
കോട്ടയം: അഞ്ചേരി ബേബി വധക്കേസില്‍ വിടുതല്‍ ഹര്‍ജി കോടതി തള്ളിയതിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവെയ്ക്കില്ലെന്ന് മന്ത്രി എംഎം മണി. കേസിനെ നിയമപരമായി തന്നെ നേരിടുമെന്നും മുകളിലുള്ള കോടതികളെ സമീപിക്കുമെന്നും മണി പ്രതികരിച്ചു. കേസില്‍ മണി സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി കോടതി തള്ളിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണവും വന്നത്. പ്രതിപക്ഷം പറഞ്ഞാലുടന്‍ രാജി വെയ്ക്കില്ലെന്നും തന്നെ മന്ത്രിയാക്കിയത് എല്‍ഡിഎഫ് ആണെന്നും ഇടതുപക്ഷം എടുക്കുന്ന തീരുമാനം എന്തായാലും അംഗീകരിക്കുമെന്നും വ്യക്തമാക്കി.
മന്ത്രിസ്ഥാനം രാജിവെയ്ക്കണമെന്ന പ്രതിപക്ഷത്തിന്റെ വെള്ളം വാങ്ങിവെച്ചാല്‍ മതി. മന്ത്രിയാകുന്നതും കേസുമായി ബന്ധമില്ല. കേസില്‍ വിധി തിരിച്ചടിയായത് ജഡ്ജിമാര്‍ നിയമം വ്യാഖ്യാനിക്കുന്നതിന്റെ കുഴപ്പമാണ്. കേസിനെ മുകളിലത്തെ കോടതികളില്‍ നേരിടും. ഈ കേസ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുണ്ടായ ഗൂഡാലോചനയുടെ ഭാഗമാണ്. രാഷ്ട്രീയമായ വെല്ലുവിളികളെ രാഷ്ട്രീയമായി തന്നെ നേരിടും. നിയമത്തെ നിയമപരമായും നേരിടും. കേസ് നടത്താന്‍ സര്‍ക്കാരിന്റെ ഒരു സഹായവും സ്വീകരിക്കില്ല. ഇതുവരെ കേസ് തനിയെയാണ് നടത്തിയത്. ഇനിയും ഒറ്റയ്ക്ക് തന്നെ കേസുമായി മുമ്പോട്ടു പോകുമെന്ന് മണി പറഞ്ഞു.
ഉമ്മന്‍ചാണ്ടിയുടെ കാലത്ത് ഉണ്ടായ കട്ടതും മോഷ്ടിച്ചതും പെണ്‍വാണിഭവുമായി ബന്ധപ്പെട്ടതുമായ രീതിയിലുള്ള കേസല്ല ഇതെന്നും പറഞ്ഞു. വിധി വന്നതിന് തൊട്ടുപിന്നാലെ എംഎം മണി മന്ത്രിസ്ഥാനം രാജി വെയ്ക്കണമെന്ന് കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ വിഎം സുധീരന് രമേശ് ചെന്നിത്തലയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പുറമേ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനും എംഎം മണി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ മണി രാജി വെയ്ക്കേണ്ട സാഹചര്യമില്ലെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയും പ്രതികരിച്ചു. അതേസമയം കേസില്‍ സര്‍ക്കാരോ സംസ്ഥാന നേതൃത്വമോ ഇതുവരെ പ്രതികരിച്ചിട്ടില്ല. കേസില്‍ മണിക്കൊപ്പം ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രനെയും സിഐടിയു നേതാവ് എ കെ ദാമോദരനെയും ്ര്രപതിപ്പട്ടികയില് ഉള്‍പ്പെടുത്താനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.






