
വില കുറഞ്ഞ ലാപ്ടോപ്പ് അവതരിപ്പിച്ച് ഫ്രഞ്ച് ഇലക്ട്രോണിക് ഗാഡ്ജറ്റ് നിര്‍മ്മാതാക്കളായ തോംസണ്‍. 20,000 രൂപയ്ക്ക് താഴെയുള്ള ലാപ്ടോപ്പുകളാണ് തോംസണ്‍ ഇപ്പോള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സഹസ്ര ഗ്രൂപ്പിന്റെ സഹകരണത്തോടെ പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച ലാപ്ടോപ്പുകളാണ് ഇവ. പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതിയുടെ ഗുണഭോക്താക്കളില്‍ പെടുന്ന ഗ്രൂപ്പാണ് സഹസ്ര. സഹസ്ര നിര്‍മ്മിച്ചിരിക്കുന്ന ആദ്യത്തെ ബഡ്ജറ്റ് ഫ്രണ്ട്ലി ലാപ്ടോപ്പ് കൂടിയാണിത്.
19,990 രൂപയ്ക്കാണ് പുതിയ ലാപ്ടോപ്പുകള് ഇവര്‍ അവതരിപ്പിച്ചിരിക്കുന്നത്. എന്‍ട്രി ലെവല്‍ സെഗ്മെന്റിലാണ് വിന്‍ഡോസ് 11ല്‍ റണ്ണാകുന്ന ഈ ലാപ്ടോപ്പുകള് എത്തുന്നത്. ഇന്ത്യയിലെ സാധാരണക്കാരായ ഉപയോക്താക്കള്‍ക്ക് ഇനി മുതല്‍ തോംസണിന്റെ സേവനം ലഭ്യമാകുന്നതാണെന്ന് തോംസണ്‍ കമ്പ്യൂട്ടിംഗ് ഗ്ലോബല്‍ ജനറല്‍ മാനേജര്‍ പിയറി ക്രാസ്നോവ്സ്കി പറഞ്ഞു. തോംസണിന്റെ പുതിയ ലാപ്ടോപ്പുകള് ജനുവരി മുതല്‍ വില്പനയ്ക്കെത്തുമെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റായ ആമസോണ്‍, ഫ്ലിപ്കാര്‍ട്ട് എന്നിവയിലൂടെ ആയിരിക്കും ഈ ലാപ്ടോപ്പുകള് ഓണ്‍ലൈനായി വാങ്ങാന്‍ സാധിക്കുക. ഇതിന് പുറമെ ഇതേ തീയതി മുതല്‍ ഓഫ്ലൈനായും ഇവ ലഭിക്കുന്നതായിരിക്കും.
ഒരു വര്‍ഷം കൊണ്ട് ഇത്തരത്തിലെ 100,000 യൂണിറ്റ് ലാപ്ടോപ്പുകളുടെ ഉത്പാദനമാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് സഹസ്ര ഗ്രൂപ്പിന്റെ സിഇഒ വരുണ്‍ മന്‍വാനി പറഞ്ഞു. അടുത്ത ആറ് വര്‍ഷത്തിനുള്ളില്‍ 250 കോടി രൂപ ചിലവ് വരുന്ന നിക്ഷേപങ്ങള്‍ നടത്താനാണ് സഹസ്യ ഗ്രൂപ്പ് പദ്ധതിയിടുന്നതെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനോടകം തന്നെ ഉത്തര്‍പ്രദേശിലെ ഭിവാഡിയില്‍ ഫാക്ടറിയുടെ നിര്‍മ്മാണത്തിനായി 50 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ നിരവധി ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നല്‍കാനുള്ള അവസരവും സഹസ്ര ഗ്രൂപ്പ് ഒരുക്കുമെന്നും വരുണ്‍ മന്‍വാനി പറഞ്ഞു.






