കൊച്ചി: കണ്ണുര്‍ സര്‍വകലാശാല മലയാളം അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ പ്രിയ വര്‍ഗീസിന് ആശ്വാസമായി ഹൈക്കോടതി ഡിവിഷന് ബെഞ്ച് വിധി. പ്രിയയുടെ യോഗ്യതയ്ക്ക് ഗവേഷണ കാലയളവ് പരിഗണിക്കാനാവില്ലെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. റാങ്ക് ലിസ്റ്റ് പുനഃപരിശോധിക്കണമെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതും ഡിവിഷന് ബെഞ്ച് അസ്ഥിരപ്പെടുത്തി. എന്നാല്‍ യോഗ്യത കണക്കാക്കുന്നതില്‍ സിംഗിള്‍ ബെഞ്ചിന് തെറ്റുപറ്റിയെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രിയ വര്‍ഗീസ് ഡിവിഷന് ബെഞ്ചിനെ സമീപിച്ചത്. ഇത് അംഗീകാരിച്ചാണ് ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
കണ്ണൂര്‍ സര്‍വകലാശാല സെലക്ഷന് കമ്മിറ്റിയെ പരാതിക്കാരന് കക്ഷിയാക്കിയിട്ടില്ലെന്നും സെലക്ഷന് കമ്മിറ്റിയെ കേള്‍ക്കാതെയാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവെന്നും കക്ഷിയല്ലാത്ത സര്‍വകലാശാലയോട് ചട്ടം ഭേദഗതിക്ക് നിര്‍ദേശം നല്‍കിയെന്നും അപ്പീലില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെ ഡിവിഷന് ബെഞ്ച് നിശിതമായ വിമര്‍ശിച്ചുവെന്നും കേസിന്റെ കാലഘട്ടത്തില്‍ മാധ്യമങ്ങളില്‍ നടന്ന ചര്‍ച്ചയില്‍ ഹര്‍ജിക്കാരിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ഹര്‍ജിക്കാരിയുടെ വാദവും കോടതി അംഗീകരിച്ചുവെന്നും പ്രിയ വര്‍ഗീസിന്റെ അഭിഭാഷകനായ അരുണ്‍ കുമാര്‍ പറഞ്ഞു.
എന്നാല്‍ തന്റെ വാദം ഇപ്പോഴും പ്രസക്തമാണെന്ന് പ്രിയ വര്‍ഗീസിനെതിരായ ഹര്‍ജിക്കാരനായ ജോസഫ് സ്കറിയ പ്രതികരിച്ചു. വിധിയുടെ വിശദാംശങ്ങള്‍ അറിഞ്ഞശേഷം കൂടുതല്‍ പ്രതികരിക്കും. സുപ്രീം കോടതിയില്‍ അപ്പീല്‍ പോകണമെങ്കില്‍ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിന് എട്ട് വര്‍ഷത്തെ അധ്യാപക/ഗവേഷണ പരിചയം വേണമെന്നാണ് സര്‍വകലാശാല ചട്ടം. പ്രിയയ്ക്ക് 11 വര്‍ഷത്തിലേറെ സര്‍വീസുണ്ട്. ഇതിനിടെ രണ്ട് വര്‍ഷം സര്വീസിലിരിക്കേയാണ് പി.എച്ച്.ഡി ഗവേഷണം നടത്തിയതെന്നും അഭിഭാഷകന് വ്യക്തമാക്കി.






