ആലപ്പുഴ: എസ്എഫ്ഐ നേതവായിരുന്ന നിഖില്‍ തോമസിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ സിപിഎം ഏരിയ കമ്മറ്റിയംഗത്തെ ചോദ്യം ചെയ്യുന്നു. നിഖിലിന്റെ സുഹൃത്താണ് കായംകുളത്തെ ഈ പ്രദേശിക നേതാവ്. കരീലകുളങ്ങരയിലെ ലോ കോളജ് വിദ്യാര്‍ത്ഥിയായ എസ്എഫ്ഐ നേതാവും കസ്റ്റഡിയില്‍ ആയിട്ടുണ്ട്. ഇന്നലെ നിഖിലിന്റെ സുഹൃത്തായ ഒരു യുവ അഭിഭാഷകനെ ചോദ്യം ചെയ്തിരുന്നു.
നിഖില്‍ ഇപ്പോഴും ഒളിവിലാണ്. നിഖിലിന് വ്യാജ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കുന്നതിനു പിന്നില്‍ വലിയ സംഘം പ്രവര്‍ത്തിച്ചുവെന്നാണ് പോലീസ് നിഗമനം. ഇതിനു പിന്നിലുള്ളവരെ കണ്ടെത്താന്‍ നിഖിലിനെ കസ്റ്റഡിയില്‍ എടുക്കേണ്ടതുണ്ട്. നിഖില്‍ കേരളം വിട്ടുപോയിട്ടില്ലെന്നും സമീപ ജില്ലകളിലുണ്ടെന്നുമാണ് പോലീസിന്റെ വിവരം. അറസ്റ്റ് വൈകില്ലെന്നാണ് പോലീസ് നല്കുന്ന സൂചന.
അതിനിടെ, വ്യാജ സര്‍ട്ടിഫിക്കറ്റ് വിഷയത്തില്‍ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയംഗം കെ.എച്ച് ബാബുജാനെയും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയേയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും.






