
ചില കടകളില്‍ അമിതമായി ബില്‍ ഈടാക്കുന്നത് പതിവാണ്. ഇതിനെതിരെ പ്രതികരിയ്ക്കാന്‍ നിന്നാല്‍ വാദിയെ പ്രതിയാക്കും. അതുകൊണ്ടു തന്നെ സോഷ്യല്‍ സ്റ്റാറ്റസ് മാനിച്ച് പലരും പ്രതികരിയ്ക്കാറില്ല. എന്നാല്‍ കൃത്യമായി കാരണം പറഞ്ഞ് ഈടാക്കിയ അമിത ബില്ല് കണ്ട്് കണ്ണ് തള്ളി പോയ അനുഭവമാണ് ചൈനയിലെ ഒരു യുവതിയ്ക്ക് ഉണ്ടായിരിയ്ക്കുന്നത്.
സുഹൃത്തുക്കളോടൊപ്പം ഒന്നു ചില് ആവാന്‍ ഒരു വിഐപി ബൂത്ത് ബുക്ക് ചെയ്തതായിരുന്നു യുവതി. അവധി ദിവസം ഒന്നു ഉഷാറാക്കാനായി പബ്ബിലെത്തിയ യുവതി മദ്യമൊക്കെ കഴിച്ച് ബില്ല് കൊടുക്കാന്‍ നോക്കിയപ്പോഴാണ് കണ്ണ് തള്ളി പോയത്. ബില്ലില്‍ അധികമായി 300 യുവാന്‍ (ഏകദേശം 3400 രൂപ) എഴുതിയിട്ടുണ്ട്. അമിത ബില്ലിന്റെ കാരണം ആരാഞ്ഞപ്പോള്‍ പബ്ബില്‍ ഊര്‍ജസ്വലയായി നിക്കാത്തതിന് പിഴ ഈടാക്കിയതെന്നാണ് പബ്ബ് അധികൃധര്‍ പറഞ്ഞത്.
യുവതിയും പബ്ബ് അധികൃതരും തമ്മില്‍ ബില്ലിലെ അധിക തുകയെച്ചൊല്ലി തര്‍ക്കം രൂക്ഷമായി. താനിവിടുത്തെ കസ്റ്റമറാണെന്നും വൈബ് സെറ്റ് ചെയ്യുന്നത് തന്റെ പണിയല്ലെന്നും യുവതി പറഞ്ഞു. ഷെജിയാങ് പ്രവിശ്യയിലെ ഹാങ്ഷൗവിലെ ബൂം ഷേക്ക് ബാറിലാണ് സംഭവം.
അധികൃതരോട് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞ മറുപടി കേട്ട് യുവതിയുടെ തലചുറ്റിപ്പോയി. പബ്ബിലെ വൈബിന് സെറ്റാകാത്ത പെരുമാറ്റമായിരുന്നു അവരുടേതെന്നും വേണ്ടത്ര ഊര്ജസ്വലയായിരുന്നില്ലെന്നും വിശദീകരിച്ച് പിഴയായി ഈടാക്കിയതാണ്രേത ആ തുക.






