
ആമസോണ്‍ കാട്ടിലെ 40 ദിവസങ്ങള്‍ക്ക് ശേഷം കൊളംബിയന്‍ സൈന്യം കുട്ടികളെ കണ്ടെത്തിയ സംഭവത്തില്‍ ഏറ്റവും ഇളയകുട്ടി ക്രിസ്റ്റീനയെ ജീവിതത്തിലേക്ക് വലിച്ചു കയറ്റിയതും ചേച്ചി ലെസ്ളി. വിമാനപകടത്തില്‍ പെട്ട് അമ്മയും പൈലറ്റും കൂടെയുണ്ടായിരുന്ന പ്രായമായ മൂന്നാമത്തെയാള്‍ക്കും ഇടയില്‍പെട്ടു കിടക്കുകയായിരുന്നു 11 മാസം പ്രായമുള്ള കുഞ്ഞു ക്രിസ്റ്റീനെ ലെസ്ളി ജീവിതത്തിലേക്ക് വലിച്ചുകയറ്റുകയായിരുന്നു എന്നാണ് മുത്തച്ഛന് നാര്സിയോ മുക്യുട്ടൂയി പറഞ്ഞത്.
വിമാനാപകടത്തിന് പിന്നാലെ മൃതദേഹങ്ങള്‍ക്ക് ഇടയില്‍ തന്റെ ഇളയ സഹോദരിയുടെ കാല്‍പ്പാദം ലെസ്ളിയുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. അവളെ വലിച്ചു പുറത്തെടുത്ത ലെസ്ളി പിന്നീട് തന്നോടൊപ്പം സംരക്ഷിച്ചു അതിജീവിപ്പിച്ചു. മെയ് 1 ന് പുലര്‍ച്ചെ ഏഴുപേരുമായി അരാരാകുവേറയില് നിന്നും സാന്‍ജോസ് ഡെല്‍ ഗുവാവിയേറയിലേക്ക് പോയ വിമാനം എഞ്ചിന് തകരാറിനെ തുടര്‍ന്നാണ് തകര്‍ന്നുവീണത്. പൈലറ്റും കുട്ടികളുടെ മാതാവും മറ്റൊരാളും മരണത്തിന് കീഴടങ്ങിയപ്പോള്‍ കുട്ടികള്‍ പൊരുതിനിന്നു.
മരണമുഖത്ത് നിന്നും രക്ഷാപ്രവര്‍ത്തകരെ കണ്ടപ്പോള്‍ ആദ്യം പ്രതികരിച്ചത് നാലുവയസ്സുകാരന് ടിയാനായിരുന്നു. തെരച്ചില്‍ സംഘം ആദ്യം കണ്ടെത്തിയതും ടിയാന് നോറില്‍ റാനോക്വ് മുക്യുട്ടൂയിയെ ആയിരുന്നു. കണ്ടപാടെ അവന് പറഞ്ഞു. ''എന്റെ അമ്മ മരിച്ചു.'' കുട്ടികളെ ഇത്രയും ദിവസം സംരക്ഷിച്ചു നിര്‍ത്തിയ മൂത്തവള്‍ 13 കാരി ലെസ്ലി ജേക്കബൊംബെയര് മുക്യൂട്ടൂയി പറഞ്ഞത് 'എനിക്ക് വിശക്കുന്നു.' എന്നായിരുന്നു.
ആശുപത്രിയില്‍ കിടന്നുകൊണ്ട് മാതാവിന്റെ അവസാന സമയത്തെക്കുറിച്ചും ലെസ്ളി പറഞ്ഞു. അവസാനത്തെ നാലുദിവസവും ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ മഗ്ദലീന മുക്യൂട്ടൂയി വളരെയധികം പോരാടി. രക്ഷപ്പെടില്ലെന്ന് ഉറപ്പായതോടെ തന്നെ ഉപേക്ഷിച്ച് സഹോദരങ്ങളുമായി രക്ഷപ്പെടാന്‍ ലെസ്ളിയോട് മാതാവ് പറഞ്ഞു. ഇളയകുട്ടികളെ സംരക്ഷിക്കണമെന്നും അമ്മ അവസാനമായി പറഞ്ഞേല്‍പ്പിച്ചു.
കുട്ടികളെ കാണാതായത് കൊളംബിയന്‍ സൈന്യത്തിന്റെ അസാധാരണമായ തെരച്ചില്‍ നടപടികളിലേക്കാണ് കാര്യങ്ങളെ കൊണ്ടുപോയത്. കൊളംബിയന്‍ സ്പെഷ്യല്‍ ഫോഴ്സ് ട്രൂപ്പിലെ 100 പേരും കാടുമായി ബന്ധമുള്ള 70 ഗോത്രവര്‍ഗ്ഗക്കാരുമാണ് നിബിഡവനത്തില്‍ തെരച്ചിലിന് ഇറങ്ങിയത്. പരമ്പരാഗതമായി കിട്ടിയ കാടിനെക്കുറിച്ചുള്ള അറിവും കാടിലെ ദുഷ്ക്കരമായ സാഹചര്യങ്ങളെ അതിജീവിക്കാന്‍ സഹായിക്കുന്ന ഗോത്ര ജീവിതരീതിയുമാണ് കുട്ടികളെ അതിജീവിക്കാന്‍ സഹായിച്ചത്.
വിമാനാപകടത്തിന് ശേഷം ദിവസങ്ങളോളം കുട്ടികള്‍ കപ്പയും മാങ്ങയും കഴിച്ചാണ് ജീവിച്ചത്. എന്നാല്‍ കൂടുതല്‍ ഭക്ഷണത്തിനും ജീവനോടെ നിലനില്ക്കാനും വേണ്ടിയുള്ള സുരക്ഷിത ഇടവും തേടിയായിരുന്നു പുറത്തുപോയത്. കുട്ടികളില്‍ പോഷകാഹാരക്കുറവ് കണ്ടെത്തിയെങ്കിലും സുബോധത്തോടെ തന്നെയാണ് കുട്ടികളെ കണ്ടെത്തിയതെന്ന് കൊളംബിയന്‍ മിലിട്ടറി സ്പെഷ്യല്‍ ഫോഴ്സ് വക്താവ് പെട്രോ ആര്നുള്ഫോ സാഞ്ചസ് സുവാരസ് പറയുന്നു.
കാടുമായി ബന്ധപ്പെട്ട് ഉണ്ടാകാവുന്ന അസുഖങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിച്ചത് ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് മാത്രം കിട്ടുന്ന രീതിയിലുള്ള പ്രതിരോധശേഷിയായിരുന്നു. എന്തു കഴിക്കണം എന്തു കഴിക്കരുത്, എവിടുന്ന് വെള്ളം കുടിക്കണം തുടങ്ങിയ അറിവുകളെല്ലാം കുട്ടികള്‍ക്ക് ഉണ്ടായിരുന്നു. പരിചയം ഇല്ലാത്തവര്‍ക്ക് ഒരിക്കലും ഇത്തരമൊരു വന്യമായ സാഹചര്യത്തെ അതിജീവിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






