
തൊടുപുഴ: പത്താം ക്ലാസ് വിജയിച്ചാല്‍ കുതിരപ്പവന്‍ വാങ്ങിത്തരാമെന്ന് അച്ഛനും അമ്മയും പറഞ്ഞപ്പോള്‍ ഇരട്ട സഹോദരങ്ങളായ അര്‍ജുനും അഭിഷേകും സ്വപ്നത്തില്‍പോലും കരുതിയില്ല സംഗതി കുതിരയുടെ രൂപത്തില്‍ യാതാര്ഥ്യമാകുമെന്ന്. എന്നാല്‍ പ്രതീക്ഷിച്ച പോലെ തന്നെ പത്താം ക്ലാസില്‍ ഇരുവരും വിജയം നേടിയതോടെയാണ് കുതിച്ചുപായും കുതിരയെത്തന്നെ മാതാപിതാക്കള്‍ സമ്മാനമായി വാങ്ങി നല്‍കിയത്.
മണക്കാട് കൂനംമാക്കില്‍ കെ.എസ്. ശ്രീകുമാറും ഭാര്യ രജിതയുമാണ് മക്കളായ അര്‍ജുനും അഭിഷേകിനും കുതിരയെ സമ്മാനമായി നല്‍കിയത്. കൂട്ടുകാരുടേയും നാട്ടുകാരുടേയുമൊക്കെ മുന്നില്‍ കുതിരപ്പുറത്തേറിയുള്ള സവാരിയും അതിന്റെ പരിചരണവുമാണ് ഇപ്പോള്‍ ഇരുവരുടേയും വിനോദം. കുട്ടിക്കാലം മുതല്‍ മിണ്ടാപ്രാണികളോട് വലിയ വാത്സല്യവും ഇഷ്ടവുമാണ് ഈ ഇരട്ട സഹോദരങ്ങള്‍ക്ക്.
മുയല്, കോഴി, ആട്, ലൗബേര്‍ഡ് തുടങ്ങിയവയെല്ലാം വീട്ടിലുണ്ടായിരുന്നു. കുട്ടികള്‍ 10-ാം ക്ലാസിലെത്തിയപ്പോള്‍ പക്ഷിമൃഗാദികളെ ഒഴിവാക്കി. പക്ഷേ ഇരുവരുടെയും കുതിരപ്രേമം കുറഞ്ഞിരുന്നില്ല. എസ്.എസ്.എല്‍.സി ജയിച്ചാല്‍ കുതിരയെ വാങ്ങിത്തരാമെന്ന് രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് വാക്കുനല്കി. അരിക്കുഴ ഗവ. സ്കൂളിലെ വിദ്യാര്‍ഥികളായ ഇരുവരും ജയിച്ചു. ഫലം വന്നതോടെ ശ്രീകുമാര്‍ കുതിരയ്ക്കായി അന്വേഷണം തുടങ്ങി.
രണ്ടാഴ്ചമുമ്പ് പാലക്കാട് തത്തമംഗലത്തെ ഗൗതമിന്റെ കുതിര ഫാമിലെത്തിയാണ് നാല് വയസുള്ള കുതിരയെ വാങ്ങിയത്. കൂലിപ്പണിക്കാരാണെങ്കിലും ഇരുവരും മക്കളുടെ ആഗ്രഹം സാധിച്ചുകൊടുത്തു. 1,10,000 രൂപയാണ് വില. കുട്ടികള്‍ക്കായി ചേര്‍ന്ന ചിട്ടിപിടിച്ചാണ് കുതിരയെ വാങ്ങാനുള്ള പണം കണ്ടെത്തിയത്. അര്‍ജുനും അഭിഷേകും തത്തമംഗലത്തെത്തി ഒരുദിവസം കൊണ്ട് തന്നെ കുതിരയെ മെരുക്കി വീട്ടിലെത്തിച്ചു. റാം എന്നാണവന്റെ പേര്. ഭക്ഷണത്തിനും മറ്റും നല്ലൊരു തുകവേണം.
പ്രത്യേക രീതിയിലുള്ള ഗോതമ്പ് തവിട്, മുതിര, പുല്ല് എന്നിവയാണ് ഭക്ഷണം. നല്ല ശുദ്ധജലം കുടിക്കാനും നല്‍കണം. മൂന്നുമാസത്തിലൊരിക്കല്‍ കുളമ്പിലെ ലാടം മാറണം. കിടന്നുറങ്ങാതിരിക്കാന്‍ പുഴുങ്ങിയ മുതിരയില്‍ കല്ലും മണലും കലര്‍ത്തിയാണ് നല്‍കുന്നത്. തങ്ങളുടെ ആഗ്രഹം സാധിച്ച് തന്നതിന് പ്ലസ്ടു പരീക്ഷയില്‍ ഉന്നതവിജയം നേടാമെന്ന് അച്ഛനും അമ്മയ്ക്കും വാക്കു നല്‍കിയിരിക്കുകയാണ് അര്‍ജുനും അഭിഷേകും.






