
ഇന്ത്യന്‍ വിപണിയില്‍ പുതിയ സ്മാര്‍ട്ട് വാച്ചുമായി എത്തിയിരിയ്ക്കുകയാണ് ജനപ്രിയ വെയറബിള്‍ നിര്‍മ്മാതാക്കളായ ഫയര്‍ ബോള്‍ട്ട്. ഫയര്‍ ബോള്‍ട്ട് അള്‍ട്ടിമേറ്റ് എന്ന വാച്ചാണ് കമ്പനി ലോഞ്ച് ചെയ്തിരിക്കുന്നത്. 240x240 പിക്സല്‍ റെസല്യൂഷനോടുകൂടിയ വൃത്താകൃതിയിലുള്ള ഡിസ്പ്ലേയുമായിട്ടാണ് ഈ വാച്ച് വരുന്നത്. ഫയര്‍ ബോള്‍ട്ട് അള്‍ട്ടിമേറ്റ് സ്മാര്‍ട്ട് വാച്ചിന് 1,999 രൂപയാണ് വില, നിലവില്‍ ഔദ്യോഗിക ഫയര്‍-ബോള്‍ട്ട് വെബ്സൈറ്റിലൂടെ വാങ്ങാന്‍ ലഭ്യമാണ്. ലോഞ്ച് ഓഫറിന്റെ ഭാഗമായിട്ടാണ് വാച്ച് ഈ വിലയ്ക്ക് ലഭ്യമാകുന്നത്. ബ്ലാക്ക്, സില്‍വര്‍, ഗോള്‍ഡ് എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് ഫയര്‍ ബോള്‍ട്ട് അള്‍ട്ടിമേറ്റ് സ്മാര്‍ട്ട് വാച്ച് ലഭ്യമാകുന്നത്. വാച്ചിന്റെ ലെതര്‍ സ്ട്രാപ്പുള്ള വേരിയന്റിന് 1,799 രൂപയാണ് വില. കറുപ്പ്, തവിട്ട് നിറങ്ങളിലുള്ള സ്ട്രാപ്പുകളില്‍ വാച്ച് ലഭ്യമാകും.
വെള്ളവും പൊടിയും പ്രതിരോധിക്കുന്നതിനുള്ള ഐപി68 റേറ്റിങ്ങുമായാണ് വാച്ച് എത്തുന്നത്. സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കൊണ്ടാണ് ഫയര്‍ ബോള്‍ട്ട് അള്‍ട്ടിമേറ്റ് സ്മാര്‍ട്ട് വാച്ച് നിര്‍മ്മിച്ചിരിക്കുന്നത്. 1.39 ഇഞ്ച് ഡിസ്പ്ലേയാണ് വാച്ചിലുള്ളത്. 270mAh ബാറ്ററിയാണ് ഫയര്‍ ബോള്‍ട്ട് അള്‍ട്ടിമേറ്റ് വരുന്നത്. ഐഒഎസ്, ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണുകളില്‍ വാച്ച് കണക്റ്റ് ചെയ്ത് ഉപയോഗിക്കാം. ഫയര്‍ ബോള്‍ട്ട് അള്‍ട്ടിമേറ്റ് സ്മാര്‍ട്ട് വാച്ച് ബ്ലൂടൂത്ത് 5.0 കണക്റ്റിവിറ്റിയാണുള്ളത്. മികച്ച കോളിങ് എക്സ്പീരിയന്‍സിനായി മൈക്രോഫോണും സ്പീക്കറും നല്‍കിയിട്ടുണ്ട്. ഫോണ്‍ പോക്കറ്റില്‍ ഇരിക്കുമ്പോള്‍ തന്നെ കണക്റ്റ് ചെയ്ത ഫയര്‍ ബോള്‍ട്ട് അള്‍ട്ടിമേറ്റിലൂടെ വരുന്ന കോളുകള്‍ എടുക്കാനും കോളുകള്‍ വിളിക്കാനും സാധിക്കും. എസ്പിഒ2 ട്രാക്കിങ്, ഹാര്‍ട്ട്ബീറ്റ് മോണിറ്ററിങ്, സ്ത്രീകളുടെ ആരോഗ്യ ട്രാക്കിങ് എന്നിങ്ങനെയുള്ള ഹെല്‍ത്ത് ഫീച്ചറുകളുമായിട്ടാണ് സ്മാര്‍ട്ട് വാച്ച് വരുന്നത്. ഉറക്കവും സ്ത്രീകളുടെ ആര്‍ത്തവവും ട്രാക്ക് ചെയ്യാന്‍ ഈ വാച്ചിന് സാധിക്കും.
സൈക്ലിങ്, നീന്തല്‍ പോലുള്ള സ്പോര്‍ട്സ് ട്രാക്കിങ്ങിന്റെ വലിയൊരു നിരയും ഈ വാച്ചില്‍ ഫയര്‍ബോള്‍ട്ട് നല്‍കിയിട്ടുണ്ട്. ഫയര്‍ ബോള്‍ട്ട് അള്‍ട്ടിമേറ്റ് സ്മാര്‍ട്ട് വാച്ച് കണക്റ്റ് ചെയ്യുന്ന ഫോണില്‍ കമ്പാനിയന് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തുകൊണ്ട് ഫിറ്റ്നസുമായി ബന്ധപ്പെട്ട ഡാറ്റയും മറ്റ് വിവരങ്ങളും ട്രാക്ക് ചെയ്യാന്‍ സാധിക്കും. ആപ്പിലൂടെ തന്നെ വാച്ച് ഫെയ്സുകള്‍ മാറ്റാനുള്ള ഓപ്ഷനും ഫയര്‍ ബോള്‍ട്ട് നല്‍കിയിട്ടുണ്ട്. കണക്റ്റു ചെയ്ത സ്മാര്‍ട്ട്ഫോണില്‍ ഫോട്ടോയെടുക്കാന്‍ റിമോട്ട് കണ്ട്രോള്, മ്യൂസിക് കണ്ട്രോളുകള്, അലാറം ക്ലോക്ക്, ടൈമര്‍, സ്റ്റോപ്പ്വാച്ച്, കാലാവസ്ഥാ അലേര്‍ട്ടുകള്‍ എന്നിവയെല്ലാം ഫയര്‍ ബോള്‍ട്ട് അള്‍ട്ടിമേറ്റ് സ്മാര്‍ട്ട് വാച്ചിലുണ്ട്.






