
സ്വതസിദ്ധമായ അഭിനയശൈലിയിലൂടെയും കരുത്തുറ്റ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകമനസ്സ് കീഴടക്കിയ താരമാണ് ഹരീഷ് പേരടി. തന്റെ അഭിപ്രായങ്ങള്‍ മുഖം നോക്കാതെ പറയുകയും സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശിക്കുകയും ചെയ്യാറുണ്ട് താരം. ഇപ്പോഴിതാ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ മുൻ എസ് എഫ് ഐ നേതാവ് കെ വിദ്യയുടെ അറസ്റ്റിനോട് പ്രതികരിച്ചിരിക്കുകയാണ് താരം. അറ്റലാന്റിക്ക് സമുദ്രത്തിന്റെ നിഗൂഢതകളില്‍ കാണാതായ അന്തര്‍വാഹിനിയെ കണ്ടെത്താൻ കഴിയാതെ അമേരിക്കയുടെയും കാനഡയുടെയും നേവിയും കോസ്റ്റ് ഗാര്‍ഡും ലോകത്തിന് മുന്നില്‍ തലതാഴ്ത്തി നില്‍ക്കുമ്പോഴും, എന്തിന് ആമസോണ്‍ കാടുകളില്‍ നിന്ന് നാല് കുട്ടികളെ കണ്ടെത്താൻ മാസങ്ങള്‍ എടുത്ത കൊളംബിയൻ സൈന്യം പോലും കേരളാ പൊലീസിന്റെ മുന്നില്‍ ഇന്ന് നാണം കെട്ടുവെന്നാണ് ഹരീഷ് പേരടി പരിഹാസരൂപേണ ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
‘‘അറ്റലാന്റിക്ക് സമുദ്രത്തിന്റെ നിഗൂഡതകളില്‍ കാണാതായ അന്തര്‍വാഹിനിയെ കണ്ടെത്താൻ കഴിയാതെ അമേരിക്കയുടെയും കാനഡയുടെയും നേവിയും കോസ്റ്റ് ഗാര്‍ഡും ലോകത്തിനു മുന്നില്‍ തലതാഴ്ത്തി നില്ക്കുമ്പോള്..എന്തിന് ആമസോണ്‍ കാടുകളില്‍നിന്ന് നാല് കുട്ടികളെ കണ്ടെത്താൻ മാസങ്ങള്‍ എടുത്ത കൊളംബിയൻ സൈന്യം പോലും കേരളാ പോലീസിന്റെ മുന്നില്‍ ഇന്ന് നാണം കെട്ടു...അറ്റലാന്റിക്ക് സമുദ്രത്തേക്കാള്‍ നിഗുഡതയുള്ള ആമസോണ്‍ കാടുകളെക്കാള്‍ വന്യമൃഗങ്ങളുള്ള മനുഷ്യവാസമില്ലാത്ത കോഴിക്കോട് ജില്ലയിലെ മേപ്പയൂരില്‍ നിന്ന് വെറും 16 ദിവസങ്ങള്‍കൊണ്ട് K.വിദ്യയെ കസ്റ്റഡിയില്‍ എടുത്തു...ഇത് കേരളാപോലീസിന്റെ കീരിടത്തിലെ പൊൻതൂവലാണ്..ലോകത്തിനുതന്നെ മാതൃകയാണ് എന്റെ നമ്പര്‍ വണ്‍ കേരളം...’’ എന്നാണ് താരം കുറിച്ചിരിക്കുന്നത്.
വ്യാജസര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ കേരള സര്‍ക്കാരിനെ പൊതുജനങ്ങളടക്കം പലരും വിമര്‍ശിക്കുന്നുണ്ട്. സാധാരണ ജനങ്ങളടക്കം പലരും സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ അഭിപ്രായം തുറന്നു രേഖപ്പെടുത്തുന്നുമുണ്ട്.






