
തെരുവുനായ്ക്കളെ ക്രൂരമായി ആക്രമിച്ച ശേഷം അവയെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞ ആള് പോലീസ് പിടിയില്‍. ഹോഷിയാര്‍ സിംഗ് എന്ന വ്യക്തിയാണ് അറസ്റ്റിലായത്.ഗുരുഗ്രാമിലാണ് ഈ ക്രൂര സംഭവം അരങ്ങേറിയിരിക്കുന്നത്. ജൂണ്‍ ഒന്നിന് നടന്ന സംഭവത്തില്‍ മൃഗാവാകാശ പ്രവര്‍ത്തകനായ അനുഭവ് ശര്‍മ നല്കിയ പരാതിയിലാണ് പോലീസ് ഹോഷിയാര്‍ സിംഗിനെ അറസ്റ്റ് ചെയ്തത്.
റോഡിലൂടെ പോകുകയായിരുന്ന തെരുവുനായ്ക്കളെ ഹോഷിയാര്‍ സിംഗ് പിടിച്ച് വീട്ടില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുകയും വീടിന്റെ മുകള്‍ നിലയില്‍ നിന്ന് നായ്ക്കളെ റോഡിലേക്ക് വലിച്ചെറിഞ്ഞെന്നും ആണ് പരാതിയില്‍ പറയുന്നത്. നായ്ക്കളെ ആക്രമണത്തിനിരയാക്കിയ വീഡിയോ ദൃശ്യങ്ങള്‍ താന്‍ പൊലീസിന് സമര്‍പ്പിച്ചതായും മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ട് നായ്ക്കള്‍ക്ക് ആവശ്യമായ ചികിത്സ താന്‍ ഏര്‍പ്പെടുത്തിയെന്നും അനുഭവ് ശര്‍മ വ്യക്തമാക്കി.
ന്യൂ പാലം വിഹാര്‍ ഫേസ് 1 നിവാസിയായ സിംഗ് ഇതാദ്യമല്ല തെരുവ് നായ്ക്കളോട് ഇത്തരത്തില്‍ ക്രൂരമായി പെരുമാറുന്നത് എന്നാണ് ശര്‍മ്മയുടെ ആരോപണം. മെയ് മാസത്തില്‍ ഇയാള്‍ മറ്റ് രണ്ടു നായ്ക്കളെ കൊന്നിരുന്നതായും ശര്‍മ്മ പൊലീസിന് നല്കിയ പരാതിയില്‍ ആരോപിക്കുന്നുണ്ട്. ശര്‍മ്മ നല്കിയ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് ചൊവ്വാഴ്ചയാണ് സിംഗിനെതിരെ മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമത്തിലെ സെക്ഷന്‍ 11 (ഒരു മൃഗത്തെ അനാവശ്യ വേദനയ്ക്ക് വിധേയമാക്കല്‍) പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.






