
വ്ളോഗ് ചെയ്യുന്നതിനിടെ ബാംഗ്ലൂരില്‍ ഡച്ച് യൂട്യൂബര്‍ക്ക് മര്‍ദ്ദനം. ചിക്ക്പേട്ടിന് സമീപം വീഡിയോ ചിത്രീകരിക്കുകയായിരുന്ന ഡച്ച് പൗരനെ പ്രാദേശിക വ്യാപാരി കൈയേറ്റം ചെയ്യുകയായിരുന്നു. രണ്ട് മാസം മുമ്പ് നടന്ന സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 'പെഡ്രോ മോട്ട' എന്ന് പേരുള്ള യൂട്യൂബര്‍ ചിക്ക്പേട്ട് മാര്‍ക്കറ്റിലൂടെ സഞ്ചരിക്കുമ്പോഴാണ് സംഭവം. വിനോദസഞ്ചാരിയോട് മോശമായി പെരുമാറിയ വഴിയോരക്കച്ചവടക്കാരനെ അറസ്റ്റ് ചെയ്തതായും ബംാംഗ്ലൂര് പൊലീസ് പറഞ്ഞു.
തിരക്കേറിയ മാര്‍ക്കറ്റിലൂടെ കടന്നുപോകുമ്പോള്‍ യൂട്യൂബറെ ഒരു വഴിയോരക്കച്ചവടക്കാരന് തടഞ്ഞുനിര്‍ത്തുകയായിരുന്നു. യൂട്യൂബര്‍ അയാളോട് 'നമസ്തേ' പറഞ്ഞപ്പോള്‍ എന്ത് നമസ്തേ? ഇതെന്താണ്? - ഇങ്ങനെയാണ് കച്ചവടക്കാരന് യൂട്യൂബറോട് കയര്‍ത്തത്. അതിനു ശേഷം കൈയ്യില്‍ പിടിച്ചു വലിച്ചു. തന്റെ കൈ വിടാന്‍ യൂട്യൂബര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇയാള്‍ ഇത് ചെവികൊണ്ടിന്നില്ല. ''സര്, ദയവായി എന്റെ കൈ വിടാമോ?'' യൂട്യൂബര്‍ അപേക്ഷിച്ചിട്ടും പിടി വിടുന്നില്ലെന്നു മനസിലാക്കിയ യൂട്യൂബര്‍ ഇയാളുടെ കൈ തട്ടിമാറ്റി ഓടി രക്ഷപ്പെടുകയായിരുന്നു.
''ഇന്ത്യയിലെ കള്ളന്മാരുടെ വിപണിയില്‍ ആക്രമണം'' എന്ന തലക്കെട്ടോടെയാണ് പെഡ്രോ ഈ വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തത്. മൊത്തവ്യാപാര, ചില്ലറ വസ്ത്ര കടകള്‍ക്ക് പ്രശസ്തമാണ് ചിക്ക്പേട്ട്.






