
ലാബില്‍ വികസിപ്പിച്ച മാംസം വില്‍പ്പനക്കുള്ള അനുമതി നല്കി യുഎസ് അഗ്രികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റ്. ഗുഡ് മീറ്റ്, അപ്സൈഡ് ഫുഡ്സ് എന്നീ കമ്പനികള്‍ക്കാണ് ലാബില്‍ വികസിപ്പിച്ച മാംസം വില്ക്കാന് അനുമതി നല്‍കിയിരിക്കുന്നത്. മാംസം കന്നുകാലികളുടെ കോശങ്ങളില്‍ നിന്നാണ് ലാബില്‍ വികസിപ്പിച്ചെടുക്കുന്നത്. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് (എഫ്ഡിഎ) ഇത്തരത്തിലുള്ള മാംസം ഭക്ഷ്യ യോഗ്യമാണെന്ന് നേരത്തെ അറിയിച്ചിരുന്നു.
അപ്സൈഡ് സിഇഒ ഉമ വലേറ്റി അനുമതി ലഭിച്ചത് സ്വപ്ന സാക്ഷാത്കാരമാണെന്ന് റോയിട്ടേഴ്സിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. സിംഗപ്പൂരിനു ശേഷം ലാബില്‍ വികസിപ്പിച്ച മാംസം വില്ക്കാന് അനുമതി നല്കുന്ന രണ്ടാമത്തെ രാജ്യമാണ് അമേരിക്ക. ഇവര്‍ നിലവില്‍ ചിക്കനാണ് ലാബില്‍ വികസിപ്പിക്കുന്നത്. തുടക്കത്തില്‍ മാംസം ഫൈവ് സ്റ്റാര്‍ റെസ്റ്റോറന്റുകളില്‍ വിളമ്പാനാണ് ഉദ്ദേശിക്കുന്നത്. സാന്‍ഫ്രാന്‍സിസ്കോയിലെ ഷെഫ് ഡൊമിനിക് ക്രെന്നിന്റെ ഉടമസ്ഥതയിലുള്ള റസ്റ്റോറന്റിലാണ് ആദ്യം ലാബില്‍ വികസിപ്പിച്ച മാംസം വിളമ്പുകയെന്ന് അപ്സൈഡ് കമ്പനി അറിയിച്ചു. ഇതിനുശേഷം ഉല്പാദനവും വിപണനവും വ്യാപിപ്പിക്കും.
മാംസം മൃഗങ്ങളുടെ ടിഷ്യൂകളില്‍ നിന്നുള്ള സാമ്പിള്‍ സെല്ലുകള്‍ സ്വീകരിച്ചാണ് വികസിപ്പിക്കുന്നത്. അതിനാല്‍ തന്നെ ഇത്തരത്തിലുളള പ്രക്രിയയ്ക്ക് മൃഗത്തെ കൊല്ലുകയോ ഉപദ്രവിക്കുകയോ വേണ്ട. കോശങ്ങള്‍ മൃഗങ്ങളില്‍ നിന്ന് വേര്‍തിരിച്ച ശേഷം പിന്നീട് സജ്ജീകരിച്ച സംവിധാനത്തില്‍ വളര്‍ത്തുന്നു. കോശങ്ങള്‍ ആവശ്യമുള്ള സ്വഭാവസവിശേഷതകള്‍ കൈവരിച്ച ശേഷം ഇതിനെ സംസ്കരിച്ച് പാക്കേജു ചെയ്യും.
അപ്സൈഡ് ഫുഡ്സ് അതിന്റെ വെബ്സൈറ്റില്‍ ബിയര്‍ ഉണ്ടാക്കുന്നതിന് സമാനമാണിതെന്ന് വ്യക്തമാക്കുന്നു. കമ്പനി ഇത് മൃഗങ്ങളെ അറുക്കാതെ തന്നെ യഥാര്‍ത്ഥ മാംസം ഉല്പാദിപ്പിക്കാന് സഹായിക്കുമെന്ന് പറയുന്നു. ലോകത്തിലെ വനനശീകരണത്തിന്റെ 40 ശതമാനവും ബീഫ് ഉല്‍പ്പാദനം കാരണമാണ് സംഭവിക്കുന്നതെന്ന് ഔവര്‍ വേള്‍ഡ് ഇന്‍ ഡാറ്റ വ്യക്തമാക്കുന്നു. അതേസമയം ലാബില്‍ വികസിപ്പിച്ച മാംസത്തിന് യഥാര്‍ഥ മാംസത്തിന്റെ അതേ രുചിയും ഗുണവുമാണെന്ന് ഗുഡ് ഫുഡ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് ബ്രൂസ് ഫ്രീഡ്രിക്ക് പറഞ്ഞു.






