
പാകിസ്താനിലുണ്ടായ കനത്ത മഴയിലും കൊടുങ്കാറ്റിലും എട്ട് കുട്ടികളടക്കം 27 പേര് മരിച്ചു. മഴക്കെടുതിയില്‍ വന്‍ നാശനഷ്ടമുണ്ടായതായാണ് വിവരം. ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ നാല് ജില്ലകളിലാണ് ശനിയാഴ്ച കൊടുങ്കാറ്റ് നാശം വിതച്ചത്.
രണ്ടിനും പതിനൊന്നിനും ഇടയില്‍ പ്രായമുള്ള അഞ്ച് സഹോദരങ്ങള്‍ ഉള്‍പ്പെടെ 15 പേരാണ് ബന്നു ജില്ലയില്‍ മരിച്ചത്. 140-ലധികം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇവിടെ 200-ലധികം കന്നുകാലികള്‍ ചത്തതായും പ്രവിശ്യാ ദുരന്ത നിവാരണ അതോറിറ്റി വക്താവ് തൈമൂര്‍ അലി ഖാന് എഎഫ്പിയോട് പറഞ്ഞു. മഴക്കെടുതിയില്‍ നിരവധി വീടുകള്‍ തകര്‍ന്നതായാണ് വിവരം. മരങ്ങള്‍ കടപുഴകുകയും വൈദ്യുത തൂണുകള്‍ ഒടിഞ്ഞുവീഴുകയും ചെയ്തതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുസ്സഹമാണെന്ന് അധികൃതര്‍ അറിയിച്ചു. നാല് ജില്ലകളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഉണ്ടായ വെള്ളപ്പൊക്കത്തില്‍ രാജ്യത്തിന്റെ മൂന്നിലൊന്ന് ഭാഗവും വെള്ളത്തിനടിയിലായിരുന്നു.






