
കര്‍ണാടകയില്‍ പൗരത്വ നിയമഭേദഗതിക്കെതിരെ നാടകം അവതരിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരായ രാജ്യദ്രോഹക്കേസ് കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. 2020-ലാണ് ബീദറിലെ സ്കൂളില്‍ ഒരു പറ്റം
വിദ്യാര്‍ത്ഥികള്‍ പൗരത്വ നിയമത്തിനെതിരെ നാടകം അവതരിപ്പിച്ചത്. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചായിരുന്നു കുട്ടികളുടെ നാടകം അരങ്ങേറിയത്.
എ.ബി.വി.പി നേതാവായ നീലേഷ് രക്ഷാലയയാണ് നാടകത്തിനെതിരെ പരാതി നല്‍കിയത്. പരാതി നല്കി ദിവസങ്ങള്‍ക്കുള്ളില്‍ സെക്ഷന്‍ 504 (സമാധാനം തകര്‍ക്കല്‍), സെക്ഷന്‍ 505 (2) (സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്തല്‍), 124 (എ) (രാജ്യദ്രോഹക്കുറ്റം) തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി 2020 ജനുവരി 30-ന്
സ്കൂളിലെ പ്രധാന അധ്യാപികയെയും, ഒരു വിദ്യാര്‍ഥിനിയുടെ മാതാവിനെയും അറസ്റ്റ് ചെയ്തു.
ഇതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. പ്രധാനാദ്ധ്യാപികയ്ക്കും, കുട്ടിയുടെ മാതാവിനുമെതിരായ രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കില്ലെന്ന് ബിദര്‍ സെഷന്‍സ് കോടതി നേരത്തെ ഉത്തരവിടുകയുണ്ടായി. മാനേജ്മെന്റ് പ്രതിനിധി ഉള്‍പ്പെടെ നാല് പേര്‍ക്കെതിരായ രാജ്യദ്രോഹക്കുറ്റത്തിനെതിരെ കര്‍ണാടക ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് ഇന്ന് വിധി വന്നത്.






