സിഡ്നി: ഓസ്ട്രേലിയന്‍ പാര്‍ലമെന്റില്‍ ലൈംഗികാതിക്രമത്തിന് ഇരയായെന്ന് വെളിപ്പെടുത്തി വനിതാ അംഗം. സ്ത്രീകള്‍ക്ക് ജോലി ചെയ്യാന്‍ സുരക്ഷിത ഇടമല്ല പാര്‍ലമെന്റ് എന്നൂം അവര്‍ പറയുന്നു. സ്വതന്ത്ര അംഗമായ ലിഡിയ തോര്‍പെ ആണ് സെനറ്റിലെ പ്രസംഗത്തിനിടെ താന്‍ നേരിട്ട ദുരനുഭവം വ്യക്തമാക്കിയത്.
പടിക്കെട്ടുകളില്‍ വച്ച് പ്രമുഖരായ ചില പുരുഷന്മാര് തന്നെ അനുചിതമായി സ്പര്‍ശിച്ചുവെന്നും മോശമായി സംസാരിച്ചുവെന്നും അവര്‍ പറയുന്നു. സെനറ്റിലെ ഒരു സഹപ്രവര്ത്തകന് തന്നെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന ബുധനാഴ്ച ഇവര്‍ ആരോപിച്ചിരുന്നു. എന്നാല്‍ സെനറ്റില്‍ ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്ന് അവര്‍ക്ക് പരാമര്‍ശം പിന്‍വലിക്കേണ്ടിവന്നിരുന്നു.
എന്നാല്‍, വ്യാഴാഴ്ച കൂടുതല്‍ ശക്തമായി അവര്‍ ആരോപണവുമായി രംഗത്തെത്തി. ലിബറല്‍ പാര്‍ട്ടിയിലെ ഡേവിഡ് വാന്‍ തന്നെ ഉപദ്രവിച്ചുവെന്ന് അവര്‍ ആരോപിച്ചു. എന്നാല്‍ ഡേവിഡ് വാന്‍ ഇത് നിഷേധിച്ചു. ആരോപണം തികച്ചും അസത്യമാണെന്നും അതില്‍ താന്‍ തകര്‍ന്നുപോയെന്നും ഡേവിഡ് പ്രദേശിക മാധ്യമങ്ങളോട് പറഞ്ഞു.
ലിഡിയയുടെ ആരോപണത്തെ തുടര്‍ന്ന് ഡേവിഡിനെ ലിബറല്‍ പാര്‍ട്ടി സസ്പെന്റ് ചെയ്തിരുന്നു.
2021ലും ഓസ്ട്രേലിയന്‍ പാര്‍ലമെന്റില്‍ ലൈംഗികാരോപണം ഉയര്ന്നിരുന്ുന. ബ്രിട്ടാനി ഹിഗ്ഗിന്‍സ് ആണ് താന്‍ 2019 മാര്‍ച്ചില്‍ ഒരു മന്ത്രിയുടെ പാര്‍ലമെന്റിലെ ഓഫീസില്‍ ബലാത്സംഗത്തിന് ഇരയായെന്ന് ആരോപിച്ചുരുന്നു. അമിതമായി മദ്യം നല്കിയ ശേഷമാണ് പീഡനം. ആരോപണം നിഷേധിച്ച മന്ത്രി ബ്രിട്ടാനിക്കും റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ക്കുമെതിരെ മാനനഷ്ടക്കേസ് നല്‍കിയിരുന്നു.
പാര്‍ലമെന്റിലെ 63% അംഗങ്ങളും വനിതകളാണ്. മൂന്നില്‍ ഒരാള്‍ പല തരത്തിലുള്ള ലൈംഗികാതിക്രമത്തിന് ഇരയാകുന്നുവെന്നാണ് അന്ന് നടത്തിയ അന്വേഷണത്തില്‍ പുറത്തുവന്ന റിപ്പോര്‍ട്ട്.






