വേഷഭൂഷാദികള്‍ വാങ്ങാനും മറ്റുമായി ചുരുങ്ങിയതു രണ്ടുലക്ഷം രൂപ മുടക്കണം. അതിനാല്‍ രചനാമത്സരങ്ങളിലാണു കൂട്ടപ്പൊരിച്ചില്‍.






