
ദില്ലി: സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ജൂണ്‍ 25 വരെയുള്ള എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കിയതായി ഗോ ഫസ്റ്റ് എയര്‍ലൈന്‍. ഫ്ലൈറ്റ് റദ്ദാക്കല്‍ മൂലം ഉണ്ടാകുന്ന അസൗകര്യത്തെത്തുടര്‍ന്ന് യാത്രക്കാരരോട് ക്ഷമ ചോദിച്ചതായി ഗോ ഫസ്റ്റ് ട്വീറ്റ് ചെയ്തു. ജൂണ്‍ 22 നകം സര്‍വ്വീസുകള്‍ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും റദ്ദാക്കല്‍ നീട്ടിയത് യാത്രക്കാരെ വളരെ ബുദ്ധിമുട്ടിലാക്കി. നേരത്തെ ജൂണ്‍ 24 വരെ വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. യാത്രാ തടസ്സം നേരിട്ടവര്‍ക്ക് ആവശ്യമായ സഹായം നല്‍കുമെന്നും, ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് മുഴുവന്‍ പണവും മടക്കി നല്‍കുമെന്നും, എയര്‍ലൈന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
മെയ് ആദ്യം എയര്‍ലൈന്‍ ഓപ്പറേറ്റര്‍ സ്വമേധയാ പാപ്പരത്തത്തിന് അപേക്ഷ നല്‍കിയിരുന്നു, അതിനുശേഷം പ്രവര്‍ത്തനങ്ങള്‍ സ്തംഭിക്കുകയായിരുന്നു. എന്നാല്‍ ഉടന്‍ തന്നെ പ്രതിസന്ധികള്‍ പരിഹരിക്കുമെന്നും പുനരുജ്ജീവനത്തിനായി അപേക്ഷ സമര്‍പ്പിച്ചുണ്ടെന്നും ഗോ ഫസ്റ്റ് വ്യക്തമാക്കി. ഉടന്‍ ബുക്കിംഗ് പുനരാരംഭിക്കാന്‍ കഴിയുമെന്നും ഗോ ഫസ്റ്റ് അറിയിച്ചു.
ജൂണ്‍ അവസാനത്തോടെ കാരിയറിന് ഫ്ലൈറ്റ് പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ കഴിയുമെന്നും നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ശൈലേന്ദ്ര അജ്മേരയെ ഗോ ഫസ്റ്റ് റെസല്യൂഷന്‍ പ്രൊഫഷണലായി നിയമിക്കുന്നതിന് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ അനുമതി നല്കിയ സാഹചര്യത്തിലാണ് സൂചന. ജൂണ്‍ അവസാനത്തോടെ പ്രതിദിന ഫ്ളൈറ്റുകളുടെ 94 ശതമാനവും പുനഃസ്ഥാപിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നതായാണ് നിലവിലെ റിപ്പോര്‍ട്ട്.






