
കണ്ണൂര്‍: മുഴപ്പിലങ്ങാട് തെരുവ് നായയുടെ കടിയേറ്റ് മരണമടഞ്ഞ നിഹാലിന്റെ ജനനേന്ദ്രിയത്തിലും വയറ്റിലും ഗുരുതരമുറിവുകള്‍ പറ്റി. വയറ്റിലും ഇടതുകാല് തുടയിലും ഏറ്റ ആഴത്തിലുള്ള മുറിവുകളായിരുന്നു മരണകാരണമായതെന്നാണ് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്. ഒരു നായയല്ല നായ്ക്കൂട്ടമാണ് കുട്ടിയെ ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ടിലെ സൂചനകള്‍. തലമുതല്‍ കാല്‍പ്പാദം വരെ കടിച്ചുകുടഞ്ഞതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
തുടയില്‍ മാംസം കടിച്ചുകീറി ആഴത്തിലുള്ള മുറിവാണ് കണ്ടെത്തിയത്. പുറത്തിറങ്ങി ഓടിയ നിഹാലിന് പിറകെ തെരുവുനായകള്‍ പാഞ്ഞടുക്കുകയും മുന്നൂറു മീറ്റര്‍ അകലെ ആള്‍പ്പാര്‍പ്പില്ലാത്ത വീടോരംവെച്ച് ആക്രമിക്കുകയുമായിരുന്നെന്നാണ് കരുതുന്നത്. ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെ സമീപത്തെ ആള്‍പ്പാര്‍പ്പില്ലാത്ത വീടിനോരത്ത് രക്തം വാര്‍ന്ന് ബോധരഹിതനായി കിടക്കുന്ന നിലയിലാണ് നിഹാലിനെ കണ്ടെത്തിയത്. ഓട്ടിസം ബാധിച്ച പതിനൊന്നുകാരന് നിഹാല്‍ നൗഷാദിന് സംസാരശേഷിയില്ലായിരുന്നു.
മറ്റുള്ള കുട്ടികളെ പോലെ പുറത്തിറങ്ങി ഓടിക്കളിക്കാന്‍ ഏറെ ഇഷ്ടമുള്ള പതിനൊന്ന്കാരന് നിഹാല്‍ തക്കം കിട്ടുമ്പോഴൊക്കെ പുറത്തേക്കോടും. വീട്ട് വാതില്‍ തുറന്ന് വീട്ടുകാര്‍ കാണാതെ ഓടിമറയുന്ന നിഹാലിനെ പരിസരവാസികള്‍ കണ്ടെത്തിയാണ് പലപ്പോഴും വീട്ടിലേല്പ്പിക്കാറ്. ഞായറാഴ്ച വൈകീട്ട് അഞ്ചു മണിയോടെ ഊഞ്ഞാലാടാന്‍ പുറത്തേക്കിറങ്ങിയശേഷം കാണാതായ നിഹാലിനെ തേടി വീട്ടുകാരും പരിസരവാസികളും ഏറെ തെരഞ്ഞിരുന്നു. ഈ സമയമത്രയും കരച്ചിലിലൂടെയെങ്കിലും തെരച്ചില്‍ സംഘത്തിന്റെ ശ്രദ്ധയില്പെടാന് നിഹാലിന് സാധിക്കുകമായിരുന്നില്ല.
വീട്ടുകാര്‍ പരിസരങ്ങളില്‍ നിഹാലിനെ തേടി നടക്കുമ്പോഴും തെരുവുനായകള്‍ കടിച്ചുകീറിയ ശരീരവും മാംസംകൊത്തിവലിക്കുന്ന വേദനയുമായി ശബ്ദിക്കാനാവാതെ സമീപത്തെ ആള്‍പ്പാര്‍പ്പില്ലാത്ത വീടോരം ചേര്‍ന്ന് മണ്ണില്‍ പുതഞ്ഞു കിടക്കുകയായിരുന്നു നിഹാല്‍. ബോധരഹിതനായി കണ്ടെത്തിയപ്പോള്‍ തന്നെ നിഹാലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മുഴുപ്പിലങ്ങാടും പരിസര പ്രദേശങ്ങളിലും മുമ്പും തെരുവുനായ ആക്രമണം ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തരമൊരു ദാരുണ സംഭവം ആദ്യമായാണ്. കുട്ടിയുടെ മരണത്തില്‍ കനത്ത ജനരോഷമാണ്. നിഹാലിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തിയ ജനപ്രതിനിധികളോട് ജനങ്ങള്‍ അത് പ്രകടിപ്പിച്ചു. മരണം തീരാവേദനയായതോടെ അധികൃതര്‍ ഉണര്‍ന്നു. ഇന്നലെ മുഴുപ്പിലങ്ങാട് പഞ്ചായത്തിലുടനീളം അധികൃതരെത്തി നായകളെ പിടികൂടി കണ്ണൂരിലെ വന്ദ്യംകരണ വിഭാഗത്തിലേക്ക് മാറ്റി. ബഹ്റൈനില്‍ ജോലി ചെയ്യുന്ന നൗഷാദിന്റെയും നുസീഫയുടെയും മകനാണ് നിഹാല്‍.






