
പാലാ: കഴിഞ്ഞ ഒരു വര്‍ഷമായി പാലാ ഗവ. മൃഗാശുപത്രിയുടെ കാവലാളാണ് ഈ തെരുവ് നായ. ആരെയും അസമയങ്ങളില്‍ ഇവിടെ കേറ്റാതെ കാവല്‍ നില്ക്കും ജീവനക്കാര്‍ കുട്ട്റു എന്ന് പേരിട്ടുവിളിക്കുന്ന ഈ നായ.
ഒരു വര്‍ഷം മുമ്പ് വഴിയരുകില്‍ കാലൊടിഞ്ഞും മുറിവേറ്റും ദൈന്യാവസ്ഥയില്‍ കിടന്ന തെരുവുനായ്ക്കുട്ടിയെ അന്ന് കരുണ നിറഞ്ഞ നാട്ടുകാരായ ചിലര്‍ എടുത്ത് പാലാ മൃഗാശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
രണ്ട് കാലും ഒടിഞ്ഞു തകര്‍ന്ന് ദേഹമാസകലം മുറിവേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന നായ്ക്കുട്ടിയെ പാലാ മൃഗാശുപത്രിയിലെ ഡോ. സാജന്‍മോന്‍ ജെ. ആന്റണിയും ഡോ. രേവതി ഗിരീഷും ചേര്‍ന്ന് രണ്ട് മാസത്തോളം തുടര്‍ചികിത്സ കൊടുത്ത് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു.
ഡോ. രേവതി അന്ന് അവനൊരു പേരുമിട്ടു; കുട്ട്റുഒടിഞ്ഞ കൈകളില്‍ പ്ലാസ്റ്റര്‍ ഇട്ടിരിക്കുകയായിരുന്നു. മൂന്നുമാസംകൊണ്ട് എഴുന്നേറ്റിരിക്കാനായ കുട്ട്റു പിന്നീട് തന്റെ രണ്ടാം വീടായ മൃഗാശുപത്രി വിട്ടുപോകാന്‍ കൂട്ടാക്കിയില്ല. അന്ന് കുട്ട്റുവിനെ രക്ഷിച്ച പയപ്പാര്‍ സ്വദേശി പ്രദീപ് പ്രശാന്തും കൂട്ടുകാരും ഇടയ്ക്കിടെയ്ക്കുവന്ന് കുട്ട്റുവിന് ഇഷ്ടപ്പെട്ട ഭക്ഷണം വാങ്ങി കൊടുത്തുകൊണ്ടിരുന്നു.
കഴിഞ്ഞവര്‍ഷം ഗുരുതരാവസ്ഥയില്‍ തോരാമഴനനഞ്ഞ് വഴിയരുകില്‍ കിടന്ന കുട്ട്റുവിനെ പ്രദീപ് പ്രശാന്തും കൂട്ടുകാരും ചേര്‍ന്ന് പാലാ നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുടെ സഹകരണത്തോടെയാണ് മൃഗാശുപത്രിയില്‍ എത്തിച്ചത്.
എല്ലാറ്റിനും നേതൃത്വം കൊടുക്കാന്‍ നഗരസഭാ പ്രതിപക്ഷനേതാവ് പ്രഫ. സതീശ് ചൊള്ളാനിയും അന്നെത്തിയിരുന്നു.കഴിഞ്ഞ പത്തുമാസമായി ഡോ. സാജന്‍മോന്‍ ജെ. ആന്റണി വീട്ടില്‍നിന്നും രാവിലെ പോരുമ്പോള്‍ ഒരുപൊതി ചോറും മീന്‍കറിയും പ്രത്യേകമായി കരുതും. ഇത് നായ്ക്കുട്ടിക്കുള്ളതാണ്.
കുട്ട്റുവിനെ ഇത് തീറ്റുന്ന ചുമതല സന്തോഷപൂര്‍വ്വം ഏറ്റെടുത്തു മൃഗാശുപത്രിയിലെ ജീവനക്കാരി ബിജിമോള്‍. ജന്മനാ മൂകയായ ബിജിമോളുടെ ആംഗ്യചലനങ്ങള്‍ കുട്ട്റുവിനിന്ന് നല്ലവശമാണ്.
പുറത്തുനിന്ന് മറ്റാരെങ്കിലും കൊണ്ടുവരുന്ന ഒരു ഭക്ഷണവും കുട്ട്റു കഴിക്കില്ല. എന്നാല്‍ ബിജിമോള്‍ നിറുകയില്‍ തലോടി വായില്‍വച്ച് കൊടുത്താല്‍ ആ ഭക്ഷണവും കുട്ട്റുവിനിഷ്ടം.
െവെകിട്ട് മൃഗാശുപത്രി അടച്ച് ജീവനക്കാര്‍ പോകുമ്പോള്‍ കുട്ട്റുവിനെ അഴിച്ചുവിടും. പിറ്റേന്ന് രാവിലെ എട്ടുമണി വരെ മൃഗാശുപത്രിയിലും വളപ്പിലും അതീവജാഗ്രതയോടെ കാവലൊരുക്കും ഈ തെരുവുനായ.
രാവിലെ ബിജിമോള്‍ എത്തിയാലുടന്‍ ആശുപത്രി വളപ്പിലെ ഒരു മരക്കമ്പില്‍ നായയെ ചങ്ങലയ്ക്കിടും. ഏറ്റെടുത്ത് വളര്‍ത്താന്‍ താല്പര്യമുള്ളവരുണ്ടെങ്കില് നായയെ വിട്ടുകൊടുക്കാനും ആശുപത്രി ജീവനക്കാര്‍ തയ്യാറാണ്.






